ആര്‍ക്ക് ഓസ്‌ട്രേലിയന്‍ പൗരനാകാം?
ഓസ്‌ട്രേലിയന്‍ പൗരത്വം ലഭിക്കാന്‍ വേണ്ട അടിസ്ഥാന യോഗ്യതകള്‍ ഇവയാണ്.
- നാലു വര്‍ഷം തുടര്‍ച്ചയായി ഓസ്‌ട്രേലിയയില്‍ താമസിച്ചിരിക്കണം.
- ഇതില്‍ ഒരു വര്‍ഷം പെര്‍മനന്റ് റെസിഡന്‍സി വിസയിലായിരിക്കണം.
- ഓസ്‌ട്രേലിയന്‍ നിയമങ്ങളും മൂല്യങ്ങളും പാലിച്ചിരിക്കണം.
- പൗരത്വ പരീക്ഷ പാസാകണം
- പൊലീസ് ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള സ്വഭാവ പരിശോധനപാസാകണം
കുടിയേറിയെത്തുന്നവര്‍ക്ക് പൗരത്വം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് ഇവ. പൗരത്വം ലഭിക്കാവുന്ന മറ്റു സാഹചര്യങ്ങള്‍ ഇവയാണ്.
- അച്ഛനമ്മമാരില്‍ ഒരാളെങ്കിലും ഓസ്‌ട്രേലിയന്‍ പൗരനോ പെര്‍മനന്റ് റെസിഡന്റോ ആണെങ്കില്‍ ഓസ്‌ട്രേലിയയില്‍ ജനിക്കുന്ന കുട്ടിക്ക് പൗരത്വം കിട്ടും
- അച്ഛനമ്മമാരില്‍ ഒരാളെങ്കിലും ഓസ്‌ട്രേലിയന്‍ പൗരനാണെങ്കില്‍ വിദേശത്ത് ജനിക്കുന്ന കുട്ടികള്‍ക്കും പൗരത്വം കിട്ടും. എന്നാല്‍ അച്ഛനമ്മമാര്‍ രണ്ടു പേരും പെര്‍മനന്റ് റെസിഡന്‍സി വിസയിലാണെങ്കില്‍ വിദേശത്ത് ജനിക്കുന്ന കുട്ടിക്ക് പൗരത്വം ലഭിക്കില്ല. ഈ കുട്ടിയുടെ പെര്‍മനന്റ് റെസിഡന്‍സിക്കായി പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം.
- ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളയാളുടെ ജീവിത പങ്കാളിക്കും നേരിട്ട് പൗരത്വം ലഭിക്കില്ല. പൗരത്വം ലഭിക്കുന്നതിന് ആവശ്യമായ മറ്റെല്ലാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം.
കൂടുതല്‍ വിശദാംശങ്ങള്‍ക്ക് homeaffairs.gov.au വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
എപ്പോള്‍ വേണമെങ്കിലും ഓസ്‌ട്രേലിയയിലെത്താം
പെര്‍മനന്റ് റെസിഡന്‍സി വിസയുള്ളവര്‍ക്ക് എത്ര കാലം വേണമെങ്കിലും ഓസ്‌ട്രേലിയയില്‍ ജീവിക്കാന്‍ കഴിയും. പക്ഷേ വിദേശത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും റെസിഡന്റ് റിട്ടേണ്‍ വിസ എടുക്കേണ്ടതുണ്ട്.

റെസിഡന്റ് റിട്ടേണ്‍ വിസ എടുക്കണമെങ്കില്‍ ഓരോ അഞ്ച്ു വര്‍ഷത്തിലും നിശ്ചിത വര്‍ഷങ്ങള്‍ ഓസ്‌ട്രേലിയയില്‍ തന്നെ ജീവിച്ചിരിക്കണം എന്നും വ്യവസ്ഥയുണ്ട്. അതായത്, മൂന്നോ നാലോ വര്‍ഷം വിദേശത്ത് ജീവിച്ചുകഴിഞ്ഞ് റെസിഡന്റ് റിട്ടേണ്‍ വിസക്ക് അപേക്ഷിക്കാന്‍ കഴിയില്ല.
ഓസ്ട്രേലിയൻ പൗരത്വമെടുത്താൽ ഇന്ത്യയിൽ എന്തെല്ലാം അവകാശങ്ങൾ നഷ്ടമാകും എന്നറിയാമോ?
എന്നാല്‍ പൗരത്വം നേടിക്കഴിഞ്ഞാല്‍ പിന്നെ ഈ പ്രശ്‌നമില്ല. എപ്പോള്‍ വേണമെങ്കിലും വിദേശ സന്ദര്‍ശനം നടത്താനും തിരികെ ഓസ്‌ട്രേലിയയിലേക്കെത്താനും കഴിയും. എത്ര കാലം വിദേശത്ത് ജീവിച്ചാലും തിരികെ ഓസ്‌ട്രേലിയയിലെത്താനുള്ള അവകാശമുണ്ടാകും.
