ചൈനീസ് പുതുവര്‍ഷം, അഥവാ ലൂണാര്‍ ന്യൂ ഇയര്‍ സമയത്താണ് ഞങ്ങള്‍ ചൈനയിലേക്കെത്തിയത്.
പുതുവര്‍ഷ ആഘോഷങ്ങളുടെ കാഴ്ചകള്‍ക്കിടയിലും ഞങ്ങളുടെ ലക്ഷ്യങ്ങള്‍ പലതായിരുന്നു. ചൈനയിലെ അത്ഭുതങ്ങള്‍.
[node_list uuid="a486fa42-9ba7-431f-ba60-a5295bfc2ef7"]
അത്ഭുതത്തിന്റെ നെറുകയില്‍
ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് വന്മതില്‍ വരെയെത്താന്‍ ഒരു മണിക്കൂര്‍ നീണ്ട യാത്രയേ വേണ്ടിയിരുന്നുള്ളൂ. എന്നാല്‍ ലോകാത്ഭുതം കാണാനുള്ള ആകാംക്ഷ ആ ദൈര്‍ഘ്യത്തെ പോലും വര്‍ദ്ധിപ്പിച്ചു.
ചൈനീസ് പുതുവർഷമായ ലൂണാർ ന്യൂ ഇയർ സമയത്ത് തലസ്ഥാന നഗരിയിൽ എത്തിയതുകൊണ്ട് തന്നെ ചൈനയുടെ തെരുവോരങ്ങളെല്ലാം കടലാസു വിളക്കുകൾ കൊണ്ട് അലംകൃതമായിരുന്നു. ഓരോ വർഷവും ഓരോ മൃഗങ്ങളെയാണ് ഭാഗ്യത്തിന്റെ പ്രതീകമായി ചൈനക്കാർ കണക്കാക്കുന്നത്. 2018 ൽ അത് 'നായ' ആയിരുന്നതിനാൽ യാത്രയിലുടനീളം പല വർണ്ണങ്ങളിലുള്ള നായക്കുട്ടികളുടെ ബിംബങ്ങളും കാണാമായിരുന്നു.
ഒരു മണിക്കൂര്‍ നീണ്ട യാത്രക്കൊടുവിൽ മലമുകളില്‍ പണിതുയര്‍ത്തിയ വന്‍മതില്‍ കണ്ടതും ഒരു ആശങ്ക കൂടി ഉള്ളില്‍ ഉടലെടുത്തു. വന്‍മതിലിനടുത്തേക്ക് എങ്ങനെ കയറിച്ചെല്ലും. കുത്തനെയുള്ള നൂറുകണക്കിന് പടികള്‍ ദൂരെ നിന്നേ കാണാം. ആ പടിക്കെട്ടുകള്‍ നടന്നു കയറാന്‍ ഏതാണ്ട് മൂന്നര-നാല് മണിക്കൂറുകള്‍ എടുക്കുമത്രേ.
ആത്മീയതയുടെയോ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്തോടെയോ പടികളെല്ലാം ഇടവേളകളില്‍ ഇരുന്നും നിന്നും വിശ്രമിച്ച് കയറിത്തീര്‍ക്കുന്നവരുണ്ട്. പക്ഷെ മൂന്നര മണിക്കൂര്‍, കുട്ടികളുമായി പടി കയറുന്നത് അസാധ്യമാണെന്ന തിരിച്ചറിവ് നിരാശയുണ്ടാക്കി.
ഗൈഡ് ബാന്‍ബോ അതിനൊരു പരിഹാരം പറഞ്ഞുതന്നു. ഒരാള്‍ക്ക് 130 ചൈനീസ് യുവാന്‍, അതായത് ഏതാണ്ട് 26 ഓസ്‌ട്രേലിയന്‍ ഡോളര്‍ ചെലവാക്കി ടിക്കറ്റെടുത്താല്‍ വന്മതിലിലേക്ക് കേബിള്‍ കാര്‍ വഴി എത്തിക്കും. ഒട്ടും മടിച്ചില്ല. ടിക്കറ്റ് കൗണ്ടറിലെ നീണ്ട വരിയില്‍ മണിക്കൂറുകള്‍ നിന്ന് ടിക്കറ്റ് എടുത്ത് കേബിള്‍ കാറില്‍ കയറി.

Source: Salvi Manish
ഒരു കേബിള്‍ കാറില്‍ മൂന്നുപേര്‍ക്ക് ഇരിക്കാം. രണ്ടു കേബിള്‍ കാറുകളിലായി ഞങ്ങള്‍ വന്മതിലിലേക്ക് നീങ്ങി. സമുദ്രനിരപ്പില്‍ നിന്ന് 640 അടി ഉയരത്തിലാണ് ഞങ്ങള്‍ ഇപ്പോള്‍. നീളമുള്ള ഒരു കമ്പിയില്‍ ഞാന്നു കിടക്കുന്ന കേബിള്‍ കാറിന്റെ റെയിലില്‍ മുറുകെ പിടിച്ചിരിക്കുമ്പോഴും താഴേക്കുള്ള ആഴമല്ല, മുന്നിലുള്ള ലോകാത്ഭുതത്തിലേക്കായിരുന്നു ഞങ്ങളുടെ നോട്ടം. കീഴെ ഇടതൂര്‍ന്ന വനമാണ്. തുറന്ന കേബിള്‍ കാര്‍ ആയതുകൊണ്ട് തന്നെ ഉള്ളില്‍ നേരിയ പേടിയും തോന്നിത്തുടങ്ങിയിരുന്നു.
മുതിയാന്‍യു ഗ്രേറ്റ് വോള്‍ - വന്‍മതിലിന്റെ യഥാര്‍ത്ഥ പേര്.
ഇങ്ങനെ ഒരു പേര് ആ മഹാത്ഭുതത്തിനുണ്ടെന്നു എങ്ങും കേട്ടതായിപ്പോലും ഓര്‍ക്കുന്നില്ല! 6000 കിലോമീറ്റര്‍ നീളത്തില്‍ ഇങ്ങനെ നടുവ് നിവര്‍ത്തിക്കിടക്കുന്ന വന്മതില്‍ പണിയാന്‍ 20 വര്‍ഷങ്ങളെടുത്തു. കണ്ണെത്താദൂരത്തേക്ക് നീണ്ടുകിടക്കുന്ന വന്മതില്‍ ഇങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ മനുഷ്യന്റെ അധ്വാനത്തിന് അസാധ്യമായതൊന്നുമില്ലെന്ന് തോന്നി.
ഒരു വലിയ മലയുടെ മുകളിലൂടെ പതിനായിരക്കണക്കിന് ഇഷ്ടികക്കെട്ടുകള്‍ വെറുതെ നിരത്തി വച്ചിരിക്കുന്നതുപോലെ ലളിതം, ഭീമാകാരം.
കൊടിയ തണുപ്പായിരുന്നു അപ്പോള്‍ ചൈനയില്‍. അതുകൊണ്ടുതന്നെ വന്മതിലിന്റെ നെറുകയിലാകെ ഐസ് വീണുകിടക്കുന്നുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ മതില്‍പ്പൊക്കത്ത് പൊള്ളുന്ന ചൂടാണ് അനുഭവപ്പെട്ടത്.

The Great Wall of China Source: Salvi Manish
മതിലിന്റെ ഇരു വശത്തേക്കും അറ്റമറിയാത്ത വ്യാപ്തിയില്‍ വനമാണ്. അതിനിടയിലൂടെ ഒരു വലിയ മലമ്പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന വന്‍മതില്‍ ചൈനയുടെ 22 പ്രവിശ്യകളില്‍ 10 എണ്ണത്തിലൂടെയും കടന്നുപോകുന്നുണ്ട്. ആ ലോകാത്ഭുതത്തെ കാല്‍ക്കീഴിലാക്കി മതിവരുവോളം നടന്ന ശേഷം താഴേക്കിറങ്ങാനുള്ള വഴി തേടി.
സഞ്ചാരികള്‍ക്ക് ഏറെ ഹൃദ്യവും സൗകര്യപ്രദവുമായ രീതിയിലാണ് ചൈനയിലെ ഓരോ സ്ഥലവും ഒരുക്കിയിരിക്കുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സമുദ്രനിരപ്പില്‍ നിന്ന് 2,624 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വന്മതിലില്‍ നിന്നും താഴെക്ക് ഇറങ്ങുവാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ടുബാഗൻ റൈഡ്.
