ബജറ്റ് 2021: ഗാർഹിക പീഡനം തടയാൻ ഒരു ബില്യൺ ഡോളർ; താത്കാലിക വിസയിലുള്ളവർക്കും പിന്തുണ

സ്ത്രീകൾക്ക് നേരെയുള്ള പീഡനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗാർഹിക പീഡനവും ലൈംഗിക പീഡനവും തടയാൻ ബജറ്റിൽ സർക്കാർ ഒരു ബില്യൺ ഡോളറിന്റെ ഫണ്ട് പ്രഖ്യാപിച്ചു.

The government will invest more than $998 million in programs and services to reduce domestic, sexual and family violence and support victims.

The government will invest more than $998 million in programs and services to reduce domestic, sexual and family violence and support victims. Source: AAP

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള എല്ലാവിധ അക്രമങ്ങളും അവസാനിപ്പിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ട്രെഷറർ ജോഷ് ഫ്രൈഡൻബർഗ് ഫണ്ട് പ്രഖ്യാപിച്ചത്.

ഓസ്‌ട്രേലിയയിൽ നാലിൽ ഒരു സ്ത്രീ പങ്കാളിയുടെയോ മുൻ പങ്കാളിയുടെയോ പീഡനങ്ങൾക്ക് ഇരയാവുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്നും ഫ്രൈഡൻബർഗ് ചൂണ്ടിക്കാട്ടി.

താത്കാലിക വിസയിലുള്ളവർ, ഭിന്നശേഷിക്കാരായ സ്ത്രീകൾ, ആദിമവർഗ്ഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ എന്നിവർ നേരിടുന്ന അക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെഡറൽ സർക്കാർ ബില്യൺ ഡോളർ ഫണ്ട് പ്രഖ്യാപിച്ചത്.

ഇതിനായുള്ള വിവിധ പരിപാടികൾക്കും സേവനങ്ങൾക്കുമായി നാല് വർഷത്തേക്ക് 998 മില്യൺ ഡോളർ ഫണ്ടാണ് ഈ വർഷത്തെ ഫെഡറൽ ബജറ്റിൽ പ്രഖ്യാപിച്ചത്.

ഇതിൽ 165 മില്യൺ ഡോളർ പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിക്കുന്ന 'Escaping Violence Payments' എന്ന പദ്ധതിക്കായി മാറ്റിവയ്ക്കും.

ഗാർഹിക പീഡനത്തിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും 5,000 ഡോളർ നൽകുന്നതാണ് 'Escaping Violence Payments.'

ഈ 5,000 ഡോളറിൽ 1,500 ഡോളർ പണമായും ബാക്കി 3,500 ഡോളർ കുട്ടികളുടെ ഫീസ്, ബോണ്ട്, അവശ്യ സാധനങ്ങൾ വാങ്ങാൻ തുടങ്ങിയ കാര്യങ്ങൾക്കുമാകും നൽകുക.

നിലവിൽ മൂന്ന് വർഷത്തേക്ക് 340 മില്യണിലേറെ ഫണ്ടാണ് ഈ മേഖലക്ക് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഇരട്ടിയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

സർക്കാർ ആനുകൂല്യങ്ങൾക്ക് യോഗ്യരല്ലാത്ത, ഗാർഹിക പീഡനം നേരിടുന്ന താത്കാലിക വിസയിലുള്ളവർക്ക് ലഭിക്കുന്ന 3,000 ഡോളർ രണ്ടാം വർഷത്തേക്ക് കൂടി നീട്ടുമെന്നും അറിയിച്ചിട്ടുണ്ട്.

കൂടാതെ മുൻനിര ഗാർഹിക പീഡന സേവനങ്ങളുടെ ഫണ്ടിംഗ് മെച്ചപ്പെടുത്താൻ സംസ്ഥാന-ടെറിറ്ററികളുമായി ചേർന്ന് പങ്കാളിത്തം രൂപീകരിക്കാനാണ് ഇതിൽ നിന്നുള്ള 261 മില്യൺ ഡോളർ.
ഗാർഹിക പീഡനം നേരിടുന്ന കുടിയേറ്റക്കാരായ സ്ത്രീകൾക്കും ആദിമവർഗ്ഗ സ്ത്രീകൾക്കും സാമ്പത്തിക-സാമൂഹിക പിന്തുണ നൽകാനുള്ള ഇനത്തിൽ 29 മില്യൺ ഡോളർ മാറ്റിവയ്ക്കും. ഇതും പരീക്ഷണാടിസ്ഥാനത്തിലാകും നടപ്പാക്കുക.

ആദിമവർഗ്ഗ-ടോറസ് സ്ട്രൈറ്റ് ഐലന്റുകാരായ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം പിന്തുണ നൽകാനാകും 26 മില്യൺ ഡോളർ.

മാത്രമല്ല അടുത്ത മൂന്ന് വർഷത്തേക്ക് പീഡനങ്ങൾ നേരിടുന്ന ഭിന്നശേഷികരായ സ്ത്രീകൾക്കും കുട്ടികൾക്കും വെബ്സൈറ്റിലൂടെ സേവനങ്ങൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് 9.3 മില്യൺ ഡോളറും മാറ്റിവയ്ക്കാനാണ് സർക്കാർ പദ്ധതി.

ഗാർഹിക പീഡനം, ലൈംഗിക പീഡനം എന്നിവ തടയാൻ അടുത്ത നാല് വർഷത്തേക്ക് 92 മില്യൺ ഡോളറും അനുവദിക്കും.

പരസ്പരം ബഹുമാനിച്ചുകൊണ്ടുള്ള ബന്ധങ്ങളെക്കുറിച്ച്  വിദ്യാഭ്യാസം നൽകുന്നതിനും, ‘Stop it at the Start' പ്രചാരണം വിപുലീകരിക്കുന്നതിനും വേണ്ടിയാണിതെന്നും ട്രെഷറർ ജോഷ് ഫ്രൈഡൻബർഗ് പറഞ്ഞു.

എന്നാൽ ഇപ്പോൾ ലഭ്യമായ സേവനങ്ങളിൽ ഉള്ള പഴുതുകൾ അടയ്ക്കാൻ ഓരോ വർഷവും കുറഞ്ഞത് ഒരു ബില്യൺ ഡോളറെങ്കിലും ആവശ്യമായി വരുമെന്നാണ് സ്ത്രീകളുടെ സുരക്ഷക്കായി പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നത്.


 


Share

Published

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service