ഓസ്‌ട്രേലിയയിലേക്ക് എത്തുമ്പോഴും മുന്‍ഗണനയുണ്ട്. ഇമിഗ്രേഷന്‍ കൗണ്ടറിലെ നീണ്ട ക്യൂ ഒഴിവാക്കാം. ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് അറൈവല്‍സ് സ്മാര്‍ട്ട് ഗേറ്റ് സംവിധാനം ഉപയോഗിച്ച് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
വിദേശത്തായിരിക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സഹായം
ലോകത്തെവിടെയുമുള്ള ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്ക് ഓസ്‌ട്രേലിയന്‍ വിദേശകാര്യവകുപ്പ് (DFAT) കോണ്‍സുലാര്‍ സഹായം ഉറപ്പുവരുത്തും.
വിദേശത്തായിരിക്കുമ്പോള്‍ അപകടങ്ങളോ മറ്റു അപ്രതീക്ഷിത പ്രതിസന്ധികളോ നേരിടുകയാണെങ്കില്‍ ആ രാജ്യത്തെ ഓസ്‌ട്രേലിയന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്.
കേരളത്തിലെ പ്രളയസമയത്ത് ചെന്നൈ ഓസ്‌ട്രേലിയന്‍ കോണ്‍സുലേറ്റ് കേരള സര്‍ക്കാരുമായി ബന്ധപ്പെടുകയും ഓസ്‌ട്രേലിയന്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. പ്രളയത്തില്‍ അകപ്പെടുകയാണെങ്കില്‍ കോണ്‍സുലേറ്റിനെ ബന്ധപ്പെടണം എന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിരുന്നു.
കൊവിഡ് പ്രതിസന്ധിക്കിടെയും പൗരൻമാർക്ക് തിരിച്ചെത്താനുള്ള വിമാനടിക്കറ്റ് ചെലവ് ഉൾപ്പെടെ ഓസ്ട്രേലിയൻ സർക്കാർ നൽകിയിരുന്നു.
വിദേശത്തുള്ളവര്‍ക്ക് 24 മണിക്കൂറും അടിയന്തര കോണ്‍സുലാര്‍ സേവനം ഉറപ്പു വരുത്തുന്നതിന് DFAT യുടെ കീഴില്‍ പ്രത്യേക Consular Emergeny Centre പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ സെന്ററിന്റെ സേവനം ലഭിക്കാവുന്ന സാഹചര്യങ്ങള്‍ ഇവയാണ്.
- വിദേശത്തുവച്ച് അപകടത്തില്‍പ്പെടുകയോ, ഗുരുതരമായ രോഗബാധയുണ്ടാവുകയോ ചെയ്താല്‍, അല്ലെങ്കില്‍ ആശുപത്രിയിലായാല്‍.
- വിദേശരാജ്യത്തു വച്ച് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായാല്‍
- വിദേശരാജ്യത്ത് നിങ്ങള്‍ അറസ്റ്റിലായാല്‍. ആ രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ്. പക്ഷേ നിങ്ങള്‍ക്ക് നിയമസഹായം ലഭിക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഉറപ്പാക്കും.
- യുദ്ധം, പ്രകൃതിദുരന്തം, കലാപങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങള്‍
- നിങ്ങളുടെ പാസ്‌പോര്‍ട്ട് മോഷണം പോകുകയോ നഷ്ടമാകുകയോ ചെയ്താല്‍. (ഫീസ് ബാധകമായിരിക്കും)
- ഏറ്റവും അടിയന്തര സാഹചര്യങ്ങളില്‍ ചെറിയ തുക വായ്പയായി നല്‍കുകയും ചെയ്യും.
- ആവശ്യമായ സാഹചര്യങ്ങളില്‍ സമീപിക്കാവുന്ന ഡോക്ടര്‍മാരുടെയും, അഭിഭാഷകരുടെയും, വിവര്‍ത്തകരുടെയും വിവരങ്ങള്‍ നല്‍കുക
അതേസമയം, വിദേശ രാജ്യങ്ങളില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇടപെടുന്നതില്‍ വ്യക്തമായ നിയന്ത്രണങ്ങളും പരിധികളുമുണ്ട്. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ DFAT യില്‍ നിന്ന് ലഭിക്കും.
