സിഡ്നി വെൻറ് വർത്ത് വില്ലിലെ ബ്ലൂമൂൺ റെസ്റ്റോറന്റിന് എതിരെയാണ് ഫെഡറൽ കോടതി വിധി.
2013 മുതൽ 2016 വരെ ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരന് നിയമപ്രകാരമുള്ള ശമ്പളം നൽകിയില്ല എന്ന് ചൂണ്ടിക്കാട്ടി ഫെയർ വർക് ഓംബുഡ്സ്മാൻ കഴിഞ്ഞ വർഷം നിയമനടപടികൾ തുടങ്ങിയിരുന്നു.
ജീവനക്കാരന് ശമ്പളയിനത്തിൽ നൽകേണ്ടിയിരുന്ന ഒന്നര ലക്ഷത്തോളം ഡോളർ നൽകിയില്ല എന്നായിരുന്നു കേസ്.
തൊഴിൽ നിയമങ്ങൾ ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന്, റെസ്റ്റോറന്റ് ഉടമകളായിരുന്ന രേഖ തക്കടിയൽ ജോസഫ് 63,600 ഡോളറും, ജിജോ തിരുവങ്കാവിൽ ഇസഹാക് 55,600 ഡോളറുമാണ് പിഴയടക്കേണ്ടത്.
ആകെ 1,19,200 ഡോളർ ഇവർ പിഴയായി നൽകണം.
“ശമ്പളം കുറച്ചു നൽകി; നൽകിയത് തിരിച്ചുവാങ്ങി”
ഇന്ത്യയിൽ നിന്ന് തൊഴിൽ വിസയിൽ സ്പോൺസർ ചെയ്തുകൊണ്ടുവന്ന ജീവനക്കാരന് ശമ്പളം കുറച്ചു നൽകി എന്നാണ് തെളിഞ്ഞിരിക്കുന്നത്.
വർഷം 54,000 ഡോളർ ശമ്പളം നൽകാം എന്ന കരാറിലാണ് ഇയാളെ സ്പോൺസർ ചെയ്തത്.
ഈ ജീവനക്കാരന്റെ പേരിൽ രേഖ ജോസഫ് ബാങ്ക് അക്കൗണ്ട് തുടങ്ങുകയും, കരാർ പ്രകാരം രണ്ടാഴ്ചയിൽ 1,600 ഡോളർ വീതം ശമ്പളയിനത്തിൽ നിക്ഷേപിക്കുകയും ചെയ്തു.
എന്നാൽ രേഖ ജോസഫും, ജിജോ ഇസഹാക്കുമാണ് ഈ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുകയും പണം പിൻവലിക്കുകയും ചെയ്തതെന്ന് കോടതി കണ്ടെത്തി.
അക്കൗണ്ടിലെ പണം പിൻവലിച്ച ശേഷം, ജീവനക്കാരന് ആഴ്ചയിൽ 400 മുതൽ 450 ഡോളർ വരെ പണമായി (ക്യാഷ് ഇൻ ഹാൻഡ്) നൽകുമായിരുന്നു.
ദിവസം 12 മണിക്കൂർ വരെ, ആഴ്ചയിൽ ആറു ദിവസം വീതം ജോലി ചെയ്യുമായിരുന്നുവെന്നും, ഓവർടൈം വേതനമോ, അവധി ദിവസങ്ങളിലെ പെനാൽട്ടി നിരക്കോ ഒന്നും നൽകിയില്ലായിരുന്നുവെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.
റെസ്റ്റോറന്റ് ഉടമകൾക്ക് ഒപ്പം തന്നെയായിരുന്നു ഈ ജീവനക്കാരനും താമസിച്ചിരുന്നത്.
ആകെ 1,53,352 ഡോളർ ശമ്പളയിനത്തിൽ കുറച്ചു നൽകി എന്നാണ് കണ്ടെത്തൽ.
ആസൂത്രിതമായി, വർഷങ്ങൾ നീണ്ടു നിന്ന ചൂഷണമാണ് ഉണ്ടായതെന്നും, സ്വന്തം സമൂഹത്തിൽ തന്നെയുള്ള ഒരാളെ ഇങ്ങനെ ചൂഷണം ചെയ്തത് ഞെട്ടിക്കുന്ന സംഭവമാണെന്നും ഫെഡറൽ കോടതി ജഡ്ജി ഡഗ്ലാസ് ഹംഫ്രെയ്സ് ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ശമ്പളയിനത്തിൽ ഈ ജീവനക്കാരന് നൽകാനുണ്ടായിരുന്ന കുടിശ്ശിക, പലിശ ഉൾപ്പെടെ ഈ ഓഗസ്റ്റിൽ തിരിച്ചു നൽകിയതായി ഫെയർ വർക്സ് ഓംബുഡ്സ്മാൻ അറിയിച്ചു.
തൊഴിൽ വിസകളിൽ വരുന്നവർക്കും ഓസ്ട്രേലിയയിൽ എല്ലാ അവകാശങ്ങളും ലഭിക്കുമെന്നും, ചൂഷണം നേരിടുന്നവർ ഫെയർ വർക് ഓംബുഡ്സ്മാനെ സമീപിക്കണമെന്നും, ഓംബുഡ്സ്മാൻ സാന്ദ്ര പാർക്കർ പറഞ്ഞു.