വിക്ടോറിയയിൽ നിന്ന് ന്യൂ സൗത്ത് വെയിൽസ് വഴി ക്വീൻസ്‌ലാന്റിൽ എത്തിയ ഭാര്യയ്ക്കും ഭർത്താവിനും കൊവിഡ് ബാധ സ്ഥിരീകരിച്ചു.
ഭർത്താവിന് ജോലി ലഭിച്ചതിനെത്തുടർന്ന് വിക്ടോറിയയിൽ നിന്ന് ക്വീൻസ്‌ലാന്റിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇരുവരുമെന്നാണ് അധികൃതർ കരുതുന്നത്.
വിക്ടോറിയയിൽ ലോക്ക്ഡൗൺ നടപ്പാക്കിയിരുന്ന ജൂൺ ഒന്നിനാണ് ഇരുവരും യാത്ര ചെയ്തത്.
വിക്ടോറിയയിൽ കൊവിഡ്ബാധ തുടങ്ങിയതോടെ ന്യൂ സൗത്ത് വെയിൽസും ക്വീൻസ്ലാന്റും വിക്ടോറിയയുമായി അതിർത്തി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. NSW അതിർത്തിയിൽ ഉള്ളവർക്കും, യാത്രാ ഇളവുകൾ ലഭിച്ചവർക്കും മാത്രമേ സംസ്ഥാനത്തേക്ക് കടക്കാൻ അനുവാദം നല്കിയിരുന്നുള്ളു.
എന്നാൽ ഈ ദമ്പതികൾക്ക് ഇളവുകൾ ലഭിച്ചിരുന്നില്ലെന്ന് ആരോഗ്യ മന്ത്രി യുവറ്റ് ഡാത്ത് അറിയിച്ചു.
ഇതേതുടർന്ന് ദമ്പതികൾ നിയമ ലംഘനം നടത്തിയോ എന്ന കാര്യത്തിൽ അന്വേഷണം നടത്തുകയാണ് പൊലീസ്.
മാത്രമല്ല മെൽബണിൽ അഞ്ച് കിലോമീറ്റർ പരിധിയും ബാധകമായിരുന്നു.
ഇത് മൂന്ന് സംസ്ഥാനങ്ങളെയും ഇപ്പോൾ ആശങ്കയിലാഴ്തിയിരിക്കുകയാണ്. ലോക്ക്ഡൗൺ നടപ്പാക്കിയിരുന്ന സമയത്ത് മെൽബണിൽ നിന്ന് ഇവർ യാത്ര ചെയ്തത് ആശങ്കയ്ക്ക് വക നല്കിയിരിക്കുകയാണെന്ന് NSW ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് പറഞ്ഞു.
സെൻട്രൽ വെസ്റ്റ് NSW, ഡബ്ബോ, മോറി എന്നിവിടങ്ങളിലുള്ള കഫെകളിലും, പബ്ബിലും, സിനിമ തിയേറ്ററിലും ഇവർ സന്ദർശനം നടത്തിയ ശേഷമാണ് ക്വീൻസ്‌ലാന്റിൽ എത്തിയത്.
ജൂൺ മൂന്ന് മുതൽ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും, 44 കാരിയായ സ്ത്രീക്ക് കലോൻഡ്രയിൽ എത്തിയ ശേഷം ജൂൺ എട്ടിനാണ് രോഗം സ്ഥിരീകരിച്ചത്. ഭർത്താവിനും വ്യാഴാഴ്ച രോഗബാധ സ്ഥിരീകരിച്ചു.
ക്വീൻസ്‌ലാന്റിലെ സൺഷൈൻ കോസ്റ്റിലെത്തിയ ഇവർ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതേതുടർന്ന് 10ലേറെ സ്ഥലങ്ങളുടെ പട്ടികയാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.
ഇവരുമായി അടുത്ത് സമ്പർക്കം പുലർത്തിയ 17 പേരെ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്.
കലോൻഡ്രയിൽ ദമ്പതികൾ താമസിച്ചത് ഇവരിൽ ഒരാളുടെ മാതാപിതാക്കൾക്കൊപ്പമാണ്. ഇവരെ ഇവരെ പരിശോധനക്ക് വിധേയരാക്കിയെങ്കിലും, ഫലം നെഗറ്റീവാണ്.
സൺഷൈൻ കോസ്റ്റ്, ഗുണ്ടിവിണ്ടി, ടൂവുമ്പ എന്നിവിടങ്ങളിലുള്ള രോഗലക്ഷണങ്ങൾ ഉള്ളവർ എത്രയും വേഗം പരിശോധനക്ക് വിധേയരാവണമെന്ന് ക്വീൻസ്ലാൻറ് ചീഫ് ഹെൽത്ത് ഓഫീസർ ജാനറ്റ് യംഗ് പറഞ്ഞു.
ഇതിനിടെ മെൽബണിൽ ലോക്ക്ഡൗൺ വ്യാഴാഴ്ച അർദ്ധരാത്രി പിൻവലിക്കാനിരിക്കെ, പുതുതായി നാല് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇളവുകളിൽ നേരിയ മാറ്റം നടപ്പാക്കിയിരിക്കുകയാണ് സർക്കാർ.
കെട്ടിടത്തിനകത്ത് മാസ്ക് നിർബന്ധമായി തുടരുമെന്നും, പുറത്ത് നിർബന്ധമല്ലെന്നുമായിരുന്നു ബുധനാഴ്ച സർക്കാർ അറിയിച്ചത്. എന്നാൽ രോഗബാധ വീണ്ടും കണ്ടെത്തിയതിനെത്തുടർന്ന് കെട്ടിടത്തിന് പുറത്തും മാസ്ക് നിർബന്ധമാണെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചു.