മെൽബണിലുള്ള ഇന്ത്യൻ വംശജനായ ഡഗ്ലസ് ഡെറിക് യൂസ്റ്റേസ് എന്ന 44 കാരനാണ് ഇക്കഴിഞ്ഞ ഓസ്ട്രേലിയ ദിനത്തിൽ ഭാര്യയെ കുത്തികൊലപ്പെടുത്തിയത്. ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയ സന്ദർശിക്കാനായി എത്തിയ ഡഗ്ലസ്, മേരി ഫ്രീമാൻ എന്ന 41 കാരിയോട് പ്രണയാഭ്യർത്ഥന നടത്തുകയും തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇവര്‍ വിവാഹിതരാവുകയും ചെയ്തു.
2017 ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കാമെന്ന ലക്ഷ്യത്തോടെയാണ് ഡഗ്ലസ് മേരിയെ വിവാഹം കഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹം നടന്ന് മൂന്ന് മാസത്തിന് ശേഷം 2018 ജനുവരി 26ന് മെൽബണിലെ വീട്ടിൽ വച്ച് ഡഗ്ലസ് ഭാര്യയെ കൊലപ്പെടുത്തി എന്നാണ് കേസ്.

Source: Mary
ഓസ്ട്രേലിയ ദിന പാര്‍ട്ടിക്കിടെ മദ്യപിച്ച് കിടപ്പുമുറിയിലെത്തിയ ഡഗ്ലസ് അവിടെ വച്ച് ഭാര്യയുമായി തർക്കത്തിലേർപ്പെടുകയും ഇതേതുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് കോടതി കണ്ടെത്തി.
കൊലനടത്തിയ ശേഷം നേരിട്ട് ഡാൻഡിനോങ് പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കുറ്റം ഏറ്റുപറഞ്ഞിരുന്നു.

Source: Douglas
സിഗരറ്റ് വലിച്ചുകൊണ്ട് ലാഘവത്തോടെ ഇയാൾ പൊലീസ് സ്റ്റേഷനിലേക്ക് നടന്നു വരികയായിരുന്നുവെന്ന് കോടതി രേഖകൾ പറയുന്നു.
ഭാര്യയെ ഇനിയും സഹിക്കാൻ കഴിയില്ലായിരുന്നുവെന്നും അതിനാൽ അവളെ കൊന്നുവെന്നും പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നവരോട് ഡഗ്ലസ് പറഞ്ഞതായാണ് സാക്ഷികൾ മൊഴികൾ.
വിവാഹ ദിവസം മേരി ഏറെ ദുഖിതയായിരുന്നുവെന്ന് മേരിയുടെ സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞിരുന്നു. ഡഗ്ലസ്സുമായുള്ള ബന്ധത്തിൽ സന്തോഷവതിയല്ലെന്നും ഇയാൾക്ക് പെര്മനെന്റ് റെസിഡൻസി വിസ ലഭിച്ചു കഴിഞ്ഞാൽ ബന്ധം ഉപേക്ഷിക്കുമെന്നും മേരി പറഞ്ഞതായി ഇവരുടെ സുഹൃത്ത് പൊലീസിനെ അറിയിച്ചു.
തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുറ്റം സമ്മതിക്കുന്നു എന്നാണ് ഡഗ്ലസ് അറിയിച്ചത്. ഇയാളുടെ ശിക്ഷ തീരുമാനിക്കുന്നതിനുള്ള വാദം ഡിസംബര്‍ 12ന് നടക്കും.