ഒറ്റ ഇടപാടിൽ 10,000 ഡോളറിലധികം പണമായി നൽകുന്നത് കുറ്റകരമാക്കുന്നതിനുള്ള നിയമനിർമാണം നടത്താനുള്ള പദ്ധതി 2018-19 ഫെഡറൽ ബജറ്റിലാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആദ്യം പ്രഖ്യാപിച്ചത്.
കള്ളപണമിടപാടുകൾക്ക് കടിഞ്ഞാണിടുക, നികുതി വെട്ടിപ്പ് തടയുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് നിയമം. ബിൽ ഈ വർഷം സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കും.
നിയമം നിലവിൽ വന്നാൽ സാധനങ്ങൾ വാങ്ങുന്നതിനും സേവനങ്ങൾ നടത്തുന്നതിനും പതിനായിരം ഡോളറിലധികം പണമായി ഇടപാടുകൾ നടത്തുന്നത് രണ്ട് വർഷം വരെ ജയിൽ ശിക്ഷയും $25,200 ഡോളർ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാകും. ഇതിൽ പണം നൽകുന്നയാളും സ്വീകരിക്കുന്നയാളും കുറ്റക്കാരാകുമെന്നതാണ് നിയമം.
ഇത്തരം സാമ്പത്തിക ഇടപാടുകൾ ചെക്കായോ ഇലക്ട്രോണിക്ക് ആയോ നടത്തണം. ABN ഉള്ള വാണിജ്യ സ്ഥാപനങ്ങൾക്കാണ് നിയമം ബാധകമാകുന്നത്. എന്നാൽ ABN ഇല്ലാത്ത വ്യക്തികൾ തമ്മിൽ നടത്തുന്ന ഇടപാടുകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇത് സംബന്ധിച്ച ബിൽ പാർലമെന്റിൽ പാസായാൽ 2020 ജനുവരി ഒന്നിന് നിയമം നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.
അതേസമയം, ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്. ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് വൺ നേഷൻ പാർട്ടി വ്യക്തമാക്കി.
കള്ളപ്പണം തടയാൻ സർക്കാർ നടപടി കൈക്കൊള്ളുന്നതിനോട് യോജിക്കുന്നുണ്ടെങ്കിലും ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുന്നതിനോട് ജോയിക്കാൻ കഴിയില്ലെന്ന് CPA ഓസ്‌ട്രേലിയയുടെ ഡോ ഗാരി ഫ്ലുഗ്രത് പറഞ്ഞു.
പുതിയ നിയമം നിലവിൽ വന്നാൽ ജനങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ ബാങ്കുകൾക്ക് കൂടുതൽ അധികാരം ലഭിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.
എന്നാൽ ലേബർ പാർട്ടി ബില്ലിനെ പിന്തുണയ്ക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
ഇത് സംബന്ധിച്ച ബിൽ സ്പ്രിംഗ് സിറ്റിംഗിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹൗസിങ് മന്ത്രിയും ആൻഡ് അസിസ്റ്റന്റ് ട്രെഷറർ മൈക്കിൾ സുക്കർ പറഞ്ഞു.
ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകളും വിശേഷങ്ങളുമറിയാൻ SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക