സിഡ്‌നിയിലെ ചൈന ടൗണിൽ 60 വയസ്സുള്ള ഒരു ചൈനീസ് വംശജനാണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് വഴിയിൽ കുഴഞ്ഞു വീണ് മരിച്ചത്.
കൊറോണവൈറസ് പടരുമോ എന്ന് ഭയന്ന വഴിയാത്രക്കാർ ഇയാൾക്ക് കൃത്രിമശ്വാസോഛ്വാസം കൊടുക്കാൻ മടിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ ചൈന ടൗണിൽ ഒരാൾ കുഴഞ്ഞുവീണു എന്ന വിവരം ലഭിച്ച പൊലീസ് ഹേമാർക്കെറ്റിലെ ക്യാംപ്ബെൽ സ്ട്രീറ്റിലുള്ള ചൈനീസ് റെസ്റ്റോറന്റിന് പുറത്ത് എത്തുകയായിരുന്നുവെന്ന് NSW പോലീസ് വക്താവ് പറഞ്ഞു.
പാരാമെഡിക്‌സും സംഭവസ്ഥലത്തെത്തി കൃത്രിമശ്വാസോഛ്വാസം കൊടുക്കാൻ ശ്രമിച്ചെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നാണ് ഇയാൾ കുഴഞ്ഞു വീണത് എന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് കൊറോണർ അന്വേഷണം നടത്തിവരുന്നു.
വിവിധ രാജ്യങ്ങളിൽ പടർന്നു പിടിക്കുന്ന കൊറോണവൈറസ് ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
പകർച്ചവ്യാധിയായ കൊറോണവൈറസ് ബാധിച്ച ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി. 2000ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.
ഓസ്‌ട്രേലിയയിലും രോഗം ബാധിച്ചവരുടെ എണ്ണം ഏഴായി. ന്യൂ സൗത്ത് വെയിൽസിൽ നാല് പേർക്കും വിക്ടോറിയയിൽ രണ്ട് പേർക്കും ക്വീൻസ്‌ലാന്റിലും ഒരാൾക്കുമാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കൊറോണവൈറസ് ഗ്ലോബൽ ഹെൽത്ത് എമർജൻസി ആയി കണക്കാക്കണോ എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ലോകാരോഗ്യസംഘടന അടിയന്തര യോഗം ചേരും.
വിമാന സർവീസുകൾ റദ്ദാക്കി
കൂടുതൽ പേരിലേക്ക് രോഗം പടരുന്നതിനാൽ വിവിധ എയർലൈൻ കമ്പനികൾ ചൈനയിലേക്കുള്ള വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് എയർവെയ്‌സ് ചൈനയിലേക്കുള്ള വിമാനസർവീസുകളെല്ലാം റദ്ദാക്കിയതായി ബുധനാഴ്ച അറിയിച്ചിരുന്നു.
അമേരിക്കൻ എയർലൈൻസും വിമാനസർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ഇതിനു പുറമെ ക്വന്റസും, എയർ കാനഡയും, ജർമൻ എയർലൈൻസായ ലുഫ്താൻസ, ഓസ്ട്രിയൻ എയർലൈൻസ് എന്നിവയും സർവീസുകൾ റദ്ദാക്കിയെന്ന് അറിയിച്ചിട്ടുണ്ട്.
എയർ ഇന്ത്യയും ദക്ഷിണ കൊറിയൻ വിമാന കമ്പനികളും വരും ദിവസങ്ങളിൽ സർവീസുകൾ നിർത്തലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.