ഒരു നൂറ്റാണ്ടിനിടയിൽ ലോകത്ത് ഏറ്റവുമധികം പരിഭ്രാന്തി പടർത്തിയ മഹാമാരി നിയന്ത്രിക്കാൻ വഴിതെളിക്കുമെന്ന് പ്രതീക്ഷിക്കുന്ന വാക്സിൻ അടുത്തയാഴ്ച മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും.
അമേരിക്കൻ മരുന്നു നിർമ്മാതാക്കളായ ഫൈസറും, ജർമ്മൻ സ്ഥാപനമായ ബയോൺടെക്കും സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് അടുത്തയാഴ്ച മുതൽ ബ്രിട്ടനിൽ പൊതുജനങ്ങൾക്ക് നൽകുന്നത്.
വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതായി ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു.
ക്ലിനിക്കൽ പരീക്ഷണത്തിൽ വാക്സിൻ 95 ശതമാനം വരെ വിജയം നേടിയതായി ഫൈസർ കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
മെസഞ്ചർ ആർ എൻ എ (mRNA) എന്ന പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്.
എങ്ങനെയാണ് ഫൈസർ വാക്സിൻ വികസിപ്പിച്ചതെന്നും, അത് എങ്ങനെയാണ് വൈറസിനെ തടയുന്നതെന്നും ഇവിടെ അറിയാം. ഫൈസർ വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായ മലയാളി അക്കാര്യം വിശദീകരിക്കുന്നു.
അടുത്തയാഴ്ച മുതൽ ബ്രിട്ടന്റെ എല്ലാ ഭാഗങ്ങളിലും വാക്സിൻ ലഭ്യമാകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ ജനങ്ങൾക്ക് കൊടുത്തതായി ചൈനയും റഷ്യയും അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, ഒരു പ്രമുഖ വാക്സിൻ ജനങ്ങൾക്ക് നൽകുന്നത് ഇതാദ്യമായാണ്.
അമേരിക്കയും യൂറോപ്യൻ യൂണിയനും ഫൈസർ വാക്സിന് ഉടൻ അനുമതി നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മറ്റൊരു മരുന്നു കമ്പനിയായ മൊഡേണ വികസിപ്പിച്ച വാക്സിനും അനുമതി ലഭിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്.
ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്ര സെനക്കയും സംയുക്തമായി തയ്യാറാക്കിയ വാക്സിൻ ലഭ്യമാക്കാനും ബ്രിട്ടീഷ് സർക്കാർ ശ്രമിക്കുന്നുണ്ട്.
പരിമിതമായ അളവിൽ ബ്രിട്ടനിലേക്ക് വാക്സിൻ അയച്ചുതുടങ്ങുമെന്ന് ഫൈസർ വ്യക്തമാക്കി.
എന്നാൽ എത്ര ഡോസ് ഇപ്പോൾ ലഭ്യമാകുമെന്ന് വ്യക്തമല്ല. അതിനാൽ, ആദ്യഘട്ടത്തിൽ നിർദ്ദിഷ്ട ജനവിഭാഗങ്ങളിലുള്ളവർക്ക് മാത്രമാകും വാക്സിൻ ലഭിക്കുക.
ആരോഗ്യമേഖലാ പ്രവർത്തകർക്കും, ഏജ്ഡ് കെയറുകളിൽ കഴിയുന്നവർക്കുമാകും ആദ്യഘട്ടതിൽ ബ്രിട്ടനിൽ വാക്സിൻ ലഭിക്കുക എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
എല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ വാക്സിൻ വിപണിയിലെത്താൻ എത്ര കാലം കാത്തിരിക്കേണ്ടിവരുമെന്ന് ഇപ്പോഴും വ്യക്തമല്ല.
ഫൈസർ വാക്സിൻ ലഭ്യമാക്കാൻ ഓസ്ട്രേലിയയും കരാർ ഒപ്പുവച്ചിട്ടുണ്ട്. എന്നാൽ ഓസ്ട്രേലിയൻ ആരോഗ്യമേഖലയുടെ അനുമതി ലഭിച്ചാൽ മാത്രമേ ഇത് നൽകിത്തുടങ്ങൂ.