ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസിനേക്കാള്‍ വേഗത്തില്‍ പടരുകയാണ് ഇതേക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍.
പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഈ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ലോകാരോഗ്യ സംഘടനയും ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യവകുപ്പും മുന്നറിയിപ്പുമായി രംഗത്തെത്തി.
കൊറോണവൈറസിനെ പ്രതിരോധിക്കാനുള്ള അഞ്ച് പൊടികൈകൾ എന്ന പേരില്‍ വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചാരണം നടക്കുന്നുണ്ട്.
വെളുത്തുള്ളിയും എള്ളെണ്ണയും ഉപയോഗിക്കുന്നത് വൈറസ് പകരാതിരിക്കാൻ സഹായിക്കുമെന്നാണ് ഇത്തരത്തിലുള്ള ഒരു പ്രചരണം. ഇത് തികച്ചും തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് NSW ആരോഗ്യവകപ്പ് പ്രസ്താവനയിറക്കിയിരിക്കുന്നത്.
ഇത് തെറ്റായ പ്രചരണമാണെന്ന് ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാത്രമല്ല വളർത്തുമൃഗങ്ങളിൽ നിന്നും അതുപോലെ തന്നെ ഇറക്കുമതി ചെയ്ത ഭക്ഷണപദാർത്ഥങ്ങളിൽ നിന്നും വൈറസ് ബാധിക്കാമെന്നാണ് മറ്റൊരു പ്രചാരണം.

Source: WHO
ഇതും ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നതിനുള്ള വ്യാജ വാര്‍ത്തയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഏതെങ്കിലും പ്രതലങ്ങളില്‍ അധികനേരം ജീവിക്കാന്‍ കൊറോണ വൈറസിന് കഴിയില്ല. അതിനാൽ ഇറക്കുമതി ചെയ്ത ഭക്ഷണവസ്തുക്കളില്‍ നിന്ന് രോഗം പടരുമെന്നത് തെറ്റായ പ്രചരണമാണെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ചൈനാടൗണും, ഷോപ്പിംഗ് സെന്ററുകളും, ചൈനീസ് വംശജർ കൂടുതലുള്ള സബർബുകളും ഒഴിവാക്കണമെന്നും ഉള്ള പ്രചരണങ്ങളും തെറ്റാണെന്ന് NSW ആരോഗ്യവകുപ്പ് അറിയിച്ചു.

Source: WHO
ഇത്തരം പോസ്റ്റുകളും മറ്റും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യും മുൻപ് ഇവയുടെ സത്യാവസ്ഥ മനസ്സിലാക്കാൻ ജനങ്ങൾ ശ്രമിക്കണമെന്നും ചീഫ് ഹെൽത്ത് ഓഫീസർ ഡോ. കെറി ചന്റ് പറഞ്ഞു.
ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളിൽ വീഴുകയല്ല മറിച്ച് കൃത്യമായ ശുചിത്വം പാലിക്കുകയാണ് ജനങ്ങൾ ചെയ്യണ്ടതെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഇത്തരത്തില് നിരവധി വ്യാജ വാർത്തകളാണ് കൊറോണയെക്കുറിച്ച് പ്രചരിക്കുന്നത്. ഇതേക്കുറിച്ച് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന ജാഗ്രതാനിർദേശം ഇവിടെ വായിക്കാം.
ഓസ്‌ട്രേലിയയിൽ ഇതുവരെ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഇവരെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നതിനാൽ പൊതുസമൂഹത്തിന് ഇവർ ഭീഷണിയുയർത്തുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
ലോകത്താകെ 30,000 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. 560 ലേറെ പേർ മരണമടഞ്ഞിട്ടുണ്ട്.