രാജ്യത്ത് കൊറോണവൈറസ് കേസുകൾ കുതിച്ചുയർന്നപ്പോഴാണ് അടിയന്തര സാഹചര്യത്തിൽ അല്ലാതെയുള്ള വിവിധ ശസ്ത്രക്രിയകൾക്ക് (ഇലക്ടീവ് ശസ്ത്രക്രിയ) വിലക്കേർപ്പെടുത്തിയത്.
രോഗബാധ രൂക്ഷമായാൽ ആശുപത്രികൾ കൂടുതൽ സജ്ജമായിരിക്കുന്നതിനു വേണ്ടിയായിരുന്നു അത്.
എന്നാൽ, ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ മാസ്കുകളും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ലഭ്യമാകുകയും വൈറസ് ബാധ കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, ഈ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ ദേശീയ ക്യാബിനറ്റ് തീരുമാനിച്ചു.
അടുത്തയാഴ്ച മുതലാകും ഘട്ടം ഘട്ടമായി ഇളവു നൽകി തുടങ്ങുന്നത്.
കാറ്റഗറി രണ്ടിൽപ്പെടുന്നന ഇലക്ടീവ് ശസ്ത്രക്രിയകൾ, കാറ്റഗറി മൂന്നിൽപ്പെടുന്ന ചില ശസ്ത്രക്രിയകൾ എന്നിവയ്ക്കാണ് ഇളവ് നൽകുന്നത്.

ശസ്ത്രക്രിയകൾക്ക് ഇളവു നൽകിയെങ്കിലും മറ്റ് നിയന്ത്രണങ്ങളിലൊന്നും ഇളവ് പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോഴുള്ള ജാഗ്രതയും സാമൂഹിക അകലം പാലിക്കലും തുടർന്നാൽ മാത്രമേ സാധാരണ സ്ഥിതിയിലേക്കുള്ള തിരിച്ചുപോക്ക് എളുപ്പത്തിലാക്കാൻ കഴിയൂ എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
IVF, ഡെന്റൽ ശസ്ത്രക്രിയ, സന്ധി മാറ്റിവയ്ക്കൽ, തിമിരശസ്ത്രക്രിയ, അർബുദ ചികിത്സക്കു ശേഷമുള്ള ബ്രെസ്റ്റ് റീകൺസ്ട്രക്ഷൻ, ഓർത്തോപീഡിക് ശസ്ത്രക്രിയകൾ എന്നിവയെല്ലാം വീണ്ടും തുടങ്ങുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
18 വയസിൽ താഴെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള ശസ്ത്രക്രിയകളും എൻഡോസ്കോപ്പി, കോളനോസ്കോപ്പി തുടങ്ങിയവും വീണ്ടും നടത്തിത്തുടങ്ങും.
ഇത്തരം ശസ്ത്രക്രിയകൾ ആവശ്യമുള്ളവരുടെ 25 ശതമാനം പേർക്കാണ് ആദ്യം ഇത് തുടങ്ങുക. ഇത് കൂടുതൽ വിപുലമാക്കാമോ എന്ന കാര്യം മേയ് 11ന് ദേശീയ ക്യാബിനറ്റ് വീണ്ടും പരിശോധിക്കും.
സാധാരണരീതിയിലേക്കുള്ള തിരിച്ചുപോക്കിൽ ഇത് മറ്റൊരു ചുവടുവയ്പ്പാണെന്ന് പ്രധാനമന്ത്രിയും ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ടും പറഞ്ഞു.

എന്നാൽ ഇപ്പോഴുള്ള പ്രതിരോധ പദ്ധതികൾ അതുപോലെ തുടരണം. പദ്ധതികൾ ഫലം കാണുന്നു എന്നാണ് തെളിയുന്നത്. അത് ജീവൻ രക്ഷിക്കുന്നുണ്ട്. അതിനാൽ അവ പാലിക്കേണ്ടത് ഏറ്റവും അനിവാര്യമാണെന്നും പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും വ്യക്തമാക്കി.
കഴിഞ്ഞ ഒമ്പതു ദിവസവും രാജ്യത്ത് രോഗബാധ കൂടുന്ന നിരക്ക് ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി നോക്കിയാൽ അത് അര ശതമാനത്തിലും കുറവാണ്.
ഇത് മികച്ച നേട്ടമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
എന്നാൽ, രോഗബാധ പിടിച്ചുനിർത്തിയ ശേഷം വീണ്ടും രൂക്ഷമായ സിംഗപ്പൂരിലെ സാഹചര്യം മറക്കരുതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
People in Australia must stay at least 1.5 metres away from others and gatherings are limited to two people unless you are with your family or household.
If you believe you may have contracted the virus, call your doctor (don’t visit) or contact the national Coronavirus Health Information Hotline on 1800 020 080. If you are struggling to breathe or experiencing a medical emergency, call 000.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.

