ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സർവകലാശാലകളിൽ ഒന്നായ ചാൾസ് സ്റ്റർട്ട് സർവകലാശാലയാണ് ആരോഗ്യ സംബന്ധമായ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ നിർബന്ധമാക്കിയത്.
രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിക്കാത്ത വിദ്യാർത്ഥികൾക്ക് 2022ൽ പ്ലേസ്മെന്റ് അനുവദിക്കില്ലെന്ന് ചാൾസ് സ്റ്റർട്ട് യൂണിവേഴ്സിറ്റി അറിയിച്ചു.
ആരോഗ്യ സംബന്ധമായ വിഷയങ്ങൾ പഠിക്കുന്ന 4,000 ത്തോളം വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്. ഒരു സമയത്ത് ഇതിൽ മൂന്നിൽ രണ്ട് പേർ ആശുപത്രികളിലും മറ്റ് ആരോഗ്യ സേവനങ്ങളിലും പ്ലേസ്മെന്റ് ചെയ്യാറുണ്ട്.
ഇവർക്ക് ആശുപത്രികളിൽ രോഗികളുമായും, പെട്ടെന്ന് രോഗം ബാധിക്കാൻ സാധ്യതയുള്ളവരുമായും ചേർന്ന് പ്രവർത്തിക്കേണ്ടി വരും. അതിനാൽ ഇവർ വാക്‌സിൻ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് സർവകലാശാലയുടെ ഹെൽത്ത് ആൻഡ് സയൻസ് വിഭാഗത്തിലെ എക്സിക്യൂട്ടീവ് ഡീൻ പ്രൊഫസ്സർ മീഗൻ സ്മിത്ത് വ്യക്തമാക്കി.
വാക്‌സിനേഷൻ പദ്ധതിയുടെ ഒന്നാം ഘട്ട എ യിൽ ആരോഗ്യ സംബന്ധമായ വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, വാക്‌സിൻ സ്വീകരിക്കാൻ താല്പര്യമില്ലാത്ത വിദ്യാർത്ഥികളുമായി ചർച്ചകൾ നടത്തുമെന്നും, ഇവരുടെ പ്ലേസ്‌മെന്റിന്റെ സാധ്യതയെക്കുറിച്ച് സംസാരിക്കുമെന്നും പ്രൊഫ. സ്മിത്ത് പറഞ്ഞു.
നിലവിൽ വിദ്യാർത്ഥികൾക്ക് ഹെപ്പറ്റൈറ്റിസ്, ഫ്ലൂ വാക്‌സിനുകൾ നിർബന്ധമാണ്.
13cabsഉം വാക്‌സിനേഷൻ നിർബന്ധമാക്കുന്നു
ടാക്സി കമ്പനിയായ 13cabs ഡ്രൈവർമാർക്ക് കൊവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കാൻ ഒരുങ്ങുന്നു.
പച്ചക്കറിയും പഴവർഗ്ഗങ്ങളും വിൽക്കുന്ന SPC കമ്പനിയും, വിമാനക്കമ്പനിയായ ക്വാണ്ടസും ജീവനക്കാർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 13cabs ന്റെയും തീരുമാനം.
ഇതുവഴി സിഡ്‌നിയിലും മെൽബണിലുമുള്ള 10,000 ലേറെ ജീവനക്കാർക്ക് വാക്‌സിനേഷൻ നിർബന്ധവുമാകും.
എന്നാൽ ഡ്രൈവർമാർക്ക് എന്ന് മുതൽ വാക്‌സിനേഷൻ നിർബന്ധമാക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
അതുവരെ, ആവശ്യമെങ്കിൽ യാത്രക്കാർക്ക് വാക്‌സിനേഷൻ സ്വീകരിച്ച ഡ്രൈവർമാരെ തെരഞ്ഞെടുക്കാമെന്ന് 13cabs ന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സ്റ്റുവർട്ട് ഓവറെൽ പറഞ്ഞു.
അതേസമയം, വാക്‌സിൻ സ്വീകരിക്കാൻ തയ്യാറാവാത്തവരെ, ഉപഭോക്താക്കളുമായി നേരിട്ടുള്ള ഇടപെടൽ ആവശ്യമില്ലാത്ത പാർസൽ ഡെലിവറി വിഭാഗത്തിലേക്കോ മറ്റോ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.