രാജ്യാന്തര യാത്രകളും, വിദേശത്തു നിന്നുള്ള കുടിയേറ്റവും കുറഞ്ഞ സാഹചര്യത്തിലാണ് കാനഡ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
ആരോഗ്യമേഖല ഉള്‍പ്പെടെ, വിവിധ തൊഴില്‍മേഖലകളില്‍ ഒരു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ള താല്‍ക്കാലിക വിസക്കാര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സി നല്‍കാനാണ് തീരുമാനം.
അവശ്യമേഖല എന്ന് വിലയിരുത്തിയിട്ടുള്ള നിരവധി തൊഴില്‍ മേഖലകള്‍ ഇതിന്റെ പരിധിയില്‍ വരുന്നുണ്ട്. ഗ്രോസറി സ്‌റ്റോറുകളിലെ കാഷ്യര്‍മാര്‍, ഷെല്‍ഫുകള്‍ നിറയ്ക്കുന്നവര്‍, ട്രക്ക് ഡ്രൈവര്‍മാര്‍, കാര്‍ഷിക ജോലികള്‍ ചെയ്യുന്നവര്‍ തുടങ്ങിയവരെയെല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ബിരുദപഠനം പൂര്‍ത്തിയാക്കിയ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് കനേഡിയന്‍ കുടിയേറ്റകാര്യമന്ത്രി പറഞ്ഞു.
എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)
ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന 20,000 പേര്‍ക്കും, മറ്റ് അവശ്യമേഖലകളില്‍ ജോലി ചെയ്യുന്ന 30,000 പേര്‍ക്കും, കനേഡിയന്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ബിരുദം നേടിയ 40,000 പേര്‍ക്കുമാണ് പെര്‍മനന്‌റ് റെസിഡന്‍സി നല്‍കുന്നത്.
മേയ് ആറു മുതല്‍ ഈ പദ്ധതി പ്രാബല്യത്തില്‍ വരും.
ഈ വര്‍ഷം നാലു ലക്ഷം കുടിയേറ്റക്കാരെ പുതിയതായി സ്വീകരിക്കാനാണ് കാനഡ ലക്ഷ്യമിടുന്നതെന്ന് കുടിയേറ്റകാര്യമന്ത്രി മാര്‍ക്കോ മെന്‍ഡിസിനോ പറഞ്ഞു.
അതിര്‍ത്തികള്‍ അടഞ്ഞുകിടന്നതുമൂലം കഴിഞ്ഞ വര്‍ഷം കുടിയേറ്റത്തിലുണ്ടായ കുറവ് പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്.
താല്‍ക്കാലിക കുടിയേറ്റക്കാര്‍ രാജ്യത്തിന് നല്‍കുന്ന സംഭാവനകള്‍ മനസിലാക്കാന്‍ മഹാമാരിക്കാലം സഹായിച്ചു എന്ന് മാര്‍ക്കോ മെന്‍ഡിസിനോ അഭിപ്രായപ്പെട്ടു.
'നിങ്ങള്‍ താല്‍ക്കാലിക വിസകളിലുള്ളവരാകും, പക്ഷേ നിങ്ങളുടെ സംഭാവനകള്‍ ദീര്‍ഘകാലത്തേക്കുള്ളതാണ്. അതിനാല്‍ നിങ്ങള്‍ ഇവിടെ തന്നെ തുടരണം' - അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്ത് കുടിയേറ്റപദ്ധതിയില്‍ ഇത്തരമൊരു ഇളവ് പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമല്ല കാനഡ.
കൊറോണവൈറസ് പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നൂറുകണക്കിന് പേരുടെ പൗരത്വ അപേക്ഷകള്‍ അതിവേഗം പരിഗണിക്കുമെന്ന് ഫ്രാന്‍സ് കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു.