തിങ്കളാഴ്ച ഉച്ചമുതൽ പബുകളും, ബാറുകളും, ജിമ്മുകളും, ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടിരുന്നു.
ഇതിലൂടെ ലക്ഷക്കണക്കിന് പേർക്ക് ജോലി നഷ്ടമായിട്ടുണ്ടാകും എന്നാണ് ഫെഡറൽ സർവീസസ് മന്ത്രി സ്റ്റുവർട്ട് റോബർട്ട് പറഞ്ഞത്.
“ലക്ഷക്കണക്കിന് പേർക്ക്, ഒരു പക്ഷേ പത്തുലക്ഷത്തോളം പേർക്ക് ജോലി നഷ്ടമായി”, അദ്ദേഹം പറഞ്ഞു.
സ്ഥിതി ഇത്തരത്തിൽ മുന്നോട്ടുപോയാൽ തൊഴില് നഷ്ടമാകുന്നവരുടെ എണ്ണം ഇരുപതു ലക്ഷം വരെ ഉയരാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സർക്കാർ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെ സെന്റർലിങ്ക് ഓഫീസുകളിൽ താങ്ങാനാകാത്ത തിരക്ക് അനുഭവപ്പെട്ടത് അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അത് മുൻകൂട്ടി കാണാതിരുന്നത് തന്റെ വീഴ്ചയാണെന്നും മന്ത്രി പറഞ്ഞു.
രോഗബാധിതർ കൂടുന്നു
രാജ്യത്തെ കൊറോണവൈറസ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുകയാണ്.
ചൊവ്വാഴ്ച ഉച്ചവരെയുള്ള കണക്കുകള്് പ്രകാരം കുറഞ്ഞത് 1888 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ന്യൂസൗത്ത് വെയിൽസിൽ കഴിഞ്ഞ 24 മണിക്കൂറിൽ 149 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. സംസ്ഥാനത്തെ ആകെ വൈറസ് ബാധിതർ ഇതോടെ 818 ആയി.
വിക്ടോറിയയിൽ 411, ക്വീൻസ്ലാന്റ് 319, സൗത്ത് ഓസ്ട്രേലിയ 134, വെസ്റ്റേൺ ഓസ്ട്രേലിയ 140, ടാസ്മേനിയ 28, ACT 32, NT 6 എന്നിങ്ങനെയാണ് മറ്റ് കേസുകൾ.
ആരോഗ്യരംഗത്ത് കൂടുതൽ നടപടികൾ
കൊവിഡ്-19 പരിശോധന നടത്തുന്ന നിരക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ എന്ന ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് അവകാശപ്പെട്ടു. ഒരുലക്ഷം പേർക്ക് 558 പരിശോധനകൾ എന്ന നിലയിലാണ് ഓസ്ട്രേലിയ ഇപ്പോള്് നടത്തുന്നത്.
ഒരു ലക്ഷം പുതിയ ടെസ്റ്റ് കിറ്റുകൾ കൂടി ഓസ്ട്രേലിയയിലേക്ക് എത്തുന്നുണ്ടെന്നും, 15 മിനിട്ടിൽ ഫലമറിയാൻ കഴിയുന്ന പുതിയ 15 ലക്ഷം ‘പോയിന്റ് ഓഫ് കെയർ’ കിറ്റുകൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വെന്റിലേറ്റർ സൗകര്യവും മെച്ചപ്പെടുത്തും. നിലവിൽ 2000 വെന്റിലേറ്ററുകൾ ഉള്ളത് 4000 ആക്കാനാണ് ശ്രമിക്കുന്നത്.

Source: AAP
നഴ്സുമാരും ഡോക്ടർമാരും മറ്റ് ആശുപത്രി ജീവനക്കാരുമാണ് ഇപ്പോഴത്തെ ഹീറോകളെന്നും, അവർക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു