മാസങ്ങള്‍ നീണ്ടു നിന്ന കാട്ടുതീയ്ക്ക് പിന്നാലെ ന്യൂസൗത്ത് വെയില്‍സില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം. ഏതാണ്ട് 20 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് രണ്ടു ദിവസം കൊണ്ട് സംസ്ഥാനത്തു പെയ്തിറങ്ങിയത്.
ഇതോടൊപ്പം ശക്തമായ കാറ്റും വീശിയതോടെ ഞായറാഴ്ച വ്യാപകമായ അപകടങ്ങളുണ്ടായി. വിവിധ നദികളില്‍ വെള്ളം അപകടകരമായ രീതിയില്‍ പൊങ്ങിയതോടെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
ഹോണ്‍സ്ബി മേഖലയില്‍ ഞായറാഴ്ച വെള്ളത്തില്‍ ഒലിച്ചുപോയ ഒരു കാറിലുണ്ടായിരുന്ന പുരുഷനു വേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
ഒന്നേകാല്‍ ലക്ഷത്തിലേറെ വീടുകളിലേക്കും മറ്റു കെട്ടിടങ്ങളിലേക്കുമുള്ള വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. 12 മണിക്കൂര്‍ കഴിഞ്ഞിട്ടും പലയിടത്തും വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
ജലനിരപ്പ് കാര്യമായി കുറഞ്ഞിരുന്ന സംസ്ഥാനത്തെ പല അണക്കെട്ടുകളിലേക്കും ശക്തമായ നീരൊഴുക്കാണ് ലഭിച്ചത്. 20 ശതമാനം വര്‍ദ്ധനവാണ് ഡാമുകളില്‍ ഒറ്റയടിക്കുണ്ടായത്.

Boundary Road, Roseville blocked off due to heavy flooding Source: Tim Pascoe

Source: Water NSW
ആശങ്കയ്‌ക്കൊപ്പം ആഘോഷവും
പേമാരി കനത്തതോടെ ജനങ്ങളോട് കഴിവതും വീട്ടില്‍ തന്നെ കഴിയാനാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്.
വൈദ്യുതി കമ്പികളിലും മറ്റും മരങ്ങള്‍ ഒടിഞ്ഞുവീണത് കനത്ത ആശങ്കയും ഉയര്‍ത്തിയിട്ടുണ്ട്. ഒപ്പം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതും.
എന്നാല്‍, കാട്ടുതീ ബാധിച്ചിരുന്ന പല മേഖലകളിലും ആവേശത്തോടെയാണ് ജനങ്ങള്‍ മഴയെ വരവേറ്റത്.
പലരും മഴവെള്ളം ആഘോഷമാക്കുന്ന ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

Tree falls on car in Sydney CBD Source: NSW Ambulance

Narrabeen, in Sydney's north floods. Source: Jacqui Kirk

Boy in Tempe enjoys playing in the street. Source: AAP