ഭംഗിയായി നിര്‍മിച്ചിരിക്കുന്ന സ്ലൈഡ് വഴി ഒഴുകിയിറങ്ങുന്ന, രണ്ടു പേര്‍ക്കിരിക്കാവുന്ന ടുബാഗനിലൂടെ വന്മതിലില്‍ നിന്നും സുരക്ഷിതമായി താഴേക്ക് ഊര്‍ന്നിറങ്ങാം. കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും, ആര്‍ക്കും ഒട്ടും ആശങ്കയില്ലാതെ ഉപയോഗിക്കാവുന്നതാണ് ടുബാഗൻ.
ടുബാഗനില്‍ മതിലിന്റെ ചുവട്ടിലേക്ക് നിരങ്ങുമ്പോള്‍ കുട്ടിക്കാലത്ത് കൂട്ടുകാരുമൊത്ത് കവുങ്ങിന്‍ പാളയിലിരുന്ന് വലിച്ചുകൊണ്ടു പോകുന്ന കളിയാണ് ഓര്‍മ്മയിലേക്ക് വന്നത്. ശരിക്കും ടുബാഗൻ ഒരു പാള പോലെയാണ്. നവീനമായ സാങ്കേതങ്ങളാല്‍ ഉണ്ടാക്കിയെടുത്ത ഒരു കവുങ്ങിന്‍ പാള.

The toboggan ride from the top of Great Wall of China Source: Salvi Manish
ചൈനയുടെ രാഷ്ട്രീയം
ചൈനയിലെ ഏത് വിനോദസഞ്ചാരകേന്ദ്രത്തില്‍ ചെല്ലുമ്പോഴുമുള്ള സുരക്ഷാ പരിശോധന വന്‍മതില്‍ യാത്രയിലും നടന്നു. പാസ്‌പോര്‍ട്ട് കയ്യില്‍ കരുതി വേണം ചൈനയിലുടനീളം സഞ്ചരിക്കാന്‍. അതാണ് നമ്മുടെ തിരിച്ചറിയല്‍ കാര്‍ഡ്. വിമാനത്താവളങ്ങളിലും മെട്രോ സ്റ്റേഷനുകളിലും ഒക്കെയുള്ള അതേ സുരക്ഷാ ഗേറ്റ് ഇവിടുത്തെ ഓരോ ടൂറിസ്റ്റു സങ്കേതത്തിലുമുണ്ട്.
ചിലയിടങ്ങളില്‍ വിരലടയാളം ഉപയോഗിച്ച് വേണം അകത്തു കടക്കാന്‍. വിദേശികളുടെയും സ്വദേശികളുടെയും ഓരോ നീക്കവും ഭരണകൂടം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നതിന്റെ തെളിവ്. അതിശയകരമായി തോന്നിയത് ചൈനയിലെ റോഡുകളില്‍ വെച്ചിരിക്കുന്ന ട്രാഫിക് ക്യാമറകളുടെ ബാഹുല്യവും കൃത്യതയുമാണ്. നിരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്ന വാഹനങ്ങളില്‍ ഒന്നുപോലും ഈ ക്യാമറക്കണ്ണുകളുടെ കാഴ്ചയില്‍പ്പെടാതെ പോകില്ലെന്ന് റോഡില്‍ നിരന്തരം മിന്നുന്ന ഫ്‌ലാഷ് ലൈറ്റുകളില്‍ നിന്നുതന്നെ വ്യക്തമാകും.
ഫേസ്ബുക്കും ഗൂഗിളുമൊക്കെ നിരോധിച്ചിരിക്കുകയാണ് ചൈനയില്‍. ജനങ്ങളെ കടിഞ്ഞാണിട്ട് ഭരിക്കുന്ന സംവിധാനം. ഇന്ത്യയിലെപ്പോലെ ജനാധിപത്യമല്ല, മറിച്ച് കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യം നിലകൊള്ളുന്ന നാട്. സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ പൗരന്‍മാര്‍ക്ക് പോലും അവകാശമില്ല. എന്തിന് ഒരു പ്രതിഷേധമോ പ്രക്ഷോഭമോ നടത്താന്‍ സര്‍ക്കാരിന്റെ അനുവാദം കൂടിയേ തീരൂ.
