ഗ്രെയ്റ്റർ സിഡ്‌നിയിൽ നിന്ന് സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിലേക്കും കേസുകൾ എത്തിയതോടെ ഓറഞ്ച്, ബ്ലെയ്‌നി, കബോൺ എന്നീ പ്രദേശങ്ങൾ ഏഴ് ദിവസത്തേക്കു ലോക്ക് ഡൗൺ ചെയ്തിട്ടുണ്ട്. ഇന്ന് മുതലാണ് ലോക്ക്ഡൗൺ നടപ്പാക്കിയത്.
ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് 110 പുതിയ വൈറസ്ബാധ കൂടി റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് 84,000 പരിശോധനകൾ നടത്തിയപ്പോഴാണ് പുതിയ കേസുകൾ കണ്ടെത്തിയത്. വൈറസ്ബാധ തുടങ്ങിയതിന് ശേഷം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും ഉയർന്ന പരിശോധനാ നിരക്കാണിത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കിൽ കേസുകളുടെ എണ്ണം ആയിരത്തിലേറെ ആയേനേയെന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി.
പുതിയ രോഗബാധിതരിൽ 43 പേർ സമൂഹത്തിൽ ഉണ്ടായിരുന്നുവെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ പറഞ്ഞു.
106 പേരാണ് രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ 23 പേർ തീവ്രപരിചരണ വിഭാഗത്തിലും, 11 പേർ വെന്റിലേറ്ററിലുമാണ്.
സിഡ്‌നിയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗത്ത് നിന്നും Merrylands, Guildford, Belrose, Toongabbie, Seven Hills, Mount Druitt, Rooty Hill, Lakemba എന്നിവിടങ്ങളിലേക്ക് വൈറസ് പടരുന്നുണ്ടെന്നും ആരോഗ്യ വകുപ്പിലെ ജെറെമി മക് അനൽട്ടി മുന്നറിയിപ്പ് നൽകി.

Source: SBS
വിക്ടോറിയയിലും കൂടുതൽ കേസുകൾ
വിക്ടോറിയയിലും പുതിയ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. 22 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
പുതിയ കേസുകളിൽ 16 പേരും വൈറസ്ബാധയുള്ളപ്പോൾ ക്വാറന്റൈനിൽ ആയിരുന്നു.
നേരത്തെ കണ്ടെത്തിയ കേസുകളുമായി ബന്ധമുള്ളതാണ് ഇതെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പറഞ്ഞു. ഇതിൽ രണ്ട് കേസുകൾ ബാക്കസ് മാർഷ് ഗ്രാമർ സ്കൂളും, അഞ്ചെണ്ണം ട്രിനിറ്റി ഗ്രാമർ സ്കൂളുമായി ബന്ധമുള്ളതാണ്.
അഞ്ചാമത്തെ ലോക്ക്ഡൗൺ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണ് ഇത്.
സംസ്ഥാനത്തെ ലോക്ക്ഡൗൺ അടുത്ത ചൊവ്വാഴ്ച വരെ നീട്ടിയിരിക്കുകയാണ്. ലോക്ക്ഡൗൺ ബാധിച്ച ബിസിനസുകൾക്ക് 282.5 മില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചു.
ആൽപൈൻ പ്രദേശത്തുള്ള ബിസിനസുകൾക്ക് 3,000 അധികം ഡോളർ ധനസഹായം നൽകും. കൂടാതെ ലോക്ക്ഡൗൺ മൂലം പരിപാടികൾ റദ്ദാക്കേണ്ടി വന്ന കമ്മ്യൂണിറ്റി സ്പോർടിംഗ് ക്ലബുകൾക്ക് 2,000 ഡോളർ സർക്കാർ സഹായം നൽകും.
സൗത്ത് ഓസ്‌ട്രേലിയയിലും ഒരു കേസ്
സൗത്ത് ഓസ്ട്രേലിയയിൽ അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനം ചൊവ്വാഴ്ച മുതൽ ലോക്ക്ഡൗണിലാണ്.
ഇവിടെ ഒരു കേസുകൂടി പുതുതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ആറായി.
ലോക്ക് ഡൗൺ നടപ്പാക്കിയിരിക്കുന്ന സമയങ്ങളിൽ സംസ്ഥാനത്തെ ബിസിനസുകൾക്ക് 100 മില്യൺ ഡോളറിന്റെ ധനസഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ചെറുകിട വ്യവസായങ്ങൾക്ക് 3,000
ഡോളറും, ഒറ്റക്ക് ബിസിനസ് നടത്തുന്നവർക്ക് 1,000 ഡോളറും ലഭിക്കും.
കൂടാതെ, കോമൺവെൽത് ഹോട്ട്സ്പോട്ടുകളുടെ പരിധിയിൽ വരാത്ത, സംസ്ഥാനത്തിന്റെ ഉൾപ്രദേശങ്ങളിലുള്ള ബിസിനസുകൾക്ക് ആഴ്ചയിൽ 600 ഡോളർ ധനസഹായവും പ്രഖ്യാപിച്ചു.