NSWൽ മൂന്ന് പേരിൽ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചതായി അധികൃതർ പറഞ്ഞു. ഇതോടെ ഓസ്‌ട്രേലിയയിൽ നാല് പേരിൽ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗബാധയുള്ളവർ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടുകയായിരിന്നു എന്ന് NSW ആരോഗ്യ മന്ത്രി ബ്രാഡ് ഹാസാർഡ് പറഞ്ഞു.
ന്യൂ സൗത്ത് വെയിൽസിൽ രോഗ ബാധ സ്ഥിരീകരിച്ചവരിൽ ഒരാൾ ജനുവരി ആറിനും മറ്റൊരാൾ ജനുവരി ഒമ്പതിനും ഓസ്‌ട്രേലിയയിൽ തിരിച്ചെത്തിയവരാണെന്ന് NSW ചീഫ് ഹെൽത് ഉദ്യോഗസ്ഥൻ ഡോ കെറി ചാന്റ് പറഞ്ഞു.
രോഗബാധ സ്ഥിരീകരിച്ചവരുടെ സ്ഥിതി ഗുരുതരമല്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ രോഗ ലക്ഷണങ്ങൾ കാണുന്നവർ പരിശോധനക്കായി മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതെ സമയം രോഗബാധ നിയന്ത്രിക്കുവാനുള്ള എല്ലാ തയ്യാറെടുപ്പും ഓസ്‌ട്രേലിയ കൈകൊണ്ടിട്ടുളളതായി അധികൃതർ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ പൊതുജനം പരിഭ്രാന്തരാകരുതെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
ചൈനയിലെ വുഹാനിൽ നിന്ന് വിക്ടോറിയയിൽ മടങ്ങിയെത്തിയ ഒരാൾക്ക് രോഗബാധ സ്ഥിരീകരിച്ച വിവരം വിക്ടോറിയൻ ആരോഗ്യ മന്ത്രി ജെനി മിക്കാക്കോസ് അറിയിച്ചിരുന്നു.