ഈ നിയന്ത്രണങ്ങളൊക്കെ ഉള്ളപ്പോഴും ചൈനക്കാര്‍ പ്രത്യക്ഷത്തില്‍ സന്തുഷ്ടരാണെന്ന് തോന്നി. വേണ്ട വികസനവും തൊഴിലും അവശ്യസാധനങ്ങളുടെ ലഭ്യതയും സഞ്ചാര സ്വാതന്ത്ര്യവുമൊക്കെ ഉള്ളതുകൊണ്ടാവണം ആരും പ്രത്യക്ഷത്തില്‍ പരാതിയില്ലാതെ ജീവിച്ചു പോകുന്നത്. അതോ പരാതി പറയാന്‍ നാവുയര്‍ത്താനുള്ള ഭയം കൊണ്ടോ!

Museum of the First National Congress of the Chinese Communist Party Source: Salvi Manish
നീലച്ചായത്തില്‍ പൊതിഞ്ഞ സ്വര്‍ഗ്ഗ ക്ഷേത്രം
ഇടയ്ക്കു കിട്ടുന്ന ചൂട് റൈസ് നൂഡില്‍സും റൈസ് സൂപ്പും ചൂട് കഞ്ഞി കുടിക്കുന്ന സ്വാദോടെ വലിച്ചു കുടിച്ചുകൊണ്ടാണ് തണുത്തുറഞ്ഞ ചരിത്ര ഭൂമിയിലൂടെയുള്ള യാത്ര തുടര്‍ന്നത്.
അടുത്ത യാത്ര ടെംപിള്‍ ഓഫ് ഹെവനിലേക്കായിരുന്നു. 1998-ല്‍ ലോക പൈതൃക പ്രദേശമായി UNESCO അംഗീകരിച്ച ഈ ക്ഷേത്രസമുച്ചയം 14 വര്‍ഷങ്ങള്‍ കൊണ്ട് പണികഴിപ്പിച്ചതാണ്. ചൈനയിലെ രാജവാഴ്ച്ചക്കാലത്ത് നല്ല വിളവെടുപ്പ് കിട്ടാനായി രാജാക്കന്മാര്‍ പ്രാര്‍ത്ഥനക്കായി ഒത്തുകൂടിയിരുന്ന ക്ഷേത്രം.

Lady engaged in making and selling dumplings in a Chinese street food stall Source: Salvi Manish
പ്രാചീന ചൈനീസ് നിര്‍മ്മിതികളുടെ ശില്‍പരീതിയില്‍ തന്നെയാണ് സ്വര്‍ഗ്ഗക്ഷേത്രവും പണികഴിപ്പിച്ചിട്ടുള്ളത്. എന്നാല്‍ മറ്റ് നിര്‍മ്മിതികളില്‍ നിന്ന് ഈ ക്ഷേത്രം വേറിട്ടു നില്‍ക്കുന്നത് അതിന്റെ നിറം കൊണ്ടാണ്. മഞ്ഞയും ചുവപ്പും നിറങ്ങളില്‍ തീനാളങ്ങളുടെ പ്രൗഢിയോടെ നില്‍ക്കുന്നതാണ് സാധാരണ പ്രാചീന ചൈനീസ് കൊട്ടാരങ്ങളും ക്ഷേത്രങ്ങളും. എന്നാല്‍ ടെമ്പിള്‍ ഓഫ് ഹെവന്‍ കടും നീല നിറത്തിലാണ്. എന്തുകൊണ്ടാണ് ഈ അപൂര്‍വ്വതയെന്ന ചോദ്യം ഉള്ളില്‍ ഉടലെടുത്തപ്പോള്‍ തന്നെ ഗൈഡ് ബാന്‍ബോ സംശയം നീക്കി. സ്വര്‍ഗത്തിന് ആകാശനീലിമയാണെന്ന വിശ്വാസം ചൈനയില്‍ നിലനിന്നിരുന്നു. അതാണ് സ്വര്‍ഗക്ഷേത്രത്തിന്റെ നിറഭേദത്തിന് കാരണം.
