കങ്കാരുവായി ഓസ്ട്രേലിയ, ആനയായി ഇന്ത്യ: G7 ഉച്ചകോടിയിലെ പ്രതിനിധികളെ പരിഹസിച്ച് ചൈനീസ് കാർട്ടൂൺ

ഉച്ചകോടിയിൽ പങ്കെടുത്ത ലോകരാഷ്ട്ര പ്രതിനിധികളെ പരിഹസിച്ച് ചൈനീസ് കാർട്ടൂൺ പുറത്തിറങ്ങി. കങ്കാരുവായാണ് ഓസ്‌ട്രേലിയയെ ചിത്രീകരിച്ചിരിക്കുന്നത്.

Chinese cartoon

Source: Bantonglaoatang

ബ്രിട്ടനിൽ വച്ച് നടന്ന 47മത്‌ G7 ഉച്ചകോടിയിൽ പങ്കെടുത്ത ഓസ്ട്രേലിയ, ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, കാനഡ, ജപ്പാൻ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെ പരിഹസിച്ചാണ് ചൈനീസ് കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.

കൊറോണവൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടുള്ള കാര്യത്തിൽ ചൈന കൂടുതൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു G7 ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയം.

ഇതിൽ പരിഹസിച്ചാണ് ചൈനീസ് കാർട്ടൂൺ പുറത്തിറങ്ങിയത്. Bantonglaoatang എന്ന കാർട്ടുണിസ്റ്റ് വരച്ച കാർട്ടൂൺ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശബ്ദമെന്നറിയപ്പെടുന്ന ദി ഗ്ലോബൽ ടൈംസ് ആണ് പ്രസിദ്ധീകരിച്ചത്.

ഓരോ രാജ്യങ്ങളിലെയും പ്രതിനിധികളെ മൃഗങ്ങളായി ചിത്രീകരിച്ചാണ് കാർട്ടൂൺ. പ്രസിദ്ധ ചിത്രകാരനായ ലിയനാർഡോ ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പർ അഥവാ ഒടുവിലത്തെ അത്താഴത്തെ ആസ്പദമാക്കിയാണ് കാർട്ടൂൺ വരച്ചിരിക്കുന്നത്.

യേശുക്രിസ്തുവിന് ചുറ്റുമിരുന്ന് അത്താഴം കഴിക്കുന്ന ശിഷ്യന്മാർക്ക് പകരമാണ് രാഷ്ട്രനേതാക്കളെ പ്രതിനിധീകരിച്ചുള്ള മൃഗങ്ങൾ.

'ദി ലാസ്റ്റ് G7' എന്നാണ് കാർട്ടൂണിന്റെ തലക്കെട്ട്. ഇതിൽ നീലയുടുപ്പണിഞ്ഞ കങ്കാരൂവാണ് ഓസ്‌ട്രേലിയ. 

മാത്രമല്ല, ഓസ്‌ട്രേലിയയുടെ ഇരട്ടത്താപ്പ് നയമാണ് കാർട്ടൂണിൽ വ്യക്തമാക്കിയിരിക്കുന്നതെന്ന് ഷാർപ് ടൻഗഡ് പംപ്കിൻ എന്ന വ്‌ളോഗറെ ഉദ്ധരിച്ച് ദി ഗ്ലോബൽ ടൈംസ് വ്യക്തമാക്കി.

കാർട്ടൂണിൽ കങ്കാരുവിന്റെ ഒരു കൈ മേശപ്പുറത്ത് വച്ചിരിക്കുന്ന നോട്ടുകെട്ടുകളിലേക്ക് നീളുന്നതും, ഇടതു കൈയിൽ ഒരു ചെറിയ ബാഗ് മുറുക്കെ പിടിച്ചിരിക്കുന്നതും കാണാം.

ചൈനയെ അടിച്ചമർത്താൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഓസ്ട്രേലിയ, വ്യാപാര പങ്കാളിയായ ചൈനയിൽ നിന്ന് പണം സമ്പാദിക്കാൻ ശ്രമിക്കുന്നതാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നതെന്നാണ് ഗ്ലോബൽ ടൈംസിൽ സൂചിപ്പിച്ചിരിക്കുന്നത്.

കാർട്ടൂണിലുള്ള ആനയാണ് ഇന്ത്യ. അമേരിക്ക പരുന്ത്, യു കെ സിംഹം, കാനഡ നീര്‍നായ്, ഫ്രാൻസ് പൂവങ്കോഴി, ഇറ്റലി ചെന്നായ്, ജപ്പാൻ നായ, ജർമ്മനി കറുത്ത കഴുകൻ എന്നിങ്ങനെയാണ് ഓരോ പ്രതിനിധികളെയും കാർട്ടൂണിൽ പരിഹസിച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിക്കിടക്കുകയാണെങ്കിലും ചൈനക്ക് നേരെ വിരൽ ചൂണ്ടുന്ന അമേരിക്കയെയാണ് പരുന്തായി കാർട്ടൂണിൽ വരച്ചിരിക്കുന്നതെന്നാണ് വ്‌ളോഗറുടെ വിശദീകരണം.

"Through this we can still rule the world" എന്ന ഒരു വരിയും ഇതിൽ എഴുതിച്ചേർത്തിട്ടുണ്ട്.

ചൈനയിൽ പ്രചാരത്തിലുള്ള സമൂഹമാധ്യമമായ വീബോയിൽ വൈറൽ ആയിരിക്കുകയാണ് ഈ കാർട്ടൂൺ. 

നിരവധി പേരാണ് കാർട്ടൂണിനെ വിമർശിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.

കാർട്ടൂണിലൂടെ ഇന്ത്യയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയും പലരും പ്രതികരിച്ചു.

അതേസമയം, ചൈനയെ പ്രശംസിച്ചുകൊണ്ടുള്ള ട്വീറ്റുകളും വിരളമല്ല.


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്കും വിശേഷങ്ങൾക്കും എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


 

 


Share

2 min read

Published

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now