12 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ ഓസ്‌ട്രേലിയയിൽ അംഗീകാരം നൽകി. ഓസ്ട്രേലിയൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷനാണ് (ATAGI) ഈ വിഭാഗത്തിലുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ ശുപാർശ ചെയ്തത്.
ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിന് മാത്രമാണ് ഓസ്‌ട്രേലിയയിൽ അനുമതി നൽകിയിട്ടുള്ളത്.
ഈ വിഭാഗത്തിലുള്ള കുട്ടികൾക്ക് മാസ് വാക്‌സിനേഷൻ ഹബ്ബുകളിൽ എന്ന് മുതൽ വാക്‌സിനേഷൻ ലഭ്യമാകുമെന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളും ടെറിറ്ററികളും തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
സെപ്റ്റംബർ 13 ഓടെ ഈ വിഭാഗത്തിലുള്ളവർക്ക് വാക്‌സിനേഷൻ ബുക്കിംഗ് ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ന്യൂ സൗത്ത് വെയിൽസ്
ന്യൂ സൗത്ത് വെയിൽസിൽ 882 പുതിയ കൊവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. സംസ്ഥാനത്ത് പുതിയ രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ന്യൂ സൗത്ത് വെയിൽസിൽ 12-ാം ക്ലാസ്സുകാരുടെ
HSC പരീക്ഷ നവമ്പർ ഒൻപതാം തീയതിലേക്ക് മാറ്റുന്നതായും അധികൃതർ അറിയിച്ചു.
സ്കൂൾ ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന എല്ലാവരും നവംബര്‍ എട്ടോടെ വാക്‌സിനേഷൻ സ്വീകരിച്ചിരിക്കണമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.
ന്യൂ സൗത്ത് വെയിൽസിൽ നിലവിലെ രോഗബാധയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 81 ആയി ഉയർന്നു.

NSW Premier Gladys Berejiklian speaks to the media Source: AAP
ഇന്നലെ റിപ്പോർട്ട് ചെയ്ത 60 വയസിന് മുകളിൽ പ്രായമുള്ള വ്യക്തിയും 90 വയസിന് മേൽ പ്രായമുള്ള ഒരാളുമാണ് മരിച്ചത്.
ന്യൂ സൗത്ത് വെയിൽസിൽ നിലവിൽ 767 കൊവിഡ് രോഗികളാണ് ആശുപത്രികളിൽ ഉള്ളത്. ഇതിൽ 117 പേർ തീവ്രപരിചരണ വിഭാഗത്തിലും 47 പേർ വെന്റിലേറ്ററിലും ആണെന്ന് ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത് സ്ഥിരീകരിച്ചു.
വിക്ടോറിയ
വിക്ടോറിയയിൽ പുതുതായി 79 പ്രാദേശികമായുള്ള കൊവിഡ് ബാധ സ്ഥിരീകരിച്ചു.
ഉൾനാടൻ മേഖലയായ എച്ചുക്കയിൽ ഒരു ഏജഡ് കെയർ ജീവനക്കാരൻ കൊവിഡ് പോസിറ്റീവായതിന് പിന്നാലെ ഉൾനാടൻ വിക്ടോറിയയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് അധികൃതർ.
എച്ചുക്കയിലെ വാർപ്പറില്ല റെസിഡൻഷ്യൽ ഏജ്‌ഡ് കെയർ കേന്ദ്രത്തിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്രം ലോക്ക്ഡൗണിലാണ് എന്ന് അധികൃതർ പറഞ്ഞു.
രണ്ടു ഡോസും വാക്‌സിൻ സ്വീകരിച്ചിട്ടുള്ള ജീവനക്കാരനിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് പുതുതായി സ്ഥിരീകരിച്ച 79 കേസുകളിൽ 53 കേസുകൾ നിലവിലുള്ള കേസുകളുമായി ബന്ധമുള്ളതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. 26 പേരുടെ കാര്യത്തിൽ രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് നിലവിൽ 660 പേരിലാണ് സജീവമായി കൊവിഡ് രോഗമുള്ളത്. പത്തിൽ ഒന്ന് രോഗികൾ ഷേപ്പാർട്ടണിൽ ആണെന്നുമാണ് കണക്കുകൾ.
ഷേപ്പാർട്ടണിൽ 16,000 പേർ ഐസൊലേഷനിൽ ആണെന്ന് അധികൃതർ വ്യക്തമാക്കി.
ഇതേതുടർന്ന് ഫാർമസികൾ, സൂപ്പർമാർക്കറ്റുകൾ എന്നിവടങ്ങളിൽ തൊഴിലാളികളുടെ കുറവും കൂടുതൽ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.