1960 മുതൽ 20 വർഷത്തോളം വിക്ടോറിയയിലെ വിവിധ സ്‌കൂളുകളിലുള്ള 11 ഓളം ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്തിന് 2011 ൽ റോബർട്ടിനെ മെൽബൺ കൗണ്ടി കോടതി കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. ഈ കേസില്‍ റോബര്‍ട്ട് ബെസ്റ്റിന് 14 വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചിരുന്നു.
ഈ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് 20 കുട്ടികളെ കൂടി ലൈംഗികമായി പീഡിപ്പിച്ചു എന്ന് റോബര്‍ട്ട് ബെസ്റ്റ് കുറ്റസമ്മതം നടത്തിയത്. ഇതോടെ പത്തു വര്‍ഷത്തേക്കും അഞ്ചു മാസത്തേക്കും കൂടി പുതിയ ശിക്ഷ വിധിക്കുകയായിരുന്നു.
വൈദികന്റെ പെരുമാറ്റം അറപ്പും വെറുപ്പും ഉളവാക്കുന്നതെന്ന് കോടതി
സ്‌കൂള്‍ മൈതാനത്തും ഓഫീസിലും മറ്റു കുട്ടികളുടെ മുന്നിലും വച്ച് റോബര്‍ട്ട് ബെസ്റ്റ് കുട്ടികളെ പീഡിപ്പിച്ചിരുന്നതായാണ് കോടതി ചൂണ്ടിക്കാട്ടിയത്. ക്ലാസ്സിന് ശേഷം സ്‌കൂളിൽ തന്നെ നിൽക്കാൻ ആവശ്യപ്പെട്ട ശേഷവും ഒരു കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി .
വൈദികന്റെ പെരുമാറ്റം അറപ്പും വെറുപ്പും ഉളവാക്കുന്നതാണെന്ന് പറഞ്ഞ കോടതി, വിധിപ്രസ്താവത്തില്‍ കടുത്ത പരാമര്‍ശങ്ങളാണ് നടത്തിയത്.
പീഡനത്തിനിരയായ കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകളും ആത്മഹത്യാപ്രവണതയും മയക്കുമരുന്നു ഉപയോഗിക്കാനുള്ള പ്രവണതും ഉണ്ടായതായി ജഡ്ജി പരാമർശിച്ചു .
1968 മുതൽ 1988 വരെ ബലറാട്ട്, ബോക്സ് ഹിൽ, ജീലോങ്, എസ്സെൻഡൻ എന്നിവിടങ്ങളിലെ നാല് സ്‌കൂളുകളിൽ പഠിച്ചുകൊണ്ടിരുന്ന ആൺകുട്ടികളാണ് റോബർട്ടിന്റെ പീഡനത്തിനിരയായത് എന്നാണ് കേസ്.
കേസിനായി സഭ ചെലവാക്കിയത് 1.5 മില്യണിലേറെ ഡോളര്‍
റോബര്‍ട്ട് ബെസ്റ്റിന്റെ കേസ് നടത്തിപ്പിനായി ക്രിസ്ത്യന്‍ ബ്രദേഴ്‌സ് സന്യാസി സമൂഹം ചെലവാക്കിയിരിക്കുന്നത് 15 ലക്ഷത്തിലേറെ ഡോളറാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കേസിന്റെ നടത്തിപ്പിനായി 2015 വരെ 15.3 ലക്ഷം ഡോളര്‍ സഭ ചെലവാക്കി. ആദ്യ കേസില്‍ കോടതി റോബര്‍ട്ട് ബെസ്റ്റിനെ ശിക്ഷിച്ച ശേഷവും തുടര്‍ന്നുള്ള കേസ് നടത്തിപ്പിന് സഭ തന്നെയാണ് പണം ചെലവഴിച്ചത്.
ബാലപീഡന കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ക്കു വേണ്ടി കത്തോലിക്കാ സഭ വീണ്ടും പണം ചെലവാക്കുന്നത് അതിശയിപ്പിക്കുന്ന കാര്യമാണെന്ന് വിക്ടോറിയന്‍ കൗണ്ടി കോടതി ജഡ്ജി ചൂണ്ടിക്കാട്ടുകയും ചെയ്തു.
എന്നാല്‍, ഈ കേസില്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറായതുകൊണ്ടു മാത്രമാണ് ചെലവ് വഹിച്ചത് എന്ന് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ഓഷ്യാനിയ പ്രൊവിന്‍സ് മേധാവി ബ്രദര്‍ പീറ്റര്‍ ക്ലിഞ്ച് പറഞ്ഞു.