രാജ്യത്ത് കൊറോണവൈറസ് ബാധിക്കുന്നതിന്റെ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.
രോഗം ഏറ്റവും കൂടുതൽ ബാധിച്ച ന്യൂസൗത്ത് വെയിൽസിൽ പുതുതായി 57 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ്. സംസ്ഥാനത്ത് വാരാന്ത്യത്തിൽ നടത്തിയ പരിശോധനകളുടെ എണ്ണവും കുറവായിരുന്നു.
ഇത്തരത്തിൽ വരും ദിവസങ്ങളിൽ രോഗ ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയാൽ നിയന്ത്രണങ്ങൾക്ക് അയവു വരുത്താൻ ശ്രമിക്കുമെന്നും ആറു മാസമെങ്കിലും സ്ഥിതി കടുപ്പമായിരിക്കുമെന്നും പ്രീമിയർ അറിയിച്ചു പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ അറിയിച്ചു.
അതേസമയം ബ്രോക്കൻ ഹിൽ, ലെക് മക്ക്വാറി, മാനിംഗ്, വേവേർലി, വൂല്ലാഹ്‌റ, റൈഡ്, മക്ക്വാറി പാർക്ക്, ഡീ വൈ, മാൻലി, നൗറ, സൗത്ത് നൗറ, ബൈറൺ, പോർട്ട് മക്ക്വാറി എന്നിവിടങ്ങളിൽ സാമൂഹിക വ്യാപനം കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ആശങ്കാജനകമാണെന്നും NSW ഹെൽത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ജെറെമി മാക് അനൽട്ടി പറഞ്ഞു.
ഇതിനിടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. ഇതിൽ സിഡ്നി തീർത്ത് അടുപ്പിച്ച റൂബി പ്രിൻസസ് എന്ന ക്രൂസ് കപ്പലിലെ 11യാത്രക്കാരാണ് ഉള്ളത്. രാജ്യത്ത് ആകെ കൊറോണവൈറസ് ബാധിച്ച് മരണമടഞ്ഞത്തിന്റെ 30 ശതമാനമാണിത്.
ഇതേതുടർന്ന് സംഭവത്തിൽ ക്രിമിനൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണെന്ന് NSW പൊലീസ് കമ്മീഷനർ മൈക്ക് ഫുള്ളർ അറിയിച്ചു. സിഡ്നി തീരത്ത് അടുപ്പിക്കും മുൻപ് കപ്പലിലുള്ള യാത്രക്കാരിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന കാര്യം കപ്പലിന്റെ ഓപ്പറേറ്റർ മറച്ചു വച്ചിരുന്നോ എന്ന കാര്യം കണ്ടെത്താനാണ് അന്വേഷണം.
ഗോൾഡ് കോസ്റ്റ് ബീച്ചുകൾ അടയ്ക്കും
സാമൂഹ്യ അകലം പാലിക്കണമെന്ന നിയമം ലംഘിച്ച് നിരവധി പേരാണ് ഗോൾഡ് കോസ്റ്റിലെ ബീച്ചുകളിൽ വാരാന്ത്യത്തിൽ ഒത്തുചേർന്നത്.
ജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിച്ചതിനാൽ ഗോൾഡ് കോസ്റ്റിലെ സർഫേർസ് പാരഡൈസ്, സ്പിറ്റ്, കൂലംഗട്ട തുടങ്ങിയ പ്രശസ്തമായ ബീച്ചുകൾ ചൊവ്വാഴ്ച രാത്രി മുതൽ അടച്ചിടുമെന്ന ഗോൾഡ് കോസ്റ്റ് മേയർ ടോം ടാറ്റ് അറിയിച്ചു.
രോഗം കൂടുതൽ പടരാൻ ഇത് കരണമാകാമെന്നും ഇത്തരത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നും മേയർ പറഞ്ഞു.
കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി കോൾസും വൂൾവർത്സും
സാമൂഹ്യ അകലം പാലിക്കണമെന്ന സർക്കാർ നിർദ്ദേശം പാലിക്കുന്നതിന്റെ ഭാഗമായി പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലകളായ കോൾസും വൂൾവർത്സും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഒരേ സമയം നിയന്ത്രിതമായി മാത്രമേ സ്റ്റോറുകൾക്കുള്ളിൽ ഉപഭോക്താക്കളെ കയറാൻ അനുവദിക്കൂ. സ്റ്റോറിന്റെ വലിപ്പത്തിനനുസരിച്ചാകും എത്ര പേരെ ഒരേ സമയം കയറ്റാൻ കഴിയുമെന്ന കാര്യം നിശ്ചയിക്കുന്നത്.
ഈസ്റ്റർ വാരത്തിൽ ജനങ്ങൾ കൂടുതൽ സാധനങ്ങൾ വാങ്ങാനായി കടയിലേക്കെത്താൻ സാധ്യത ഉള്ളതിനാൽ രാത്രി പത്ത് മണി വരെ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വൂൾവർത്സ് അറിയിച്ചിട്ടുണ്ട്.
വ്യാജ കോവിഡ്-19 പരിശോധനാ കിറ്റുകൾ പിടിച്ചെടുത്തു
ചൈനയിൽ നിന്നും ഹോംഗ് കോംഗിൽ നിന്നുമായി ഓസ്‌ട്രേലിയയിലേക്കെത്തിയ 250 ലേറെ യൂണിറ്റുകളുടെ വ്യാജ പരിശോധനാ കിറ്റുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ബോർഡർ ഫോഴ്‌സ് അധികൃതർ പിടിച്ചെടുത്തത്. ഇവ അംഗീകൃതമല്ലാത്ത പരിശോധനാ കിറ്റുകളാണെന്ന് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
തെറ്റായ ഫലം നൽകുന്ന ഈ കിറ്റുകൾ ആരും ഓൺലൈൻ വഴി വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ.
വിദേശത്തു നിന്നും എത്തുന്ന ഇത്തരം കിറ്റുകൾ ഓസ്‌ട്രേലിയൻ വീടുകളിലേക്ക് എത്തുന്നത് തടയാൻ ബോർഡർ ഫോഴ്‌സ് അധികൃതർ കർശന പരിശോധന നടത്തിവരികയാണെന്ന് ആഭ്യന്തര മന്ത്രി
പീറ്റർ ഡട്ടൺ അറിയിച്ചു.
Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.