ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് കൂടുതൽ പേരിലേക്ക് പടർന്നു തുടങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതോടെ പരിഭ്രാന്തരായ ജനങ്ങൾ കണക്കില്ലാതെ സാധനങ്ങൾ വാങ്ങിക്കൂട്ടുകയാണ്.
ഇക്കഴിഞ്ഞ വാരാന്ത്യം മുതല്‍ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളിലും ടോയ്‌ലറ്റ് പേപ്പര്‍ ഷെല്‍ഫുകള്‍ കാലിയായിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് മറ്റുള്ളവരും കൂടുതല്‍ ടോയ്‌ലറ്റ് പേപ്പര്‍ വാങ്ങി ശേഖരിക്കാന്‍ തുടങ്ങിയത്.
ഇതോടെ ടോയ്ലറ്റ് പേപ്പറുകൾ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റ് ശൃംഖലയായ വൂൾവർത്സ്.
Highlights:
- ഒരു വ്യക്തിക്ക് നാല് പാക്കറ്റുകൾ എന്ന നിലയ്ക്കാണ് നിയന്ത്രണം
- വൂൾവർത്സിന്റെ എല്ലാ ഓസ്‌ട്രേലിയൻ സ്റ്റോറുകളിലും ഓൺലൈൻ സ്റ്റോറുകളിലും ബാധകമാണ്
- എല്ലാ ഉപഭോക്താക്കൾക്കും സാധനങ്ങൾ ആവശ്യത്തിന് ലഭ്യമാക്കുന്നതിനായാണ് നിയന്ത്രണം

Source: AFP
ഓൺലൈൻ സ്റ്റോറുകൾ ഉൾപ്പെടെ ഓസ്‌ട്രേലിയയിലെ എല്ലാ വൂൾവർത്സിന്റെ സ്റ്റോറുകളിലും ഈ നിയന്ത്രണം ബാധകമാണെന്ന് വൂൾവർത്സ് അറിയിച്ചു.
എല്ലാ ഉപഭോക്താക്കൾക്കും ആവശ്യമായ സാധനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് വൂൾവർത്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ദീർഘനാൾ കേടുകൂടാതെ സൂക്ഷിക്കാവുന്ന പലവ്യഞ്ജനങ്ങൾ, സാനിറ്ററി ഉൽപ്പന്നങ്ങൾ, ലോങ്ങ് ലൈഫ് പാൽ തുടങ്ങിയവ വൂൾവർത്സ് സ്റ്റോറുകളിൽ ആവശ്യാനുസരണം വയ്ക്കാൻ ജീവനക്കാർ കഴിയുന്നത്ര പരിശ്രമിക്കുന്നുണ്ടെന്നും സൂപ്പർമാർക്കറ്റ് ശൃഖല അറിയിച്ചു.
ഓസ്ട്രേലിയൻ ടോയ്ലറ്റ് പേപ്പർ നിർമാണ കമ്പനിയായ കിംബർലി-ക്ലാർക് ആവശ്യത്തിനനുസരിച്ച് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
കണക്കില്ലാതെ ജനങ്ങൾ സാധനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വൂൾവര്തസും,കോൾസുമായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ചർച്ചകൾ നടത്തിയിരുന്നു. ഓസ്ട്രലിയക്കാർ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും ആശങ്കപ്പെട്ടു സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ടതില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.
എന്നാൽ സർക്കാരിന്റെ പ്രസ്താവനയ്ക്ക് വില കല്പിക്കാതെയാണ് ജനങ്ങൾ സാധനങ്ങൾ വാങ്ങുന്നത്.