SKIP TO MAIN CONTENT

രണ്ടു കുട്ടികൾ ചൈൽഡ് കെയറിൽ പോയാൽ 95% വരെ സബ്സിഡി: ഉയർന്ന വരുമാനക്കാരുടെ സബ്സിഡി പരിധി നീക്കി

അഞ്ചു വയസിൽ താഴെ പ്രായമുള്ള ഒന്നിലേറെ കുട്ടികളുള്ള കുടുംബത്തിന് ചൈൽഡ് കെയർ സബ്സിഡി വർദ്ധിപ്പിക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഉയർന്ന വരുമാനമുള്ളവരുടെ ചൈൽഡ് കെയർ സബ്സിഡിയിൽ ഏർപ്പെടുത്തിയിരുന്ന വാർഷിക പരിധി എടുത്തുകളയാനും ബജറ്റിൽ തീരുമാനിച്ചു.

Child in childcare facility
Source: AAP

2 min read

Published

By SBS Malayalam

Source: SBS


Skip to article content

സ്ത്രീകൾക്ക് കുടുതൽ ദിവസങ്ങളിൽ ജോലിയിലേക്ക് തിരിച്ചെത്താനുള്ള സഹായം എന്ന പ്രഖ്യാപനത്തോടെയാണ് ചൈൽഡ് കെയർ സബ്സിഡിയിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചത്.  

അടുത്ത മൂന്നു വർഷത്തേക്ക് 1.7 ബില്യൺ ഡോളറാണ് ചൈൽഡ്കെയർ മേഖലയ്ക്ക് അധികമായി പ്രഖ്യാപിച്ചത്.  

അഞ്ചു വയസിൽ താഴെയുള്ള ഒന്നിലേറെ കുട്ടികളുള്ള കുടുംബങ്ങൾക്കായിരിക്കും ഇതിന്റെ ഗുണം ഏറ്റവുമധികം ലഭിക്കുക.  

അഞ്ചു വയസിൽ താഴെയുള്ള ഒന്നിലേറെ കുട്ടികൾ ചൈൽഡ് കെയറിൽ പോകുന്നുണ്ടെങ്കിൽ, രണ്ടാമത്തെ കുട്ടി മുതൽ 95% വരെ സബ്സിഡി ലഭിക്കും.  

നിലവിൽ 85 ശതമാനമാണ് ചൈൽഡ്കെയറിൽ പോകുന്ന കുട്ടികൾക്ക് ലഭിക്കുന്ന പരമാവധി സബ്സിഡി. ഇതാണ് രണ്ടാമത്തെ കുട്ടി മുതൽ 95 ശതമാനം വരെയായി ഉയരുന്നത്. ആദ്യ കുട്ടിക്ക് നിലവിലെ സബ്സിഡിയാകും തുടരുക.  

വരുമാനത്തിന് അനുസൃതമായിട്ടാണ് സബ്സിഡി നിരക്ക് തീരുമാനിക്കുന്നത്.  

എന്നാൽ, ചൈൽഡ് കെയറിൽ പോകുന്ന, അഞ്ചു വയസിൽ താഴെയുള്ള ഒന്നിലേറെ കുട്ടികൾ ഉണ്ടെങ്കിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കുള്ളൂ എന്നാണ് ബജറ്റിലെ പ്രഖ്യാപനം.  

അതായത്, രണ്ടു കുട്ടികളുള്ള ഒരു വീട്ടിൽ ഒരു കുട്ടിക്ക് ആറു വയസാകുകയോ, ചൈൽഡ് കെയറിൽ പോകുന്നത് നിർത്തുകയോ ചെയ്താൽ രണ്ടാമത്തെ കുട്ടിക്ക് ഉയർന്ന സബ്സിഡി ലഭിക്കില്ല.  

പ്രീ സ്കൂളിലോ, ആഫ്റ്റർ സ്കൂൾ കെയറിലോ ഈ പുതിയ സബ്സിഡി ബാധകമാകില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 

പുതിയ സബ്സിഡി ലഭിക്കുന്നത് ഇങ്ങനെയാണ്:

1,10,000 ഡോളർ വാർഷിക വരുമാനമുള്ള ഒരു കുടുംബത്തിലെ എല്ലാ കുട്ടികൾക്കും നിലവിൽ ലഭിക്കുന്നത് 72% ചൈൽഡ് കെയർ സബ്സിഡിയാണ്. 

പുതിയ പ്രഖ്യാപനം അനുസരിച്ച്, ആദ്യ കുട്ടിക്ക് 72% സബ്സിഡി തുടരുമ്പോൾ രണ്ടാമത്തെ കുട്ടിക്ക് 95% സബ്സിഡിയാകും കിട്ടുക.  

1,40,000 ഡോളർ വാർഷിക വരുമാനമുള്ള കുടുംബമാണെങ്കിൽ നിലവിൽ 62% സബ്സിഡി ലഭിക്കുന്നത്, രണ്ടാമത്തെ കുട്ടിക്ക് 92% ആയി ഉയരും.  

രണ്ടര ലക്ഷത്തോളം കുടുംബങ്ങൾക്ക് വർഷം ശരാശരി 2,200 ഡോളർ ലാഭിക്കാൻ കഴിയുന്ന പ്രഖ്യാപനമാണ് ഇതെന്ന് ട്രഷറർ ജോഷ് ഫ്രൈഡൻബർഗ് പാർലമെന്റിൽ പറഞ്ഞു. 

ഉയർന്ന വരുമാനക്കാർക്കും ഇളവ്

നിലവിൽ 1,89,390 ഡോളറിൽ കൂടുതൽ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് ലഭിക്കുന്ന സബ്സിഡിയിൽ വാർഷിക പരിധി പ്രഖ്യാപിച്ചിട്ടുണ്ട്.  

10,560 ഡോളറാണ് ഒരു കുട്ടിക്ക് ഒരു വർഷം ലഭിക്കാവുന്ന പരമാവധി സബ്സിഡി. അതായത്, ഇത്രയും സബ്സിഡി ലഭിച്ചു കഴിഞ്ഞാൽ പിന്നെ ചൈൽഡ് കെയർ ഫീസ് പൂർണമായും കൈയിൽ നിന്ന് നൽകണം.  

എന്നാൽ ഈ പരിധി എടുത്തു കളയാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.  

ഇതോടെ, ചൈൽഡ് കെയറിൽ പോകുന്ന കുട്ടികൾക്ക് വർഷം മുഴുവൻ സബ്സിഡി ലഭിക്കും.   

2022 ജൂലൈയിൽ മാത്രമാകും ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. അതായത്, അടുത്ത ഫെഡറൽ തെരഞ്ഞെടുപ്പിനും ശേഷം.  

 

 

 

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now