പുതിയതായി പ്രഖ്യാപിച്ച സ്‌കില്‍ഡ് വര്‍ക്ക് റീജിയണല്‍ (പ്രൊവിഷണല്‍) വിസക്കും (സബ്ക്ലാസ് 491), നിലവിലുള്ള മറ്റു സ്കിൽഡ് കുടിയേറ്റ വിസകള്‍ക്കുമാണ് പോയിന്റ് സമ്പ്രദായത്തില്‍ മാറ്റം പ്രഖ്യാപിച്ചത്.
പുതിയ റീജിയണൽ വിസകൾ നിലവിൽ വരുന്ന നവംബര്‍ 16 മുതലായിരിക്കും ഈ മാറ്റവും പ്രാബല്യത്തില്‍ വരിക.
രണ്ടു റീജിയണൽ വിസകളാണ് പുതിയതായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ സബ്ക്ലാസ് 494 എന്നത് എംപ്ലോയർ സ്പോൺസേർഡ് വിസയാണ്.
പ്രധാന മാറ്റങ്ങള്‍ ഇവയാണ്
കുടിയേറ്റത്തിനാവശ്യമായ യോഗ്യതകളുള്ള ജീവിത പങ്കാളിയുണ്ടെങ്കില്‍ | അധികമായി 10 പോയിന്റ് | ||||
സംസ്ഥാന/ടെറിട്ടറി സര്‍ക്കാരോ, ഉള്‍നാടന്‍ ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന കുടുംബാംഗങ്ങളോ സ്‌പോണ്‍സര്‍ ചെയ്താല്‍ | അധികമായി 15 പോയിന്റ് | ||||
സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (STEM) യോഗ്യതകളുള്ളവര്‍ക്ക് | അധികമായി 10 പോയിന്റ് | ||||
പങ്കാളികളില്ലാത്തവര്‍ക്ക്/അവിവാഹിതര്‍ക്ക് | അധികമായി 10 പോയിന്റ് | ||||
ജീവിത പങ്കാളിക്ക് IELTS ആറിന് (നാലു പരീക്ഷാ ഘടകങ്ങളിലും) മുകളിലുണ്ടങ്കില് | അധികമായി 5 പോയിന്റ് |
നിലവിലുള്ള ജനറല്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍ വിസകളായ സബ്ക്ലാസ് 189, 190 എന്നിവയ്ക്കും ഇത് ബാധകമാണ്.
നിലവില്‍ സ്‌കില്‍ഡ് കുടിയേറ്റ പദ്ധതി പ്രകാരം ഓസ്‌ട്രേലിയയിലേക്കെത്തുന്നവരില്‍ പകുതിയോളം സെക്കന്ററി ആപ്ലിക്കന്റ് എന്ന നിലയില്‍ എത്തുന്നവരാണെന്ന് പ്രൊഡക്ടിവിറ്റി കമ്മീഷന്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ അവരുടെ യോഗ്യതകള്‍ കൂടി വ്യക്തമായി വിലയിരുത്തണം എന്നായിരുന്നു നിര്‍ദ്ദേശം.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
അപേക്ഷകളുടെ മുന്‍ഗണനാക്രമം
അപേക്ഷകള്‍ പരിഗണിക്കുന്നതിനുള്ള മുന്‍ഗണനാ ക്രമവും മാറ്റിയിട്ടുണ്ട്.
എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് നല്കിയ നിരവധി പേരുടെ പോയിന്റ് തുല്യമായി വരികയാണെങ്കില്‍, അവരെ അപേക്ഷ സമര്‍പ്പിക്കാനായി കുടിയേറ്റകാര്യ വകുപ്പ് ക്ഷണിക്കുന്നത് ഈ ക്രമത്തിലായിരിക്കും.
1. മതിയായ യോഗ്യതകളുള്ള (സ്‌കില്‍ഡ് പാര്‍ട്ണര്‍ പോയിന്റ് ലഭിക്കാന്‍ യോഗ്യതയുള്ള) ജീവിതപങ്കാളിയുള്ളവര്‍
1. ജീവിതപങ്കാളിയില്ലാത്തവര്‍/അവിവാഹിതര്‍ക്കും ഇതേ പരിഗണനയായിരിക്കും നല്‍കുക
2. സ്‌കില്‍ഡ് പാര്‍ട്ണര്‍ പോയിന്റ് ലഭിക്കാന്‍ യോഗ്യതയില്ലെങ്കിലും മതിയായ ഇംഗ്ലീഷ് പ്രാവീണ്യമുള്ള (IELTS നാലു ഘടകങ്ങളിലും 6) പങ്കാളിയുള്ളവര്‍
3. ഇംഗ്ലീഷ് പരിജ്ഞാനമോ, സ്‌കില്‍ഡ് പാര്‍ട്ണര്‍ പോയിന്റിന് ആവശ്യമായ യോഗ്യതകളോ ഇല്ലാത്ത പങ്കാളിയുള്ളവര്‍. മറ്റെല്ലാ അപേക്ഷകളും പരിഗണിച്ച ശേഷം മാത്രമായിരിക്കും ഇത് കണക്കിലെടുക്കുക
റീജിയണല്‍ പെര്‍മനന്റ് റെസിഡന്‍സി
റീജിയണല്‍ പ്രൊവിഷണല്‍ വിസയില്‍ മൂന്നു വര്‍ഷം താമസിച്ച് ജോലി ചെയ്തവര്‍ക്ക് സബ്ക്ലാസ് 191 എന്ന റീജിയണല്‍ PR വിസക്ക് അപേക്ഷിക്കാം. എന്നാല്‍, കുടിയേറ്റ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന ശമ്പളം മൂന്നു വര്‍ഷവും ലഭിച്ചാല്‍ മാത്രമേ PR വിസക്ക് യോഗ്യതയുണ്ടാകൂ.
അതായത്, നിശ്ചിത ശമ്പളമില്ലാത്ത ജോലി ചെയ്താല്‍ റീജിയണല്‍ പ്രൊവിഷണല്‍ വിസയില്‍ മൂന്നു വര്‍ഷം കഴിഞ്ഞാലും PR ലഭിക്കില്ല.
ഏതു ഉള്‍നാടന്‍ പ്രദേശത്തേക്കും പോകാം
നിലവിലുള്ള റീജിയണല്‍ വിസകളുടെ പ്രധാനപ്പെട്ട ഒരു നിബന്ധന, ഏതു പ്രദേശത്തേക്കാണോ വിസ ലഭിക്കുന്നത് അവിടെ മാത്രമേ നിര്‍ദ്ദിഷ്ട കാലാവധിയില്‍ ജീവിക്കാവൂ എന്നാണ്.
എന്നാല്‍ പുതിയ റീജിയണല്‍ വിസകള്‍ ലഭിക്കുന്നവര്‍ക്ക് ഓസ്‌ട്രേലിയയുടെ ഏതു ഭാഗത്തുള്ള ഉള്‍നാടന്‍ പ്രദേശങ്ങളിലും ചെറു നഗരങ്ങളിലും ജീവിക്കാം.
സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന പ്രമുഖ നഗരങ്ങളില്‍ ഈ മൂന്നു വര്‍ഷ കാലയളവില്‍ ജീവിക്കാനോ ജോലി ചെയ്യാനോ പാടില്ല.