ജീവനക്കാരന് ശമ്പളം കുറച്ചു നല്‍കി എന്ന ആരോപണത്തെത്തുടര്‍ന്ന് സിഡ്‌നിയിലെ മലയാളി റെസ്‌റ്റോറന്റിനെതിരെ ഫെയര്‍ വര്‍ക്‌സ് ഓംബുഡ്‌സ്മാന്‍ നിയമനടപടികള്‍ തുടങ്ങി.
വെൻറ്റ്‌വർത്ത്വില്ലിലുള്ള ബ്ലൂമൂണ്‍ റെസ്റ്റോറന്റിനെതിരെയാണ് നടപടി.
2013 മുതല്‍ 2016 വരെ റെസ്റ്റോറന്റില്‍ ജോലി ചെയ്ത ഇന്ത്യാക്കാരനായ ജീവനക്കാരന് ശമ്പളയിനത്തില്‍ നല്‍കേണ്ടിയിരുന്ന ഒന്നര ലക്ഷത്തിലേറെ ഡോളര്‍ നല്‍കിയില്ല എന്നാണ് കേസ്. ഫെയര്‍ വര്‍ക്‌സ് ഓംബുഡ്‌സ്മാന്റെ അന്വേഷണത്തെ തുടര്‍ന്ന് ഫെഡറല്‍ സര്‍ക്യൂട്ട് കോടതിയാണ് ഇപ്പോള്‍ കേസ് പരിഗണിക്കുന്നത്.
ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തിരിച്ചെടുത്തു
ബ്ലൂ മൂണ്‍ റെസ്റ്റോറന്റിന്റെ ഉടമകളായ ജിജോ തിരുവങ്കാവില്‍ ഇസഹാക്ക്, രേഖ ജോസഫ് എന്നിവര്‍ക്കെതിരെയാണ് ഓംബുഡ്‌സ്മാന്‍ കേസെടുത്തിരിക്കുന്നത്.
2013ല്‍ ഇന്ത്യയില്‍ നിന്നുള്ള ഒരാളെ ഇവര്‍ റെസ്‌റ്റോറന്റ് ജോലിക്കായി സ്‌പോണ്‍സര്‍ ചെയ്യുകയായിരുന്നു. 457 വിസയില്‍ വന്ന ഈ ജീവനക്കാരന്, വര്‍ഷം 54,000 ഡോളറായിരുന്നു ശമ്പളമായി വാഗ്ദാനം ചെയ്തത് എന്നാണ് ഓംബുഡ്‌സ്മാന്‍ ചൂണ്ടിക്കാട്ടിയത്.
ഈ ജീവനക്കാരന്റെ പേരില്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്ക് കരാര്‍ പ്രകാരം രണ്ടാഴ്ച കൂടുമ്പോള്‍ 1600 ഡോളര്‍ വീതം ശമ്പളയിനത്തില്‍ നിക്ഷേപിക്കുകയും ചെയ്തു.
എന്നാല്‍, റെസ്റ്റോറന്റ് ഉടമകള്‍ തന്നെയാണ് ഈ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് എന്നാണ് ആരോപണം. ബാങ്ക് കാര്‍ഡ് കൈവശം വച്ചിരുന്ന റെസ്റ്റോറന്റ് ഉടമകള്‍, അക്കൗണ്ടില്‍ നിന്ന് പല തവണ പണം പിന്‍വലിക്കുകയും ചെയ്തുവെന്ന് ഓംബുഡ്സ്മാന് പറയുന്നു.

Representative image of a chef in a restaurant. Source: Pixabay
പകരം, ആഴ്ചയില്‍ 400 മുതല്‍ 450 ഡോളര്‍ വരെ ജീവനക്കാരന് നേരിട്ട് പണമായി (ക്യാഷ് ഇന്‍ ഹാന്റ്) നല്‍കുകയാണ് ഉടമകള്‍ ചെയ്തതെന്ന് ഓംബുഡ്‌സ്മാന്‍ ആരോപിച്ചു.
ദിവസം 11 മുതല്‍ 12 മണിക്കൂര്‍ വരെ, ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്തിട്ടും ഇതായിരുന്നു ശമ്പളം. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നല്‍കേണ്ട പെനാല്ട്ടി നിരക്കും പൂര്‍ണമായും നല്‍കിയില്ല എന്നാണ് കേസ്.
2016ല്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ ശേഷം ഈ ജീവനക്കാരന്‍ തന്നെയാണ് ഫെയര്‍ വര്‍ക്‌സ് ഓംബുഡ്‌സ്മാനെ സമീപിച്ച് പരാതി നല്‍കിയത്.
ഗുരുതര ആരോപണമെന്ന് ഓംബുഡ്‌സ്മാന്‍
റെസ്റ്റോറന്റിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് ഫെയര്‍ വര്‍ക് ഓംബുഡ്‌സ്മാന്‍ സാന്ദ്ര പാര്‍ക്കര്‍ ചൂണ്ടിക്കാട്ടി. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതായും ഓംബുഡ്‌സ്മാന്‍ അറിയിച്ചു.
ഓസ്‌ട്രേലിയന്‍ ജോലി സ്ഥലങ്ങളില്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന പ്രവണതയല്ല ഇത് ഓംബുഡ്‌സ്മാന്‍ സാന്ദ്ര പാര്‍ക്കര്‍
ജോലിയുടെ അവസാന കാലഘട്ടത്തില്‍ ജീവനക്കാരനോട് പണം തിരികെ നല്‍കാന്‍ റെസ്‌റ്റോറന്റ് ഉടമകള്‍ ആവശ്യപ്പെട്ടതായും ഓംബുഡ്‌സ്മാന്‍ ആരോപിച്ചു. തെറ്റായ രേഖകള്‍ ഓംബുഡ്‌സ്മാന് സമര്‍പ്പിച്ചു, ജീവനക്കാരന് പേ സ്ലിപ്പ് നല്‍കിയില്ല തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയി്ട്ടുണ്ട്.
കുറ്റം തെളിയുകയാണെങ്കില്‍ ജോജോ ഇസഹാക്കിനും, രേഖ ജോസഫിനുമെതിരെ യഥാക്രമം 10,800 ഡോളറും, 12,600 ഡോളരും പിഴ ചുമത്താന്‍ കഴിയും. ഇതോടൊപ്പം, ജീവനക്കാരന് ലഭിക്കേണ്ട ശമ്പളകുടിശ്ശികയും നല്‍കണമെന്നാണ് ഓംബുഡ്‌സ്മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പാരമറ്റയിലെ ഫെഡറല്‍ സര്‍ക്യൂട്ട് കോടതി ഈ മാസം അവസാനം കേസ് പരിഗണിക്കും.
ബ്ലൂമൂണ്‍ റെസ്‌റ്റോറന്റ് ഉടമകളെ എസ് ബി എസ് മലയാളം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല.