ആമസോണിന്റെ യു എസ് വെബ്‌സൈറ്റിലാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്‌മാഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരുപ്പുകൾ ഞായറാഴ്ച വില്പനക്ക് വച്ചിരുന്നത്.
16.99 യു എസ് ഡോളർ വിലയിട്ടിരുന്ന ഈ ഉൽപ്പന്നത്തെക്കുറിച്ച് ചില വിശേഷണങ്ങളും വെബ്‌സൈറ്റിൽ നൽകിയിരുന്നു. കാഴ്ചയിൽ ആരെയും ആകർഷിക്കുകയും, ഇത് കാണുന്നവരുടെ മുഖത്തു ചിരി വിടർത്തുകയും ചെയ്യും എന്നാണു ഈ ചെരുപ്പിന് നൽകിയിരുന്ന വിശേഷണങ്ങൾ.
ഈ ഉൽപ്പന്നം ആമസോൺ വെബ്സൈറ്റിൽ കണ്ടവർ വെബ്സൈറ്റിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വിമർശനങ്ങളെത്തുടർന്ന് ഉൽപ്പന്നം വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ ദേശീയ പതാകയുടെ ചിത്രം പതിപ്പിച്ച ചവിട്ടുമെത്ത വില്പനയ്ക്കിട്ടതിന് ആമസോണിനെതിരെ ഇന്ത്യൻ സർക്കാർ രംഗത്തെത്തിയിരുന്നു.
ഉൽപ്പന്നം പിൻവലിച്ച് ആമസോൺ മാപ്പു പറയാത്തപക്ഷം ആമസോൺ ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്നും ഭാവിയിൽ ഇവർക്ക് വിസ നൽകില്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് ഉൽപ്പന്നം പിൻവലിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ ആമസോൺ അറിയിച്ചിരുന്നു.
ഈ വിവാദം കെട്ടടങ്ങിയത്തിന് തൊട്ടു പിന്നാലെയാണ് രാഷ്ട്ര പിതാവിന്റെ ചിത്രം പതിപ്പിച്ച ചെരിപ്പ് വിൽപ്പനക്ക് ഇട്ടുകൊണ്ട് ആമസോൺ വീണ്ടും വിവാദത്തിൽപ്പെട്ടത്.
തുടച്ചയായുള്ള ഈ രണ്ടു സംഭവങ്ങളെത്തുടർന്ന്, വെബ്സൈറ്റിൽ ഉൽപ്പന്നങ്ങൾ വിൽപ്പനക്കിടുന്ന തേർഡ് പാർട്ടി ഇന്ത്യയുടെ വൈകാരികതയെ വ്രണപ്പെടുത്താതിരിക്കാനും ആദരവുകാണിക്കാനും നിർദ്ദേശങ്ങൾ നൽകണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാഷിംഗ്ടണിലെ അംബാസഡറെ അറിയിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
Share

