മലയാളികൾ അറിഞ്ഞിരിക്കേണ്ട എല്ലാ ഓസ്ട്രേലിയൻ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ - SBS മലയാളം വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യുക...
സൽപ്പേര് കളങ്കപ്പെടുത്തുകയാണെന്നാരോപിച്ചാണ് മാധ്യമ സ്ഥാപനമായ ABC ക്കെതിരെയും മാധ്യമ പ്രവർത്തകയായ ലൂയിസ് മില്ലിഗനെതിരെയും അറ്റോർണി ജനറൽ ക്രിസ്റ്റ്യൻ പോർട്ടർ കോടതിയെ സമീപിച്ചത്. ഒരു കാബിനറ്റ് മന്ത്രിക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച് പ്രധാന മന്ത്രിക്ക് കത്ത് ലഭിച്ചെന്ന ABC ഓൺലൈൻ വാർത്തക്കെതിരെയാണ് നിയമ നടപടി.
പേര് വെളിപ്പെടുത്താതെ, ഒരു കാബിനറ്റ് മന്ത്രി എന്ന രീതിയിൽ തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ABC, ഓൺലൈൻ വാർത്തയിൽ നൽകിയെന്നാണ് പോർട്ടറുടെ പ്രധാന ആരോപണം. വാർത്തയിൽ മന്ത്രിയുടെ പേര് പരാമർശിച്ചിരുന്നില്ലെങ്കിലും ആരോപണവിധേയൻ താനാണെന്ന് തിരിച്ചറിയാവുന്ന രീതിയിലാണ് വാർത്ത നൽകിയതെന്നും ക്രിസ്റ്റ്യൻ പോർട്ടർ ആരോപിക്കുന്നു. ആരോപണങ്ങൾ ക്രിസ്റ്റ്യൻ പോർട്ടർ നേരത്തെ നിഷേധിച്ചിരുന്നു.
ആരോപണങ്ങളെ സാധൂകരിക്കുന്ന രേഖകളൊന്നുമില്ലെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി ക്രിസ്റ്റ്യൻ പോർട്ടർ മാധ്യമ വിചാരണ നേരിടുകയാണെന്നും ക്രിസ്റ്റ്യൻ പോർട്ടറുടെ അഭിഭാഷകൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
ABC മാധ്യമ വിചാരണയാണ് നടത്തിയതെന്നും ABC പ്രതിനിധി മില്ലിഗൻ പ്രതികാര മനോഭാവത്തോടെ പോർട്ടറുടെ പ്രതിഛായ തകർക്കാൻ ശ്രമിച്ചുവെന്നും അഭിഭാഷകർ ആരോപിച്ചു.
ABC ക്കും മില്ലിഗനും ആരോപണങ്ങളുടെ സത്യാവസ്ഥ സംബന്ധിച്ച വാദം ഉണ്ടെങ്കിൽ കോടതിയിൽ അവ ഉന്നയിക്കാമെന്നും ക്രിസ്റ്റ്യൻ പോർട്ടറുടെ അഭിഭാഷകൻ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം പോർട്ടറുടെ മാനനഷ്ട കേസിനെ നിയമപരമായി പ്രതിരോധിക്കുമെന്ന് ABC വ്യക്തമാക്കി.