- അഞ്ചു വർഷത്തിലൊരിക്കൽ എസ് ബി എസ് ഭാഷാ സേവനങ്ങളുടെ അവലോകനം നടത്താറുണ്ട്
- 2021 ഒക്ടോബർ അഞ്ച് മുതൽ നവംബർ 12 വരെയുള്ള ആറാഴ്ചകളിലാണ് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാവുന്നത്.
- ഈ പുനരവലോകനത്തിന്റെ അടിസ്ഥാനത്തിലുള്ള എസ്.ബി.എസ് ഭാഷാ സേവനങ്ങൾ 2022 ൽ തന്നെ നടപ്പാക്കും.
എട്ട് വ്യത്യസ്ത ഭാഷാ പരിപാടികളുമായി 1975 ലാണ് എസ് ബി എസ് ആരംഭിച്ചത്.
ഇപ്പോൾ 46 വർഷങ്ങൾക്ക് ശേഷം വിവിധ പ്ലാറ്റ്‌ഫോമുകളിലായി 60 ലേറെ ഭാഷകളിലാണ് എസ് ബി എസ് പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത്.
ഓസ്‌ട്രേലിയയിലെ ബഹുസാംസ്കാരിക ബഹുഭാഷാ സമൂഹത്തിന്, അവരുടെ സ്വന്തം മാതൃഭാഷയിൽ സേവനങ്ങൾ എത്തിച്ചുകൊടുക്കുക എന്നതാണ് എസ് ബി എസ് ന്റെ മുഖ്യ ലക്‌ഷ്യം.
45 ലേറെ വര്ഷങ്ങളായി അർത്ഥവത്തായ ഈ സേവനം എസ് ബി എസ് നു നിലനിർത്തിക്കൊണ്ടുപോകാൻ കഴിഞ്ഞുവെന്നും, നിലവിൽ റേഡിയോ, പോഡ്‌കാസ്റ്റ്, ഓൺലൈൻ, ആപ്പുകൾ എന്നീ പ്ലാറ്റുഫോമുകൾ വഴി 60 ലേറെ ഭാഷകളിൽ സേവനം നൽകിക്കൊണ്ട് സമൂഹവുമായുള്ള ബന്ധം പുലർത്താൻ സാധിച്ചുവെന്നും എസ് ബി എസ് ഓഡിയോ ആൻഡ് ലാംഗ്വേജസ് കണ്ടന്റ് ഡയറക്ടർ ഡേവിഡ് ഹുവ പറഞ്ഞു.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഓസ്ട്രേലിയൻ ബഹുസ്വരസമൂഹത്തെ എസ് ബി എസ് റേഡിയോയിൽ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി, അഞ്ചു വർഷത്തിലൊരിക്കൽ ഭാഷാ സേവനങ്ങളുടെ അവലോകനം നടത്താറുണ്ട്.
ദേശീയ സെൻസസിനോട് അനുബന്ധിച്ചാണ് ഇത് നടപ്പിലാക്കുന്നത്. 2021ലെ സെൻസസ് വിവരങ്ങളും ഈ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാകും അടുത്ത അഞ്ചു വർഷത്തേക്ക് ഏതെല്ലാം ഭാഷകളിൽ എസ് ബി എസ് സേവനം വേണമെന്നും, അത് ഏതെല്ലാം രീതികളിൽ സമൂഹത്തിലേക്ക് എത്തിക്കണമെന്നും തീരുമാനിക്കുക.
വിജയകരമായ 50 വർഷം പൂർത്തിയാക്കാൻ ഭാഷാ സേവനങ്ങളുടെ നവീകരണം സഹായിക്കുമെന്ന് ഡേവിഡ് ഹുവ പറഞ്ഞു.
കൊവിഡ് മഹാമാരി സമയത്ത് വിവിധ ഭാഷകളിൽ ആവശ്യമായ ആരോഗ്യ സംബന്ധമായ വാർത്തകളും പരിപാടികളും നൽകിയ എസ് ബി എസ് ന്റെ സേവനത്തെക്കുറിച്ചും ഡേവിഡ് ഹുവ ചൂണ്ടിക്കാട്ടി.