സര്‍ക്കാരിലും സൈന്യത്തിലും ജോലി
PR വിസയുള്ളവര്‍ക്ക് ഓസ്‌ട്രേലിയയിലെ ഭൂരിഭാഗം ജോലികള്‍ക്കും അപേക്ഷിക്കാന്‍ കഴിയും. എന്നാല്‍ ചില ജോലികള്‍ക്ക് പൗരത്വം നിര്‍ബന്ധമാണ്.
അതില്‍ ചില ജോലികള്‍ ഇവയാണ്:
- ഓസ്‌ട്രേലിയന്‍ സൈന്യം
- ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്
- ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ്
- വിദേശകാര്യ-വാണിജ്യ വകുപ്പ് (DFAT)

നിങ്ങള്‍ക്ക് ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയാകാം!
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമാകാന്‍ പൗരത്വം അനിവാര്യമാണ്. വോട്ടു ചെയ്യുക മാത്രമല്ല, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്യാം.
18 വയസു തികഞ്ഞ എല്ലാ ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്കും വോട്ടവകാശമുണ്ട്. അവകാശമുണ്ട് എന്നല്ല, മറിച്ച് വോട്ടു ചെയ്യുന്നത് നിയമപരമായി പൗരന്‍മാരുടെ ബാധ്യതയാണ്.
വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും വോട്ടു ചെയ്തില്ലെങ്കില്‍ പിഴ നല്‍കേണ്ടിവരും.
ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളവര്‍ക്ക് പ്രാദേശിക തെരഞ്ഞെടുപ്പുകളിലും ഫെഡറല്‍ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ കഴിയും. അതിനുള്ള മാനദണ്ഡങ്ങള്‍ ഇവിടെയറിയാം.
ഇത് വായിക്കുന്ന ഒരാള്‍ നാളെ ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയായാലും അത്ഭുതപ്പെടേണ്ടതില്ല. കാരണം ഏതു പ്രായത്തിലും, ഏതു തൊഴില്‍മേഖലയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്താനും, ഉന്നത സ്ഥാനങ്ങളിലേക്ക് വളരാനും അവസരം നല്‍കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ.
180ലേറെ രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളിലൊന്നാണ് ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ട്.
180ലേറെ രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ, ഓണ്‍ അറൈവല്‍ വിസയിലൂടെയോ യാത്ര ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്ക് കഴിയും.
വിസയെടുക്കാതെ യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങള്‍ ഇവയാണ്.
വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ സാമ്പത്തികസഹായം
ഉന്നതവിദ്യാഭ്യാസത്തിന് ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്ക് ഫീസിളവും വിദ്യാഭ്യാസ വായ്പകളും ഉള്‍പ്പെടെയുള്ള നിരവധി സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കും. HECS-HELP ലോണ്‍ അതിലൊന്നാണ്.
കോമണ്‍വെല്‍ത്ത് സപ്പോര്‍ട്ടഡ് പ്ലേസ് ആനുകൂല്യത്തോടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടക്കുന്നതിനുള്ള സഹായമാണ് HECS-HELP ലോണ്‍.
ഈ ലോണ്‍ കിട്ടണമെങ്കില്‍ യൂണിവേഴ്‌സിറ്റികള്‍ മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങളും പാലിച്ചിരിക്കണം.
HECS-HELP ലോണ്‍ ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഇവയാണ്.
നാടുകടത്തില്ല
ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടാല്‍ പെര്‍മനന്റ് റെസിഡന്‍സി വിസയിലുള്ളവരെ അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചയക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് അധികാരമുണ്ട്.
ഇത്തരത്തില്‍ നാടുകടത്തുന്ന സാഹചര്യങ്ങള്‍ ഇവയാണ്:
- ഏതെങ്കിലും കേസില്‍ 12 മാസത്തിനു മേല്‍ തടവുശിക്ഷ നേരിടുക
- രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന വിലയിരുത്തലുണ്ടാവുക
- സ്വഭാവ പരിശോധനയില്‍ പരാജയപ്പെടുക
ഇത്തരത്തില്‍ നാടുകടത്തുന്നതിനായി ഒരു ക്രിമിനല്‍ ഡീപ്പോര്‍ട്ടേഷന്‍ നയം തന്നെയുണ്ട്.
ഇരട്ടപൗരത്വമുള്ള ഒരാള്‍ രാജ്യത്തിന് ഭീഷണിയാണെന്ന് തെളിഞ്ഞാല്‍ അയാളുടെ ഓസ്‌ട്രേലിയന്‍ പൗരത്വം റദ്ദാക്കാനും കഴിയും.
എന്നാല്‍ ഓസ്‌ട്രേലിയന്‍ പൗരത്വം മാത്രമുള്ള ഒരാളെ ഇത്തരം സാഹചര്യങ്ങളില്‍ നാടുകടത്തില്ല.
കൂടുതൽ ആസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക

