പ്രാദേശിക സമയം ഉച്ചയ്ക്ക് 1.45നാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ മസ്ജിദ് അല്‍ നൂര്‍ പള്ളിയില്‍ വെടിവയ്പ്പുണ്ടായത്.
ലിന്‍വുഡ് മസ്ജിദ് പള്ളിയിലും ഇതേസമയം വെടിവയ്പ്പുണ്ടായി
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി ഒട്ടനവധി പേര്‍ ഈ സമയം പള്ളികളിലുണ്ടായിരുന്നു.
തോക്കുമായി പള്ളിയിലേക്കെത്തിയ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മസ്ജിദ് അല്‍ നൂര്‍ പള്ളിയിലുണ്ടായിരുന്നയാള്‍ TVNZ ചാനലിനോട് പറഞ്ഞു. പല തവണ വെടിയൊച്ച കേട്ടെന്നും, താനുള്‍പ്പെടെ അവിടെയുണ്ടായിരുന്നവര്‍ ഇറങ്ങിയോടുകയായിരുന്നുവെന്നും ഈ ദൃക്‌സാക്ഷി പറഞ്ഞു.
സൈനിക വേഷമണിഞ്ഞിരുന്ന അക്രമി, ഓട്ടമാറ്റിക് റൈഫിളുമായാണ് പള്ളിയിലേക്കെത്തിയതെന്നും ദൃക്‌സാക്ഷികള്‍ വിവരിച്ചു.

Christchurch Mosque Source: Twitter
30 പേരോളം മരിച്ചതായി എ ബി സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ കണക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
വെടിയേറ്റ് കുറഞ്ഞത് നാലുപേരെങ്കിലും നിലത്തു വീഴുന്നത് കണ്ടെന്നും, പ്രദേശം മുഴുവന്‍ രക്തത്തില്‍ കുളിച്ചിരിക്കുകയാണെന്നും മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു.

Source: AAP
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പിടികൂടിയതായി ന്യൂസിലന്റ് പൊലീസ് അറിയിച്ചു. മൂന്ന് പുരുഷന്മാരും ഒഎസ് സ്ത്രീയുമാണ് അറസ്റ്റിലായത്. പൊലീസ് നടപടികള്‍ തുടരുകയാണ്.
പ്രദേശത്തെ സ്‌കൂളുകളെല്ലാം അടയ്ക്കാന്‍ പൊലീസ് നിര്‍ദ്ദേശം നൽകി. ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പള്ളിയില്‍
ആക്രമണം നടക്കുന്ന സമയത്ത് ബംഗ്ലാദേശിന്റെ ദേശീയ ക്രിക്കറ്റ്ടീമും മസ്ജിദ് അല്‍ നൂര്‍ പള്ളിയിലുണ്ടായിരുന്നു.
എന്നാല്‍ ടീമംഗങ്ങളെല്ലാം രക്ഷപ്പെട്ടതായി ടീമധികൃതര്‍ അറിയിച്ചു. ടീം പള്ളിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ ESPN ക്രിക്കറ്റ് റിപ്പോര്ട്ടര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ന്യൂസിലന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിവസങ്ങളിലൊന്നാണ് ഇതെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പ്രതികരിച്ചു.
ന്യൂസിലന്റിനെ സ്വന്തം വീടായി കാണുന്ന നിരവധി കുടിയേറ്റക്കാര്‍ക്കു നേരേയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഇത്തരം ആക്രമണം നടത്തിയവരെ ന്യൂസിലാന്റുകാരായി കണക്കാക്കാന്‍ കഴിയില്ലെന്നും പ്രധാമന്ത്രി പറഞ്ഞു.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനും ആക്രമണത്തെ അപലപിച്ചു.