കാരംസ് ഡൌൺ ശിവ വിഷ്ണു ക്ഷേത്രത്തിൽ 2011-12 കാലഘട്ടത്തിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജനാണ് ശന്പള കുടിശ്ശിക ആവശ്യപ്പെട്ട് ഫെയർ വർക്ക് ഓംബുഡ്സ്മാനെ സമീപിച്ചത്.
ഹിന്ദു കൌൺസിൽ ഓഫ് വിക്ടോറിയ സ്പോൺസർ ചെയ്ത്, വിസ സബ്ക്ലാസ് 428ലാണ് ഇദ്ദേഹം ഓസ്ട്രേലിയയിലേക്ക് വന്നത്. മതപരമായ കാര്യങ്ങൾക്കുവേണ്ടിയുള്ള ഈ വിസ, ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും, പള്ളികളിൽ വൈദികർക്കുമൊക്കെ നൽകുന്നതാണ് .
എന്നാൽ, കാരംസ് ഡൌൺ ക്ഷേത്രത്തിലെത്തിയ ഈ ജീവനക്കാരൻ, ക്ഷേത്രത്തിലെ കാൻറീനിൽ ജോലി ചെയ്യുന്നതിനിടെ ഗ്രൈൻററിൽ കുടുങ്ങി കൈയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. തുടർന്ന് ഇയാൾക്ക് ജോലി അവസാനിപ്പിക്കേണ്ടിയും വന്നു.
ജോലി ചെയ്ത സമയത്ത് കൃത്യമായി ശന്പളം ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഇയാൾ പിന്നീട് ഫെയർ വർക്ക് ഓംബുഡ്സ്മാനെ സമീപിച്ചു.
ഫെയർ വർക്ക് ഓംബുഡ്മാൻറെ അന്വേഷണത്തിൽ, ഇയാൾ ക്യാൻറീനിൽ സ്ഥിരമായി ജോലി ചെയ്തിരുന്നുവെന്നും, അതിനാൽ റെസ്റ്റോറൻറ് മേഖലയിലെ നിയമപ്രകാരം ഒന്നാം ഗ്രേഡ് കുക്കിനുള്ള ശന്പളത്തിന് അർഹനാണെന്നുമാണ് കണ്ടെത്തിയത്. നിയമപ്രകാരമുള്ളതിലും വളരെ കുറഞ്ഞ തുക മാത്രമാണ് ഇയാൾക്ക് ലഭിച്ചതെന്നും ഓംബുഡ്സ്മാൻ കണ്ടെത്തി. തുടർന്ന് 77,754 ഡോളർ ശന്പള കുടിശ്ശിക ഇനത്തിൽ നൽകാൻ ഓംബുഡ്സ്മാൻ ഹിന്ദു കൌൺസിൽ ഓഫ് വിക്ടോറിയയോട് നിർദ്ദേശിച്ചു.
എന്നാൽ അതിന് തയ്യാറാകാത്ത ഹിന്ദു കൌൺസിൽ, ഓംബുഡ്സ്മാൻറെ നിർദ്ദേശത്തിനെതിരെ കോടതിയെ സമീപിച്ചു. ഓസ്ട്രേലിയയിൽ ആദ്യമായാണ് ഓംബുഡ്സ്മാൻറെ തീരുമാനത്തിനെതിരെ ഒരു തൊഴിലുടമ നൽകുന്ന ഹർജിയിൽ കോടതി തീരുമാനമെടുക്കേണ്ടി വരുന്നത്.
"ആരാധനാലയത്തിൻറെ ഭാഗമല്ല കാൻറീൻ. കാൻറീൻ വരുമാനം ആറുലക്ഷം ഡോളർ"
മതപരമായ വിസയിലെത്തിയ ആൾക്ക് റെസ്റ്റോറൻറ് മേഖലയിലെ നിയമപ്രകാരം ശന്പളം നൽകാൻ കഴിയില്ലെന്നായിരുന്നു ഹിന്ദു കൌൺസിലിൻറെ വാദം. എന്നാൽ ഈ വാദം തള്ളിയ കോടതി, ആരാധനാലയത്തിൻറെ ഭാഗമല്ല കാൻറീൻ എന്ന് നിരീക്ഷിച്ചു.
പരാതിക്കാരൻ ജോലി ചെയ്യുന്ന സമയത്ത് കാൻറീനിൽ നിന്ന് 2,80,000 ഡോളർ വാർഷികവരുമാനം കിട്ടുമായിരുന്നുവെന്നും, ഇപ്പോൾ ആറു ലക്ഷം ഡോളർ വരുമാനമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഫെയർ വർക്ക് കമ്മീഷൻ നിർദ്ദേശിച്ച തുക ജീവനക്കാരന് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.