സാമ്പത്തിക വിദഗ്ദരുടയും റിസർവ്വ് ബാങ്കിൻറെയും കണക്കു കൂട്ടലുകൾക്കപ്പുറമായിരുന്നു രാജ്യത്തെ വിലക്കയറ്റമെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ പണപ്പെരുപ്പ നിരക്ക്.
മാർച്ചിൽ അവസാനിച്ച പാദത്തിൽ 5.1 ശതമാനമായാണ് നാണയപ്പെരുപ്പ നിരക്ക് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം 3.1 ആയിരുന്ന പണപ്പെരുപ്പ നിരക്കാണ് മാർച്ച് മാസത്തോടെ റെക്കോർഡ് നിരക്കിലേക്ക് കുതിച്ചുയർന്നത്.
ഇന്ധന വിലയിലുണ്ടായ വർദ്ധനവും, നിർമ്മാണ മേഖലയിലെ ചിലവുമാണ് പണപ്പെരുപ്പം വർദ്ധിക്കാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.
2000ൽ ഓസ്ട്രേലിയയിൽ ചരക്ക് സേവന നികുതി ഏർപ്പെടുത്തിയതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന ഉപഭോക്തൃ വില സൂചികയാണ് മാർച്ച് പാദത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
വിലക്കയറ്റത്തിൽ ‘ക്ഷീണിച്ച്’ ലിബറൽ സഖ്യം
മോറിസൺ സർക്കാരിൻറ സാമ്പത്തിക നയങ്ങൾ ലേബർ പാർട്ടി തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കുന്നതിനിടെയാണ് കണക്കുകൾ പുറത്തു വന്നത്. മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം പണപ്പെരുപ്പത്തിനിടയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 5.1 എന്ന നിലയിലേക്കെത്തിയത് ലിബറൽ സഖ്യത്തെ പ്രതിസന്ധിയിലാക്കി.
സർക്കാർ നിയന്ത്രണത്തിനതീതമായ ആഗോള വിഷയങ്ങളാണ് പണപ്പെരുപ്പം ഉയരാൻ കാരണമായതെന്നാണ് ട്രഷറർ ജോഷ് ഫ്രൈഡൻബർഗിൻറെ വിശദീകരണം.
കൊവിഡ്, യുക്രൈൻ യുദ്ധം, ഇന്ധന വില തുടങ്ങിയവയും വിലക്കയറ്റത്തിന് കാരണമായി ട്രഷറർ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി സ്കോട്ട് മോറിസണും വിലക്കയറ്റത്തിൽ പ്രതിരോധവുമായി രംഗത്തെത്തി. ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥ മറ്റ് സമാന രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണെന്ന് വാദിച്ച സ്കോട്ട് മോറിസൺ ലേബറിനു കീഴിൽ പണപ്പെരുപ്പം കൂടുതൽ മോശമാകുമായിരുന്നുവെന്നും പറഞ്ഞു.
എന്നാൽ സർക്കാർ വാദങ്ങളെ തള്ളിയ ഫെഡറൽ ലേബർ പാർട്ടി, യുക്രൈൻ യുദ്ധത്തിന് മുൻപ് തന്നെ ജനങ്ങൾ ബുദ്ധിമുട്ടിലായിരിന്നുവെന്ന് കുറ്റപ്പെടുത്തി.
കുതിച്ചുയരുന്ന ജീവിതച്ചെലവും, വേതനത്തിലുണ്ടാകുന്ന കുറവും മൂലം ഓസ്‌ട്രേലിയക്കാർ തകർന്നുകൊണ്ടിരിക്കുകയാണെന്നും ഷാഡോ ട്രഷറർ ജിം ചാൽമേഴ്‌സ് ചൂണ്ടിക്കാട്ടി.
പലിശ നിരക്കുയർത്താൻ റിസർവ്വ് ബാങ്ക്
2010ന് ശേഷം ആദ്യമായാണ് പണപ്പെരുപ്പ നിരക്ക് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയുടെ കണക്കുകൂട്ടലിനും മുകളിലെത്തുന്നത്. വിലക്കയറ്റം രൂക്ഷമായി തുടർന്നിട്ടും പലിശ നിരക്ക് റെക്കോർഡ് താഴ്ചയിൽ തുടരുന്നത്, തെരഞ്ഞെടുപ്പിൽ സർക്കാരിനെ സഹായിക്കാനാണെന്ന വിമർശനം നേരത്തെ ഉയർന്നിരിന്നു.
പ്രതീക്ഷകൾക്കപ്പുറത്തേക്ക് വിലക്കയറ്റം ഉയർന്നതോടെ പലിശ നിരക്കിൽ ഉടൻ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച ചേരുന്ന റിസർവ്വ് ബാങ്ക് അവലോകന യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
പലിശ നിരക്കിലുണ്ടാകുന്ന വർദ്ധന ഭവന വായ്പകളെയടക്കം ബാധിക്കുമെന്നതിനാൽ കരുതലോടെയാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക. പലിശ നിരക്കിലുണ്ടാകുന്ന വർദ്ധനവ് ഭവന വിലയിൽ കുറവുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് റിസർവ്വ് ബാങ്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.