2018 ൽ തുടങ്ങിയത് ഏഴ് ഭാഷാ പരിപാടികൾ
മംഗോളിയൻ, കിറുണ്ടി, ടിബറ്റൻ, കാരെൻ, റോഹിൻഗ്യ, തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളാണ് ഈ കാലയളവിൽ തുടങ്ങിയത്.
ചിൻ സ്റ്റേറ്റിലെ പടിഞ്ഞാറൻ മ്യാന്മറിൽ സംസാരിക്കുന്ന ഹഖ ചിൻ എന്ന ഭാഷയാണ് ഇതിൽ മറ്റൊന്ന്.
ഈ സമൂഹത്തിന് അവരുടെ ഭാഷയിൽ വിവരങ്ങൾ ലഭിക്കാനുള്ള പ്രധാന സ്രോതസ്സാണ് എസ് ബി എസ് എന്ന് ഹക ചിൻ പ്രൊഡ്യൂസർ സുങ് ഖുക്സോൺ പറഞ്ഞു.
തങ്ങളുടെ മാതാപിതാക്കളിൽ നല്ലൊരു ശതമാനം പേർക്കും ഇംഗ്ലീഷ് സംസാരിക്കാനോ മനസ്സിലാക്കാനോ സാധിക്കില്ലെന്നും, അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയിലെ വിശേഷങ്ങൾ അവർ അറിയുന്നത് എസ് ബി എസ് ലൂടെയാണെന്നും സുങ് പറഞ്ഞു.

പുതിയ സമൂഹം
ഓസ്‌ട്രേലിയയിലേക്ക് പുതുതായി കുടിയേറുന്നവർക്കും, അഭയാർത്ഥി സമൂഹത്തിനും അവരുടെ മാതൃഭാഷയിൽ വാർത്തകളും പരിപാടികളും എത്തിച്ചുകൊടുക്കുന്നതിൽ, എസ് ബി എസ് പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് ഫെഡറേഷൻ ഓഫ് എത്നിക് കമ്മ്യൂണിറ്റീസ് കൗൺസിൽസ് ഓഫ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അൽ-ഖഫാജി പറഞ്ഞു.
നിലവിലുള്ള ഭാഷകൾക്ക് പുറമെ മറ്റ് പുതിയ ഭാഷകളിലും പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു.
2021 ഒക്ടോബർ അഞ്ച് മുതൽ നവംബർ 12 വരെയുള്ള ആറാഴ്ചകളിലാണ് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാവുന്നത്.

എസ് ബി എസ് പരിപാടികളുടെ ഭാവി എങ്ങനെയാകണം എന്നു തീരുമാനിക്കുന്നതിൽ പൊതുജനങ്ങൾക്ക് നിർണ്ണായക പങ്കുവഹിക്കാവുന്ന സുപ്രധാന നടപടിക്രമമാണ് ഇത്. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചാകും ഭാഷാ സേവന അവലോകനത്തിന്‍റെ അന്തിമ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുക.
അന്തിമ മാനദണ്ഡങ്ങള്‍ 2022 മേയ് മാസത്തോടെ രൂപീകരിക്കും. ഈ പുനരവലോകനത്തിന്റെ അടിസ്ഥാനത്തിലുള്ള എസ് ബി എസ് ഭാഷാ സേവനങ്ങൾ 2022ൽ തന്നെ നടപ്പാക്കുകയും ചെയ്യും.
കരട് മാനദണ്ഡങ്ങളില്‍ മേലുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഒക്ടോബർ 5 മുതൽ നവംബർ 12 വരെ സമര്‍പ്പിക്കാം. കരട് മാനദണ്ഡങ്ങൾ അറിയാനും, അഭിപ്രായങ്ങള്‍ സമർപ്പിക്കുവാനും sbs.com.au/consultation എന്ന പേജ് സന്ദര്‍ശിക്കുക.

