ബണ്ണിംഗ്‌സും, ഓഫീസ് വർക്സും ഉൾപ്പെടെയുള്ള കമ്പനികളാണ് വാക്‌സിനേഷൻ പദ്ധതിയുടെ ഭാഗമാകാൻ മുൻപോട്ടു വന്നത്.
രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ പദ്ധതി വിപുലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. വരും മാസങ്ങളിൽ വാക്‌സിനേഷൻ വിതരണത്തിനായി ഇവിടെ ഹബുകൾ തുടങ്ങാമെന്ന ആശയമാണ് കമ്പനികൾ മുൻപോട്ടു വച്ചത്.
ഇത് സംബന്ധിച്ച് ട്രെഷറർ ജോഷ് ഫ്രൈഡൻബർഗും ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലിയും ഈ ബിസിനസുകളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുമായി ചർച്ച നടത്തി.
കോൾസ്, ടെൽസ്ട്ര, വിർജിൻ, ക്വാണ്ടസ്, കോമൺവെൽത്ത് ബാങ്ക്, വെസ്‌ഫാർമേഴ്സ് തുടങ്ങിയ ബിസിസുകൾ ഉൾപ്പടെയുള്ളവയുടെ സി ഇ ഒ മാരുമായായിരുന്നു ചർച്ച.
വാക്‌സിൻ സ്വീകരിക്കുന്നവർക്ക് പ്രതിഫലം നല്കുന്നതുൾപ്പെടെയുള്ള വിവിധ പദ്ധതികൾ ഇവർ മുൻപോട്ടു വച്ചതായി ഫ്രൈഡൻബർഗ് പറഞ്ഞു.
കാർ പാർക്കിൽ വാക്‌സിനേഷൻ വിതരണം നടത്താൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി മക് ഡൊണാൾഡ്‌സ് ഓസ്‌ട്രേലിയ നേരത്തെ രംഗത്തെത്തിയിരുന്നു.
വിക്ടോറിയയുടെ ഉൾപ്രദേശങ്ങളിൽ എങ്ങനെ വിതരണം കാര്യക്ഷമമാക്കാം എന്ന കാര്യത്തിലും ചർച്ചകൾ നടന്നതായി ഫ്രൈഡൻബർഗ് പറഞ്ഞു.
ഈ കമ്പനികൾ അവയുടെ ജീവനക്കാരെയും ഉപഭോക്താക്കളെയും വാക്‌സിനേഷനായി പ്രോത്സാഹിപ്പിക്കും. മാത്രമല്ല, വാക്‌സിനേഷൻ സ്വീകരിക്കുന്നവർക്ക് പ്രതിഫലം നൽകുന്ന കാര്യവും ഇവർ പരിഗണിക്കും.
വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വണ്ടസ് സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സൗജന്യ ഫ്രീക്വന്റ് ഫ്ലയർ പോയിന്റുകളും സൗജന്യ യാത്രയും താമസസൗകര്യവുമൊക്കെയാണ് വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് ക്വണ്ടസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്തരത്തിൽ ഉബർ ഓസ്ട്രേലിയയും ഒരു പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ തുടങ്ങിയിട്ടുണ്ട്. ഭിന്നശേഷിക്കാരെയും അവരെ ശുശ്രൂഷിക്കുന്നവരെയും സൗജന്യമായി വാക്‌സിനേഷൻ സ്വീകരിക്കാൻ കൊണ്ടുപോകുന്ന പദ്ധതിയാണിത്.
സമാനമായ സ്കീമുകൾ പരിഗണിക്കാനാണ് കമ്പനികളുടെ പദ്ധതിയെന്ന് ഫ്രൈഡൻബർഗ് പറഞ്ഞു.
വരും മാസങ്ങളിലാകും ബിസിനസുകൾ വാക്‌സിനേഷൻ പദ്ധതിയുടെ ഭാഗമാകുന്നത്.
നിലവിൽ ജി പി ക്ലിനിക്കുകൾ വഴിയും, കോമൺവെൽത്ത്-സംസ്ഥാന ഹബുകൾ വഴിയും കൂടുതൽ പേർക്ക് വാക്‌സിനേഷൻ നൽകാനാണ് സർക്കാരിന്റെ പദ്ധതി. രാജ്യത്ത് അടുത്തയാഴ്ച മുതൽ 500ലേറെ ജി പി ക്ലിനിക്കുകൾ വഴി ഫൈസർ വാക്‌സിൻ വിതരണം ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.