ക്രിസ്മസ് അവധി ദിവസങ്ങളിൽ ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലായി നിരവധി മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
മൂന്ന് വിക്ടോറിയക്കാരും, സൗത്ത് ഓസ്‌ട്രേലിയയിലെ ഒരു വനിതയും, തായ്‌വാനിൽ നിന്ന് സന്ദര്ശനത്തിനെത്തിയ ഒരാളും മുങ്ങി മരിച്ചവരിൽ ഉൾപ്പെടുന്നു.
മെൽബണിന്റെ തെക്ക് ഭാഗത്തുള്ള മോഡിയാലക്കിൽ 17 വയസ്സുകാരൻ മുങ്ങി മരിച്ചു.
വിക്ടോറിയയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള എബ്ഡനിലെ തടാകത്തിൽ 30നും 35 നും ഇടയ്ക്ക് പ്രായമുള്ളയാൾ മുങ്ങിമരിച്ചു. തന്റെ നായയുടെ പുറകെ ഓടിയ വ്യക്തിയാണ് കങ്കാരൂ പോയിന്റിൽ മുങ്ങി മരിച്ചത്.
സൗത്ത് ഓസ്‌ട്രേലിയയിൽ 73 വയസ്സുള്ള സ്ത്രീ അഡലൈഡിന്റെ തെക്ക് ഭാഗത്തുള്ള സീക്ലിഫിൽ മുങ്ങിമരിച്ചു.
മൂന്ന് മുങ്ങി മരണങ്ങളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. ക്രിസ്മസ് ദിനത്തിൽ രണ്ട് മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്രിസ്മസ് ദിനത്തിൽ വിക്ടോറിയയിലെ ലോൺ എന്ന സ്ഥലത്ത് ഒരു 19 വയസ്സുകാരൻ മുങ്ങി മരിച്ചു.
ക്രിസ്മസ് ദിനത്തിൽ കാണാതായ തായ്‌വാനിൽ നിന്നുള്ള വ്യക്തിയുടെ മൃതദേഹം വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ കൽക്കരി ഖനിക്ക് സമീപത്തുള്ള തടാകത്തിൽ നിന്ന് കണ്ടെടുത്തു.
ബീച്ചുകൾ സന്ദർശിക്കുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ്
ബീച്ചുകൾ സന്ദർശിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ലൈഫ് സേവിംഗ് വിക്ടോറിയ ആവശ്യപ്പെട്ടു.
ഒറ്റയ്ക്ക് നീന്തുന്നത് ഒഴിവാക്കണമെന്നും, ബീച്ചുകളിൽ അനുവദിച്ചിട്ടുള്ള മേഖലകളിൽ മാത്രം നീന്തുക എന്നതുമാണ് ലൈഫ് സേവിംഗ് വിക്ടോറിയ നൽകുന്ന നിർദ്ദേശം.
രാജ്യത്തിൻറെ പല ഭാഗങ്ങളിലും കടുത്ത ചൂടുള്ള സാഹചര്യത്തിൽ നിരവധി പേർ ബീച്ചുകൾ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രിസ്മസ് രാവിനും ബോക്സിംഗ് ഡേയ്ക്കുമിടയിൽ വിക്ടോറിയൻ ലൈഫ് സേവർമാരും ലൈഫ് ഗാർഡുകളും 48 രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്.