“ഇനി പുതിയ തുടക്കം”: ന്യൂ സൗത്ത് വെയിൽസിൽ ലേബർ അധികാരത്തിൽ; ക്രിസ് മിൻസ് പ്രീമിയർ

ന്യൂ സൗത്ത് വെയിൽസിലും ലേബർ പാർട്ടി അധികാരം ഉറപ്പിച്ചതോടെ, ഓസ്ട്രേലിയയിൽ ലിബറൽ പാർട്ടിയുടെ അധികാരം ടാസ്മേനിയയിൽ മാത്രമായി ചുരുങ്ങി.

A man and a woman celebrating

Labor leader and Premier-elect Chris Minns, čelnik Laburističke stranke i novoizabrani premijer Novog Južnog Walesa sa suprugom Annom na proslavi izbornih rezultata Source: AAP / Dean Lewins

12 വർഷത്തെ ലിബറൽ-നാഷണൽ സഖ്യത്തിന് അവസാനം കുറിച്ചാണ് ക്രിസ് മിൻസിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി ന്യൂ സൗത്ത് വെയിൽസിൽ അധികാരത്തിലേക്കെത്തുന്നത്.

ശനിയാഴ്ച നടന്ന സംസ്ഥാന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലേബർ കുറഞ്ഞത് 47 സീറ്റുകൾ നേടുമെന്ന് ഉറപ്പായി.

93 അംഗ പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 47 സീറ്റുകളാണ്.

ഏഴു ശതമാനത്തിലേറെ വോട്ടുകളാണ് സംസ്ഥാന വ്യാപകമായി ലേബറിന് അനുകൂലമായി മാറിയത്.

പാരമറ്റയും, പെൻറിത്തും ഉൾപ്പെടെയുള്ള പശ്ചിമ സിഡ്നിയിലെ സീറ്റുകൾ ലിബറലിൽ നിന്ന് ലേബർ പിടിച്ചെടുക്കുകയും ചെയ്തു.

ഈ തെരഞ്ഞെടുപ്പിന് മുമ്പ് ഓസ്ട്രേലിയൻ വൻകര പ്രദേശത്ത് നിലവിലുണ്ടായിരുന്ന ഏക ലിബറൽ പാർട്ടി സർക്കാരായിരുന്നു NSWലേത്.

NSW കൂടെ ലേബർ പിടിച്ചെടുത്തതോടെ, ഫെഡറൽ സർക്കാരും, വൻകരയിലെ അഞ്ച് സംസ്ഥാന സർക്കാരുകളും, രണ്ട് ടെറിട്ടറി സർക്കാരുകളും ലേബർ നിയന്ത്രണത്തിലായി.

ടാസ്മേനിയയിൽ മാത്രമാണ് ലിബറൽ സർക്കാർ നിലവിലുള്ളത്.

പുതിയ തുടക്കം

ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെ ക്രിസ് മിൻസിനെ ഫോണിൽ വിളിച്ച് നിലവിലെ പ്രീമിയർ ഡൊമിനിക് പെരോറ്റെ തോൽവി സമ്മതിച്ചു.

സംസ്ഥാനത്തെ ജനങ്ങളെ താൻ നിരാശപ്പെടുത്തില്ലെന്ന് പിന്നീട് വിജയപ്രസംഗത്തിൽ ക്രിസ് മിൻസ് പറഞ്ഞു.

സംസ്ഥാനത്തിന് ഇത് ഒരു പുതിയ തുടക്കമായിരിക്കുമെന്നും, എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടിയുള്ള ഭരണമായിരിക്കും ലേബറിന്റേതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സ്ഥാനമൊഴിയുന്ന പ്രീമിയർ പെരോറ്റെയെയും അദ്ദേഹം അഭിനന്ദിച്ചു. പരസ്പര ബഹുമാനത്തിന്റെയും, സംസ്കാരത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി ആന്തണി അൽബനീസി തന്നെ സിഡ്നിയിൽ തെരഞ്ഞെടുപ്പ് ദിവസം പ്രചാരണത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നു.

വിജയപ്രഖ്യാപന ചടങ്ങിൽ ക്രിസ് മിൻസിനെ വേദിയിലേക്ക് ആനയിച്ചതും അൽബനീസിയാണ്.

പ്രചാരണകാലത്തെല്ലാം അൽബനീസി ക്രിസ് മിൻസിനൊപ്പം പല പരിപാടികളിൽ പങ്കെടുത്തിരുന്നു.

അതേസമയം, ഫെഡറൽ പ്രതിപക്ഷ നേതാവ് പീറ്റർ ഡറ്റന്റെ അസാന്നിദ്ധ്യവും NSW തെരഞ്ഞെടുപ്പ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

പുതിയ പ്രീമിയർക്കൊപ്പം അണിനിരക്കാൻ NSWലെ ജനങ്ങളോട് ഡൊമിനിക് പെരോറ്റെ ആഹ്വാനം ചെയ്തു.

18 മാസം മുമ്പായിരുന്നു ഡൊമിനിക് പെരോറ്റെ NSW പ്രീമിയറായത്. ഗ്ലാഡിസ് ബെറെജെക്ലിയൻ രാജിവച്ചപ്പോഴായിരുന്നു അദ്ദേഹം പ്രീമിയർ സ്ഥാനത്തേക്കെത്തിയത്.

NSW STATE ELECTION
NSW Premier Dominic Perrottet with his wife Helen Perrottet and daughter Celeste arrive to cast their votes on NSW state election day. Source: AAP / AAP

ഏറ്റവും കഠിനമായ സാഹചര്യത്തിലാണ് അദ്ദേഹം പ്രീമിയറായതെന്നും, അത് മികച്ച രീതിയിൽ പൂർത്തിയാക്കിയ ഭരണാധികാരിയാണ് പെരോറ്റെയെന്നും മുൻ പ്രധാനമന്ത്രി ജോൺ ഹോവാർഡ് പറഞ്ഞു.

സംസ്ഥാനത്ത് ഇനി എന്തു മാറ്റം?

ജീവിതച്ചെലവ് പിടിച്ചുനിർത്തലാകും മിൻസ് സർക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി.

റോഡ് ടോളുകൾക്ക് ആഴ്ചയിൽ പരമാവധി 60 ഡോളർ എന്ന പരിധി ഏർപ്പെടുത്തും എന്നാണ് ലേബറിന്റെ വാഗ്ദാനം.

ആരോഗ്യമേഖലാ പ്രവർത്തകരും, അധ്യാപകരും, പൊലീസും ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് കൂടുതൽ ശമ്പള വർദ്ധനവും ക്രിസ് മിൻസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലിബറൽ സർക്കാർ വർഷം പരമാവധി മൂന്നു വർഷമായി ശമ്പളവർദ്ധനവ് നിജപ്പെടുത്തിയിരുന്നു. അത് മാറ്റും എന്നാണ് പ്രഖ്യാപനം.

അടിസ്ഥാന സൗകര്യവികസന മേഖലയിലെ ചെലവ് നിയന്ത്രിക്കാനാണ് ലേബറിന്റെ മറ്റൊരു പദ്ധതി. ലിബറൽ വാഗ്ദാനം ചെയ്തിരുന്ന രണ്ട് റോഡ് ടണൽ പദ്ധതികളും, രണ്ട് മെട്രോ ലൈനുകളും ഒഴിവാക്കും എന്നാണ് പ്രഖ്യാപനം.

എട്ടു ലക്ഷം ഡോളർ വരെയുള്ള വീടുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമെന്നും, വാടകവീട് കിട്ടുന്നതിനുള്ള രഹസ്യ ബിഡ്ഡിംഗ് നിയമവിരുദ്ധമാക്കുമെന്നും ക്രിസ് മിൻസ് പ്രഖ്യാപിച്ചിട്ടുണ്ട്.


Share

2 min read

Published

By Deeju Sivadas

Source: AAP




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now