ഓസ്ട്രേലിയയിൽ താൽക്കാലിക വിസയിലുള്ളവരുടെ തൊഴിൽ ചൂഷണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ 2016 ൽ സർക്കാർ ഒരു മൈഗ്രന്റ് വർക്കേഴ്സ് ടാസ്ക്ഫോഴ്സ് രൂപീകരിച്ചിരുന്നു.
ഈ കർമ്മസമിതി 2019ൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫെഡറൽ സർക്കാർ പുതിയ നിയമഭേദഗതി കൊണ്ടുവരുന്നത്.
താൽക്കാലിക വിസയിലുള്ളവരെ നിയമവിരുദ്ധമായി ജോലി ചെയ്യാൻ പ്രേരിപ്പിക്കുകയോ നിർബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന തൊഴിൽ ഉടമകൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ടാകുമെന്ന് കുടിയേറ്റകാര്യമന്ത്രി അലക്സ് ഹോക് അറിയിച്ചു.
നിലവിൽ പിഴയും, വിലക്കും മാത്രമാണ് തൊഴിൽ ഉടമകൾക്ക് നേരിടേണ്ടി വരുന്നത്. ഇവ വർദ്ധിപ്പിക്കാനും നിയമഭേദഗതിയിലൂടെ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
രാജ്യാന്തര വിദ്യാർത്ഥികൾക്ക് പുറമേ, ഗ്രാജ്വേറ്റ് വിസ, വർക്കിംഗ് ഹോളിഡേ വിസ, പ്രൊവിഷണൽ വിസകൾ എന്നിവയിലുള്ളവർക്കും ഈ നിയമം ബാധകമായിരിക്കും.
അധികസമയം ജോലി ചെയ്യിച്ചാൽ കേസ്
താൽക്കാലിക വിസകളിലുള്ളവരെ ഭീഷണിപ്പെടുത്തിയോ, നിർബന്ധിച്ചോ, സമ്മർദ്ദത്തിലാക്കിയോ വിസ ചട്ടങ്ങൾക്ക് വിരുദ്ധമായി ജോലി ചെയ്യിച്ചാൽ ക്രിമിനൽ കേസെടുക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
സ്റ്റുഡന്റ് വിസകളിലുള്ളവരെ അധിക സമയം ജോലി ചെയ്യിക്കുന്ന തൊഴിലുടമകൾക്ക് ഇത് ബാധകമാകുമെന്ന് കുടിയേറ്റകാര്യ വകുപ്പ് എസ് ബി എസ് മലയാളത്തെ അറിയിച്ചു.
സ്റ്റുഡന്റ് വിസയിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി കൂടുതൽ സമയം ജോലി ചെയ്യാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചാലാണ് നടപടിയെടുക്കാൻ കഴിയുന്നത്. നിലവിൽ ആഴ്ചയിൽ 20 മണിക്കൂറാണ് പൊതുവിൽ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് ജോലി ചെയ്യാൻ അനുമതി.
കൊവിഡ് പശ്ചാത്തലത്തിൽ ചില തൊഴിൽ മേഖലകളിൽ ഈ സമയപരിധി താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്.

Source: Getty Images/LJM Photo/Design Photos
വിസ ചട്ടലംഘനമുണ്ടെന്നും, അത് സർക്കാരിനെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി രാജ്യാന്തര വിദ്യാർത്ഥികളെ അധികസമയം ജോലി ചെയ്യിക്കുന്ന പ്രവണത കർമ്മസമിതി കണ്ടെത്തിയതായും കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു.
ഇത്തരത്തിൽ വിസ ചട്ടങ്ങൾക്ക് വിരുദ്ധമായി ജോലി ചെയ്യാൻ നിർബന്ധിക്കുന്നത് രണ്ടുവർഷം വരെ ജയിൽ ശിക്ഷയും, 80,000 ഡോളർ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി മാറ്റും.
ക്രിമിനൽ കേസ് എടുക്കാത്ത സാഹചര്യങ്ങളിൽ നൽകുന്ന പിഴശിക്ഷയും വർദ്ധിപ്പിക്കുന്നുണ്ട്.
താൽക്കാലിക വിസയിലുള്ള തൊഴിലാളികളെ ചൂഷണം ചെയ്യുന്ന വ്യക്തികൾക്ക് 19,980 ഡോളർ പിഴയാണ് നിലവിലുള്ളതെങ്കിൽ, ഇത് 53,280 ഡോളറാക്കിയാണ് വർദ്ധിപ്പിക്കുന്നത്.
PR ഉൾപ്പെടെയുള്ള വിസ അപേക്ഷകൾക്ക് സഹായിക്കാം എന്ന പേരിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി ജോലി ചെയ്യിച്ചാലും ഇതേ ശിക്ഷ ലഭിക്കാം.
താൽക്കാലിക വിസകളിലുള്ളവരെ ചട്ടങ്ങൾക്ക് വിരുദ്ധമായി ജോലി ചെയ്യാൻ നിർബന്ധിക്കുന്നത് മാതമല്ല, അങ്ങനെ ജോലി ചെയ്യാൻ അനുവദിക്കുന്നതും പുതിയ നിയമപ്രകരാം കുറ്റകരമാണ്.
ജോലി നൽകും മുമ്പ് അവരുടെ വിസ ചട്ടങ്ങൾ തൊഴിലുടമ ഓൺലൈൻ സംവിധാനത്തിലൂടെ പരിശോധിച്ചിരിക്കണം എന്നാണ് കരട് നിയമത്തിൽ പറയുന്നത്. ഇത് പരിശോധിക്കുന്നതിൽ വീഴ്ച വരുത്തുന്നത് കുറ്റകരമാകും.
ഇത്തരം തൊഴിലുടമകൾക്ക് നിശ്ചിത കാലത്തേക്ക് വിലക്കേർപ്പെടുത്തുമെന്നും നിയമത്തിൽ പറയുന്നു. താൽക്കാലിക വിസകളിലുള്ള മറ്റ് തൊഴിലാളികളെ നിയമിക്കുന്നതിലാകും വിലക്ക് ഏർപ്പെടുത്തുക.
ഇങ്ങനെ വിലക്കപ്പെട്ട തൊഴിലുടമകളുടെ പട്ടിക കുടിയേറ്റകാര്യ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
തൊഴിലാളികൾക്ക് നിയമപ്രകാരമുള്ള ശമ്പളം നൽകിയ ശേഷം അതിന്റെ ഒരു ഭാഗം തിരിച്ചുവാങ്ങുന്ന തൊഴിലുടമകൾക്കും ഇത്തരത്തിൽ വിലക്കേർപ്പെടുത്തുമെന്ന് കുടിയേറ്റകാര്യ വകുപ്പ് വ്യക്തമാക്കി.