മെൽബന്റെ കിഴക്കൻ പ്രദേശത്ത് നിന്നുള്ള നിരവധി പേരാണ് ഈ തട്ടിപ്പിനിരയായത്.
നികുതി കുടിശ്ശിക ഉണ്ടെന്നും ഇത് അടയ്ക്കണമെന്നും പറഞ്ഞാണ് തട്ടിപ്പുകാര്‍ ആളുകളെ ബന്ധപ്പെടുന്നത്. ഈ വലയില്‍ വീഴുന്നവരോട് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും ബെബ്രൂക്കിലുള്ള ബിറ്റ്‌കോയിന്‍ ATM ല്‍ അത് നിക്ഷേപിക്കാനുമാണ് ആവശ്യപ്പെടുന്നത്.
മെൽബണിലുള്ള ചുരുക്കം ബിറ്കോയിൻ ATM കളിൽ ഒന്നാണ് ബ്രെയ്‌ബ്രൂക്കിലേത്.
ഒരു പ്രത്യേക കോഡ് നല്‍കിയ ശേഷം അതിലേക്ക് ബിറ്റ്‌കോയിന്‍ ATM വഴി പണം നിക്ഷേപിക്കാനാണ് ആവശ്യപ്പെടുന്നത്. പണം നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്യും.
ഇത്തരത്തിൽ തട്ടിപ്പിനിരയായ നാലു പേർ പൊലീസിനെ സമീപിച്ചതായി വിക്ടോറിയ പൊലിസ് അറിയിച്ചു.
തട്ടിപ്പിന് ഇരായായവർക്ക് ഏതാണ്ട് 50,000 ത്തോളം ഡോളർ നഷ്ടപ്പെട്ടതായി പൊലിസ് വെളിപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അന്വേഷണം നടത്തിവരികയാണ്. ഇത്തരത്തിൽ ഇരയായവരോ ഫോൺ കോളുകൾ ലഭിക്കുന്നവരോ എത്രയും വേഗം പോലിസിനെ ബന്ധപ്പെടണമെന്ന് മെരിബിർണോങ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ആക്ടിങ് ഡിറ്റക്ടീവ് സെർജെന്റ് കാതറിൻ ലേഹ്പാമർ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിനെ ബന്ധപ്പെടേണ്ടതാണ്.