ഒരുപാട് വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും നാടായിരുന്നു ചൈനയെന്ന് കേട്ടിട്ടുണ്ട്. അത് ഒരു പരിധി വരെ ശരി വയ്ക്കും വിധമായിരുന്നു ബാന്‍ബോ പറഞ്ഞു തന്ന കഥകളും കാണിച്ചു തന്ന കാഴ്ചകളും.
ചുവന്ന നിറമാണത്രെ ചൈനക്കാര്‍ ഏറ്റവും ഭാഗ്യമുള്ള നിറമായി കണക്കാക്കുന്നത്. പര്‍പ്പിളും മഞ്ഞയും രാജശോഭയുടെ പ്രതീകങ്ങളാണ്. കറുപ്പ് ദൗര്‍ഭാഗ്യത്തിന്റെ നിറവും. ലോകത്തെവിടെയും പോലെ ചൈനയിലും കറുപ്പിന് അവഗണന തന്നെ!

The Temple of Heaven Source: Salvi Manish

Love locks with red ribbons on Zhangjiajie National Park tied by lovers who believe locked love never fails Source: Salvi Manish
നിറത്തില്‍ മാത്രമല്ല സംഖ്യകളിലും ഉണ്ട് ഇവര്‍ക്ക് വിശ്വാസം. നിരവധി പടികള്‍ കയറിയും ഇറങ്ങിയും വേണം ടെംപിള്‍ ഓഫ് ഹെവന് ഉള്ളിലെത്താന്‍. ഈ പടികളുടെ എണ്ണത്തിലും ഒരു വിശ്വാസം കുടികൊള്ളുന്നു. ഇവിടുത്തെ ഓരോ കൂട്ടം പടികളും ഒന്‍പതെണ്ണം വീതമാണ്. ഒന്‍പത് എന്ന സംഖ്യക്ക് ചൈനക്കാര്‍ കൊടുക്കുന്ന പ്രാധാന്യം അന്നാണ് മനസിലായത്. ചൈനക്കാര്‍ പരിപാവനമായ സംഖ്യയായി കണക്കാക്കുന്നത് ഒന്‍പതിനെയാണത്രെ. അതിനാല്‍ ഇവിടുത്തെ കവാടങ്ങളിലുള്ള വളയങ്ങളും പടികളുമെല്ലാം ഒന്‍പതെണ്ണത്തില്‍ തിട്ടപ്പെടുത്തിയിരിക്കുന്നു.
തലസ്ഥാന നഗരിയിലെ പ്രധാനകാഴ്ചകള്‍ കണ്ടു തീര്‍ന്ന ശേഷം ബാന്‍ബോയോട് നന്ദിയോടെ യാത്ര പറഞ്ഞ് ഹോട്ടല്‍ മുറിയിലെത്തി. മറ്റൊരു ചരിത്രഭൂമിയായ ഷിയാനിലേക്കാണ് ഇനി യാത്ര. ഷാങ്ക്‌സി പ്രവിശ്യയുടെ തലസ്ഥാനം. ചൈനയിലേക്ക് യാത്ര പുറപ്പെടും മുന്‍പേ ചെറിയ തോതില്‍ ഒരു ഗവേഷണം നടത്തിയിരുന്നു. അതിനിടെ മനസിലേക്ക് കയറിപ്പറ്റിയ സ്ഥലമാണ് ഷിയാന്‍. ഒരിക്കലും കാണാതെപോകരുതെന്ന് ഉള്ളില്‍ തോന്നിയ നാട്. പ്രാചീന ചൈനയുടെ തലസ്ഥാനം. വിഖ്യാതമായ സില്‍ക്ക് റൂട്ടിന്റെ ഉറവിടം. കളിമണ്‍ പോരാളികളുടെയും എരിവൂറും രുചികളുടെയും നാട്. ഏറെ കൗതുകത്തോടെയാണ് ഷിയാനിലേക്ക് യാത്ര തിരിച്ചത്.