മെൽബൺ ടൂറകിലെ മാൽവേൺ റോഡിലുള്ള ടൂറക് ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന ഡോക്ടർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന 11ാമത്തെ കൊറോണ വൈറസ് കേസാണ് ഇത്.
70 വയസിനു മേൽ പ്രായമുള്ള ഈ ഡോക്ടർ അടുത്ത കാലത്ത് അമേരിക്കയിലേക്ക് യാത്ര ചെയ്തിരുന്നു. അമേരിക്കയിൽവച്ചാണ് വൈറസ് ബാധിച്ചത് എന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്.
ഫെബ്രുവരി 29 ന് മെൽബണിലേക്ക് തിരിച്ചെത്തിയ അദ്ദേഹം, കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ടൂറക് ക്ലിനിക്കിൽ 70ഓളം രോഗികളെ പരിശോധിച്ചിരുന്നു. മാൽവേണിലെ ഒരു നഴ്സിംഗ് ഹോമിൽ രണ്ടു രോഗികളെയും ഈ ഡോക്ടർ കണ്ടു.
നഴ്സിംഗ് ഹോമിലെ രണ്ടു പേരെയും ഇപ്പോൾ ഐസൊലേഷനിലാണ് പാർപ്പിച്ചിരിക്കുന്നത്. ക്ലിനിക്കിലെ മറ്റു ജീവനക്കാരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്.
ക്ലിനിക്കിൽ പരിശോധിച്ച മറ്റു രോഗികളെ അധികൃതർ കണ്ടെത്തുകയാണ്.
സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഈ ഡോക്ടർ മെൽബണിലേക്കെത്തിയ യൂണൈറ്റഡ് എയർലൈൻസ് UA0060 വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാരെയും കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.