ഓസ്ട്രേലിയിൽ തുടർച്ചായി മൂന്നാം ദിവസവും 100 പേരിൽ താഴെ മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണനിരക്ക് ദിവസവും കൂടുമ്പോഴും, പുതിയ രോഗബാധ സ്ഥിരീകരിക്കുന്നതിലുള്ള കുറവ് പ്രതീക്ഷാജനകമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു.
പകർച്ചവ്യാധിയെ പിടിച്ചുനിർത്താൻ കഴിയും എന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി വെള്ളിയാഴ്ച വ്യക്തമാക്കി.
എന്നാൽ, അതിനിടയിലും സർക്കാരിന് ആശങ്ക പകരുന്ന വിഷയമാണ് വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് പുതിയ രോഗബാധ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ പലതും ആശുപത്രികൾ കേന്ദ്രീകരിച്ചാണ്.
ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരും ആശുപത്രികളിൽ കഴിയുന്ന രോഗികളും ഉൾപ്പെടെയാണ് ഇത്.
പ്രധാനമായും മൂന്നു മേഖലകളിലാണ് ഇങ്ങനെ ആശുപത്രികളിലെ രോഗബാധ കൂടുതലായി കണ്ടെത്തിയത്. കൊറോണവൈറസ് ക്ലസ്റ്റർ എന്നാണ് ആരോഗ്യവകുപ്പ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസിലെ ഗോസ്ഫോർഡ് ആശുപത്രി, ടാസ്മേനിയയിലെ നോർത്ത് വെസ്റ്റ് റീജിയണൽ ആശുപത്രി, മെൽബണിലെ ആൽഫ്രഡ് ആശുപത്രി എന്നിവയാണ് അടുത്ത കാലത്ത് കണ്ടെത്തിയ ക്ലസ്റ്ററുകൾ.
ഗോസ്ഫോർഡ് ആശുപത്രിയിൽ 12 പേർക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ആറു പേർ ഡോക്ടർമാരും നഴ്സുമാരുമാണ്. മറ്റ് രോഗങ്ങളുമായി ആശുപത്രിയിലുണ്ടായിരുന്ന രണ്ട് പ്രായമേറിയവരും, അവരുടെ നാല് ബന്ധുക്കളുമാണ് മറ്റുള്ളവർ.

Source: AAP
സംസ്ഥാനത്ത് വൈറസ്ബാധയുടെ കൃത്യമായ ഉറവിടം കണ്ടെത്താൻ കഴിയാത്ത 450ഓളം കേസുകളിൽ ഉൾപ്പെടുന്നതാണ് ഇത്.
ഇതോടെ ഈ ആശുപത്രിയിലെ നിരവധി ജീവനക്കാരാണ് ഐസൊലേഷനിലുള്ളത്.
ടാസ്മേനിയയിലെ നോർത്ത് വെസ്റ്റ് റീജിയണൽ ആശുപത്രിയിൽ 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 122 കേസുകൾ സ്ഥിരീകരിച്ചതിൽ 20 ശതമാനവും ഇതാണ്.
15 ജീവനക്കാരും, അഞ്ച് രോഗികളും വൈറസ് ബാധിച്ചതിൽ ഉൾപ്പെടുന്നു.
ഇവിടെ 60ഓളം ജീവനക്കാരെയാണ് ഐസൊലേഷനിലാക്കിയിരിക്കുന്നത്.
മെൽബണിലെ ആൽഫ്രഡ് ആശുപത്രിയിൽ അഞ്ചു ക്യാൻസർ രോഗികളും പത്തു ജീവരക്കാരുമാണ് വൈറസ് ബാധിതർ. ഇതിൽ മൂന്നു ക്യാൻസർ രോഗികൾ മരിക്കുകയും ചെയ്തു.
നൂറോളം ആശുപത്രി ജീവനക്കാരെ ഇവിടെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്.
നേരത്തേ സിഡ്നിയിലെ റൈഡ്, ലിവർപൂൾ ആശുപത്രികളിലും വൈറസ്ബാധ കണ്ടെത്തിയിരുന്നു.
അന്വേഷിക്കുന്നുവെന്ന് സർക്കാർ
എന്നാൽ ആശുപത്രിയിൽവച്ചു തന്നെയാണോ ജീവനക്കാർക്കെല്ലാം രോഗം ബാധിച്ചിരിക്കുന്നത് എന്ന കാര്യം ആദ്യഘട്ടത്തിൽ ഉറപ്പാക്കാൻ കഴിയില്ലെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി പറഞ്ഞു. രോഗികളിൽ നിന്ന് ജീവനക്കാരിലേക്ക് രോഗം പകരുന്ന ചില കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇത്തരം ക്ലസ്റ്ററുകൾ ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും, ആരോഗ്യമേഖലാ ജീവനക്കാരുടെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.