വീടുകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും, അടിസ്ഥാന സൗകര്യമേഖലയുടെ വികസനത്തിനും പ്രാധാന്യം കൊടുക്കുന്ന ബജറ്റാണ് സ്കോട്ട് മോറിസൻ അവതരിപ്പിച്ചത്. അതേസമയം, ഭൂരിഭാഗം പേരുടെയും നികുതി വർദ്ധിപ്പിക്കാനും, യൂണിവേഴ്സിറ്റി ഫീസ് കൂട്ടാനുമുള്ള തീരുമാനം സാധാരണക്കാർക്ക് തിരിച്ചടിയാകും.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്.
നികുതി കൂടും
ആദായനികുതിക്ക് മേൽ ഏർപ്പെടുത്തുന്ന മെഡികെയർ ലെവി അര ശതമാനം വർദ്ധിപ്പിക്കും. നിലവിൽ രണ്ടു ശതമാനം ലെവി ഈടാക്കുന്നത് 2.5 ശതമാനമാക്കിയാണ് വർദ്ധിപ്പിക്കുക. പാർലമെൻറിൽ പാസാവുകയാണെങ്കിൽ 2019 ജൂലൈ ഒന്നു മുതൽ ഇത് നടപ്പാകും.
നാഷണൽ ഡിസെബിലിറ്റി സ്കീമിലേക്കായിരിക്കും ഇങ്ങനെ സ്വരൂപിക്കുന്ന വിഹിതത്തിൽ നിന്ന് നല്ലൊരു ഭാഗവും പോകുക.
യൂണിവേഴ്സിറ്റി ഫീസ് കൂടും
യൂണിവേഴ്സിറ്റി കോഴ്സുകളുടെ ഫീസ് അടുത്ത വർഷം 1.8 ശതമാനം കൂടും. നാലു വർഷം കൊണ്ട് ഏഴര ശതമാനം വർദ്ധനവാണ് ഫീസിൽ ഉണ്ടാവുക. നാലു വർഷത്തെ കോഴ്സ് പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് 2000 മുതൽ 3600 ഡോളർ വരെയായിരിക്കും അധികമായി നൽകേണ്ടി വരിക.
HECS ലോണെടുത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അത് തിരിച്ചടയ്ക്കുന്നത് നേരത്തേ തുടങ്ങേണ്ടിയും വരും. നിലവിൽ ജോലി കിട്ടി 55,000 ഡോളർ വാർഷിക വരുമാനം ലഭിക്കുന്പോഴാണ് ലോൺ തിരിച്ചടച്ചു തുടങ്ങേണ്ടതെങ്കിൽ, ഇനി മുതൽ 42,000 ഡോളർ വരുമാനം കിട്ടുന്നവർ ലോൺ തിരിച്ചടയ്ക്കണം.
ആദ്യവീടു വാങ്ങാൻ സന്പാദ്യപദ്ധതി
വീടു വാങ്ങാനുള്ള ജനങ്ങളുടെ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ആദായ നികുതി നൽകാതെ, വർഷം 15,000 ഡോളർ വരെ സൂപ്പറാന്വേഷനിൽ അധികമായി നിക്ഷേപിക്കാൻ കഴിയും. വീടു വാങ്ങാനുള്ള ആദ്യ ഡെപ്പോസിറ്റായി ഉപയോഗിക്കുന്നതിനാണ് ഇത്. പരമാവധി 30,000 ഡോളർ വരെയാണ് ഇങ്ങനെ നിക്ഷേപിക്കാവുന്നത്. ഭാര്യക്കും ഭർത്താവിനും ഇത്രയും തുക വീതം നിക്ഷേപിക്കാം. ഇത് തിരിച്ചെടുക്കുന്പോഴും ചെറിയ നികുതി മാത്രമേ നൽകേണ്ടതുള്ളൂ.
വീടു വാങ്ങി ആൾതാമസമില്ലാതെ ഒഴിച്ചിട്ടിരിക്കുന്ന വിദേശ നിക്ഷേപകർക്ക് ഫീസ് ഏർപ്പെടുത്താനും തീരുമാനമുണ്ട്. ആറു മാസത്തിൽ കൂടുതൽ തുടർച്ചയായി വീട് ഒഴിഞ്ഞുകിടക്കുകയാണെങ്കിൽ വർഷം 5000 ഡോളർ വരെ ഫീസ് നൽകേണ്ടിവരും.
വിദേശനിക്ഷേപകർക്ക് വീടുവിൽക്കുന്പോഴുള്ള ക്യാപിറ്റൽ ഗെയിൻസ് ടാക്സിൽ ഉണ്ടായിരുന്ന ഇളവും എടുത്തുകളഞ്ഞു.
സ്പോൺസേർഡ് തൊഴിൽവിസയ്ക്ക് ലെവി
457 വിസ നിർത്തലാക്കി, കടുത്ത നിയന്ത്രണങ്ങളോടെ പുതിയ വിസ കൊണ്ടുവന്നതിനു പിന്നാലെ, ഇത്തരത്തിൽ വിദേശത്തു നിന്ന് തൊഴിലാളികളെ സ്പോൺസർ ചെയ്യുന്നതിന് പുതിയ ലെവിയും സർക്കാർ പ്രഖ്യാപിച്ചു. തൊഴിലാളികളെ കൊണ്ടുവരുന്ന ചെറുകിട സ്ഥാപനങ്ങൾ 3000 ഡോളറും, വലിയ സ്ഥാപനങ്ങൾ 5000 ഡോളറും ഒറ്റത്തവണ ലെവി നൽകണം. ഈ കന്പനികൾ യഥാക്രമം 1200, 1800 ഡോളർ വീതം വാർഷിക ഫീസും ഓരോ തൊഴിലാളിയെ കൊണ്ടുവരുന്പോഴും നൽകണം.