ഇംഗ്ലണ്ടിലെ നിയമമനുസരിച്ചു ഗോമൂത്രം ഭക്ഷണമായി ഉപയോഗിക്കാൻ സാധ്യമല്ല. അതുകൊണ്ടു തന്നെ ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്ന സ്ഥലങ്ങളിൽ ഇവ വിൽക്കാൻ പാടില്ല എന്ന് ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവൺമെന്റൽ ഹെൽത്ത് താക്കീത് നൽകി.
പൂജയ്‌ക്ക് ഉപയോഗിക്കാൻ എന്ന പേരിലാണ് ഗോമൂത്ര വിൽപ്പനയെങ്കിലും, ചില കടകളിൽ ഭക്ഷണവസ്തുവായ നാൻ ബ്രെഡ് വച്ചിരിക്കുന്ന അതേ സ്ഥലത്താണ് ഇതുമുള്ളത്.
ഭക്തിവേദാന്ത മാനർ എന്ന ഹരേ കൃഷണ ക്ഷേത്രത്തിലെ പശുവളർത്തൽ കേന്ദ്രത്തിൽ നിന്ന് ഗോമൂത്രം വിൽപ്പനയ്ക്കായി എത്തുന്നുണ്ടെന്നും ബി ബി സി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത് പുതിയ കാര്യമല്ലെന്നും, വർഷങ്ങളായി ഗോമൂത്രം വിൽക്കുന്നുണ്ടെന്നും മാനേജിങ് ഡയറക്ടർ ഗൗരി ദാസ് വ്യക്തമാക്കി.
ഗോമൂത്രം പൂജയ്ക്കും മറ്റു വിശേഷ അവസരങ്ങളിലും ഉപയോഗിക്കാറുണ്ടെന്നും , ആഹാര പദാർത്ഥമായല്ല തങ്ങൾ വിൽക്കുന്നതെന്നുമാണ് കടയുടമകളുടെ വിശദീകരണം.
മൃഗങ്ങളിൽ നിന്നുള്ള ഇത്തരം ഉത്പന്നങ്ങൾ വിൽക്കുമ്പോൾ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്നും , അല്ലാത്ത പക്ഷം അവ വിൽക്കരുത് എന്നുമാണ് ഔദ്യോഗിക വ്യവസ്ഥ. ഭക്ഷണ പദാർത്ഥങ്ങൾക്കൊപ്പമുള്ള ഗോമൂത്ര വിൽപന പൂർണമായി ഒഴിവാക്കണമെന്നും ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവൺമെന്റൽ ഹെൽത്ത് ആവശ്യപെട്ടു.