ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ ഡിസംബർ മുതലാണ് പകർച്ചവ്യാധിയായ കൊറോണവൈറസ് പടർന്നു പിടിച്ചത്.
ശ്വാസകോശത്തെ ബാധിക്കുന്ന ഈ പകർച്ചവ്യാധി ആഗോളതലത്തിൽ ഭീതിപടർത്തിയിരിക്കുകയാണ്. രോഗം ബാധിച്ച് ചൈനയിൽ ഇതുവരെ ഒമ്പത് പേർ മരണമടഞ്ഞിട്ടുണ്ട്. കൂടാതെ 13 ചൈനീസ് പ്രവിശ്യകളിലായി 440 പേരിലും രോഗം ബാധിച്ചതായി ചൈനീസ് നാഷണൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു.
വിവിധ ഏഷ്യൻ രാജ്യങ്ങളിലേക്കും പടർന്ന രോഗം ഇപ്പോൾ 300ലേറെ പേരെ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതേത്തുടർന്ന് വുഹാൻ സന്ദർശിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ മുന്നറിയിപ്പ് നൽകി.
ഇതിനിടെ ചൈന സന്ദർശിച്ച ശേഷം ഓസ്‌ട്രേലിയയിലേക്ക് എത്തിയ ബ്രിസ്‌ബൈനിലുള്ള ഒരാൾക്ക് രോഗബാധയുണ്ടെന്ന് അധികൃതർ സംശയിച്ചിരുന്നു. കൊറോണവൈറസിന്റെ ലക്ഷണങ്ങൾ കാണിച്ച ഇയാളെ ചൊവ്വാഴ്ച പരിശോധനകൾക്ക് വിധേയനാക്കുകയും മാറ്റിപ്പാർപ്പിക്കുയും ചെയ്തിരുന്നു.
അധികൃതരുടെ നിരീക്ഷണത്തിലായിരുന്ന ഇയാളിൽ ഇപ്പോൾ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെന്ന് ക്വീൻസ്ലാൻറ് ആരോഗ്യ വകുപ്പ് അറിയിച്ചു.
അതിനാൽ ഇയാൾ പൊതുസമൂഹത്തിന് ആശങ്കയ്ക്ക് വക നൽകുന്നില്ലെന്നും ഇയാളെ വിട്ടയച്ചതായും ക്വീൻസ്ലാൻറ് ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു.
ഇയാളുടെ പരിശോധനകളുടെ ഫലം വരും ദിവസങ്ങളിൽ അറിയുമെന്നുമാണ് റിപ്പോർട്ടുകൾ.
നിരവധി ഓസ്‌ട്രേലിയക്കാരെ കൊറോണവൈറസിനുള്ള പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്. എന്നാൽ ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഫെഡറൽ ആരോഗ്യ മന്ത്രി ഗ്രെഗ് ഹന്റ് പറഞ്ഞു.
കൊറോണവൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിൽ ആരോഗ്യ പരിശോധന കർശനമാക്കിയിട്ടുണ്ട്.
ചൈനയിൽ നിന്നും, പ്രത്യേകിച്ച് രോഗം പടർന്ന വുഹാനിൽ നിന്നും രാജ്യത്തേക്കെത്തുന്ന വിമാനയാത്രക്കാരെ പരിശോധിക്കാൻ വിമാനത്താവളങ്ങളിൽ ബയോസുരക്ഷാ നടപടികൾ ശക്തമാക്കി.
ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും വിമാനത്താവളങ്ങളിലും മറ്റും ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും സ്കോട്ട് മോറിസൺ പറഞ്ഞു.
ആഴ്ചയിൽ വുഹാനിൽ നിന്ന് മൂന്ന് വിമാനങ്ങൾ എത്തുന്ന സിഡ്നി വിമാനത്താവളത്തിൽ ബയോസുരക്ഷാ അധികൃതർ പരിശോധനകൾ നടത്തുന്നുണ്ട്.
ഹോംഗ് കോംഗ് ക്യാതെ പസിഫിക് വിമാനത്തിലെ ജോലിക്കാർ വിമാനയാത്രക്കിടെ മാസ്ക് ധരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്
വിവിധ ഏഷ്യൻ രാജ്യങ്ങൾക്ക് പുറമെ അമേരിക്കയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വാഷിംഗ്ടണിലുള്ള ആൾക്കാണ് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.
2002-2003 കാലയളവിൽ ചൈനയിൽ പടർന്നു പിടിച്ച SARS വൈറസിന് സമാനമായ വൈറസ് ആണെന്നാണ് വിലയിരുത്തൽ. SARS വൈറസ് ബാധിച്ച് അന്ന് 800 പേരാണ് ആഗോളതലത്തിൽ മരണമടഞ്ഞത്.