പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രതിഷേധം രൂക്ഷമാവുകയാണ്.
അസമിലും ത്രിപുരയിലും ആയിരങ്ങൾ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി. പോലീസുകാരുമായുള്ള ഏറ്റുമുട്ടലിൽ കുറഞ്ഞത് രണ്ടു പേരെങ്കിലും മരിച്ചിട്ടുണ്ട്.
മൂന്ന് മുസ്‌ലീം രാജ്യങ്ങളിൽ നിന്നുള്ള അമുസ്ലീങ്ങളായിട്ടുള്ള അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന നിയമമാണ് ഇന്ത്യൻ പാർലമെന്റിൽ പാസായത്. ഇതേത്തുടർന്നാണ് രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നത്.
മെൽബണിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ (IOC) നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ തെലങ്കാനയിൽ നിന്നുള്ള കോൺഗ്രസ്സ് എംപി കൊമട്ടിറെഡ്ഡി വെങ്കട് റെഡ്ഡി പങ്കെടുത്തു.

പൗരത്വ ബില്ലിനെതിരെ ഉയരുന്ന എതിർപ്പുകൾ ശ്രദ്ധിക്കാൻ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തയ്യാറാകുന്നില്ല.
കശ്‍മീർ വിഷയത്തിലും കോൺഗ്രസ്സുമായി മോദി സർക്കാർ ചർച്ച നടത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മാത്രമാണ് സർക്കാരിന്റെ ശ്രദ്ധ.

പൗരത്വ നിയമ ഭേദഗതി പിൻവലിക്കണെമെന്നതാണ് കോൺഗ്രസ്സിന്റെ ആവശ്യമെന്ന് അദ്ദേഹം എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ പ്രതിസന്ധിയും പരിഹരിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം വിവേചനങ്ങൾ അന്താരാഷ്ട്ര പ്രസക്തിയുള്ള വിഷയമായതിനാലാണ് ഓസ്‌ട്രേലിയയിലും പ്രതിഷേധം സംഘടിപ്പിച്ചതെന്ന് IOC കേരള ചാപ്റ്റർ പ്രസിഡണ്ട് സുരേഷ് വല്ലത്ത് പറഞ്ഞു.

കോൺഗ്രസ്സ് അനുഭാവികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ മറ്റുള്ളവരും പങ്കെടുത്തു.
ഇന്ത്യയിൽ നടക്കുന്ന അനീതിക്കെതിരെ ലോകത്തെവിടെയുമുള്ള പ്രവാസികൾ പ്രതിഷേധിക്കേണ്ടതാണെന്ന് ഇടതുപക്ഷ അനുഭാവിയായ തിരുവല്ലം ഭാസി പറഞ്ഞു.

സിഡ്‌നിയിൽ പാരമറ്റ പാർക്കിലായിരുന്നു പ്രതിഷേധം നടന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറിയിട്ടുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
