രാജ്യത്ത് കഴിഞ്ഞ വര്ഷം പടർന്നു പിടിച്ച കാട്ടുതീയും കൊറോണവൈറസ് വ്യാപനവും ഓസ്‌ട്രേലിയയുടെ സാമ്പത്തിക വർച്ചയെ സാരമായി ബാധിച്ചതായി ട്രെഷറർ ജോഷ് ഫ്രൈഡൻബർഗ് വ്യക്തമാക്കി.
അതുകൊണ്ടുതന്നെ 29 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഓസ്ട്രേലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയതായി ഫ്രൈഡൻബർഗ് സ്ഥിരീകരിച്ചു.
മാര്‍ച്ച് മാസത്തില്‍ അവസാനിച്ച പാദത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ജി ഡി പി നിരക്ക് 0.3 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
തുടര്‍ച്ചയായി രണ്ടു പാദങ്ങളില്‍ ജി ഡി പി നിരക്ക് ഇടിയുമ്പോഴാണ് ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യം സ്ഥിരീകരിക്കുന്നത്.
ജൂണ്‍ മാസത്തില്‍ അവസാനിക്കുന്ന പാദത്തിലും ജി ഡി പി നിരക്ക് ഇടിയുമെന്നാണ് ട്രഷറി വിലയിരുത്തലെന്ന് ജോഷ് ഫ്രൈഡന്‍ബര്‍ഗ് പറഞ്ഞു.
രാജ്യം ഇപ്പോള്‍ സാമ്പത്തിക മാന്ദ്യത്തിലാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'അതേ എന്നാണ് താന്‍ വിശ്വസിക്കുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ജൂണ്‍ മാസത്തെക്കുറിച്ചുള്ള ട്രഷറി വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും, മാസം അവസാനിച്ച ശേഷമേ ഇക്കാര്യം സാങ്കേതികമായി സ്ഥിരീകരിക്കാന്‍ കഴിയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് മാസത്തില്‍ അവസാനിച്ച പാദത്തിലെ കണക്കുകള്‍ പ്രകാരം, വാര്‍ഷിക വളര്‍ച്ചാനിരക്ക് 1.4 ശതമാനമാണ്.
ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായിരുന്ന 2008 സെപ്റ്റംബറിനു ശേഷം ഇത്രയും താഴ്ന്ന നിരക്കിലേക്ക് രാജ്യം എത്തുന്നത് ഇതാദ്യമായാണ്.
എന്നാല്‍ മുമ്പ് കരുതിയിരുന്നതിനെക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ് രാജ്യം ഇപ്പോഴെന്നും ട്രഷറര്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ പാദത്തില്‍ ജി ഡി പിയില്‍ 20 ശതമാനം വരെ കുറവുണ്ടാകും എന്നായിരുന്നു ട്രഷറി വിലയിരുത്തല്‍. എന്നാല്‍ അത്രത്തോളം മോശമാകില്ല എന്നാണ് സര്‍ക്കാര് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.
കൊറോണ നിയന്ത്രണങ്ങൾ മൂലം യാത്രകളും മറ്റും കുറഞ്ഞതോടെ ഈ മേഖലയിലുള്ള സാമ്പത്തിക വളർച്ച 12 ശതമാനം കുറഞ്ഞിട്ടുണ്ട്. കൂടാതെ ഹോട്ടലുകൾ, കഫേകൾ, റസ്റ്റോറന്റുകൾ എന്നീ മേഖലയിൽ 9.2 ശതമാനവും, വസ്ത്രം,പാദരക്ഷ തുടങ്ങിയവയുടെ വിൽപനയിൽ 8.9 ശതമാനവും കുറവ് രേഖപ്പെടിത്തിയിട്ടുണ്ട്.
ഇതെല്ലം സാമ്പത്തിക രംഗത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്ന് എ ബി എസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം കൊറോണ രൂക്ഷമായ സമയത്ത് ജനങ്ങൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടിയത് സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്താൻ സഹായിച്ചില്ലെന്നും ട്രഷറർ പറഞ്ഞു.