ഓസ്ട്രേലിയയിൽ പുതിയ 17 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ന്യൂ സൗത്ത് വെയിൽസിൽ ഏഴും, സൗത്ത് ഓസ്‌ട്രേലിയയിൽ അഞ്ചും, ക്വീൻസ്ലാന്റിൽ മൂന്നും കൊവിഡ് മരണങ്ങളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്.
കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്ക്, മരണനിരക്ക്, പുതിയ കേസുകളുടെ എണ്ണം എന്നിവയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ ഇവിടെയറിയാം.
രാജ്യത്തെ ഏജ്ഡ് കെയർ കേന്ദ്രങ്ങളിൽ 1,064 ഇടത്താണ് വൈറസ് ബാധ സജീവമായിട്ടുള്ളത്. ഇവയോട് അനുബന്ധിച്ച് 9,906 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് ബാധിച്ച 9,906 പേരിൽ 6,360 പേർ വയോജന പരിചരണ കേന്ദ്രങ്ങളിലെ താമസക്കാരാണ്. ബാക്കിയുള്ള 3,546 പേർ ഏജ്ഡ് കെയർ ജീവനക്കാരുമാണ്.
ന്യൂ സൗത്ത് വെയിൽസിൽ 344 വ്യത്യസ്ത കേസുകളോട് അനുബന്ധിച്ച് രോഗം പടരുന്നതായാണ് റിപ്പോർട്ട്. ക്വീൻസ്ലാൻഡ് (231), വിക്ടോറിയ (218), സൗത്ത് ഓസ്ട്രേലിയ (127), വെസ്റ്റേൺ ഓസ്ട്രേലിയ (96) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
റെസിഡെൻഷ്യൽ വയോജന പരിചരണ കേന്ദ്രങ്ങളിലെ താമസക്കാരിൽ അർഹരായ 78.8 ശതമാനം പേർക്കും നാലാമത്തെ കോവിഡ് -19 വാക്സിൻ ഡോസ് ലഭിച്ചതായി ഏജ്ഡ് കെയർ വകുപ്പ് മന്ത്രി അനിക വെൽസ് പറഞ്ഞു.
ഓഗസ്റ്റ് ഒന്ന് മുതൽ, ഓരോ വയോജന പരിചരണ കേന്ദ്രങ്ങളിലെയും താമസക്കാരുടെയും ജീവനക്കാരുടെയും പ്രതിവാര വാക്സിനേഷൻ ഡാറ്റ ഏജ്ഡ് കെയർ വകുപ്പ് പ്രസിദ്ധീകരിക്കും.
ഒമിക്രോൺ കൊവിഡ് -19 വകഭേദം സ്ഥിരീകരിക്കാൻ ചില കൊവിഡ് -19 റാപ്പിഡ് ആന്റിജൻ പരിശോധന കിറ്റുകൾക്ക് കഴിയുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇവ വിപണിയിൽ നിന്ന് നീക്കം ചെയ്തിട്ടില്ലെന്ന് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (TGA) വ്യക്തമാക്കി.
മഹാമാരിയെ പ്രതിരോധിക്കുന്നതിൽ റാപിഡ് ആന്റിജൻ ടെസ്റ്റുകളുടെ പങ്ക് സുപ്രധാനമായതിനാലാണ് നടപടികൾ സ്വീകരിക്കാത്തതെന്നു TGA പറഞ്ഞു.
പിസിആർ പരിശോധനയുടെ കൃത്യത RAT കിറ്റുകൾക്കില്ലെങ്കിലും, കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരെ പരിശോധിക്കുമ്പോൾ RAT കിറ്റുകൾ കൃത്യമായ ഫലം തരുന്നതായി TGA ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (ATAGI) 12 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പ്രോട്ടീൻ അധിഷ്ഠിത നോവാവാക്സ് കോവിഡ് -19 വാക്സിൻ ഉപയോഗിക്കുന്നത് സംബന്ധിച്ച ഡാറ്റയുടെ അവലോകനം ആരംഭിച്ചു.
ജൂലൈ 28 നു TGA നോവാവാക്സ് വാക്സിന് താല്ക്കാലികമായി അംഗീകാരം നൽകിയിരുന്നു.
ആറ് മാസം മുതൽ അഞ്ച് വയസ് വരെ പ്രായമുള്ള കുട്ടികളിൽ മൊഡേണയുടെ Spikevax വാക്സിൻ ഉപയോഗിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾക്ക് അന്തിമരൂപം നല്കുകയാണെന്ന് ATAGI അറിയിച്ചു.
WA സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും 11.87 ദശലക്ഷം സൗജന്യ റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ അധികമായി വിതരണം ചെയ്യുമെന്നു പ്രഖ്യാപിച്ചു.
സൗത്ത് ഓസ്ട്രേലിയയിലെ സൗജന്യ ഫ്ലൂ വാക്സിനേഷൻ പ്രോഗ്രാം ഓഗസ്റ്റ് 31 വരെ നീട്ടിയാതായി അറിയിച്ചു.
ഒരിക്കൽ കൊവിഡ് പോസിറ്റീവായതിന് ശേഷം വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.
ജൂലൈ 21 ന് ബൈഡൻ ആദ്യമായി കൊവിഡ് പോസിറ്റീവ് ആകുകയും Paxlovid എന്ന ആന്റിവൈറൽ മരുന്ന് ഉപയോഗിച്ച് ചികിത്സ തേടുകയും ചെയ്തിരുന്നു. അതിനു ശേഷം ജൂലൈ 26, 27 തീയതികളില് നടത്തിയ പരിശോധനാഫലം നെഗറ്റീവായി കണ്ടെത്തിയിരുന്നു.
ബൈഡന്റെ രണ്ടാമത്തെ കൊവിഡ് ബാധയെ 'റീബൗണ്ട്' എന്നാണു വിശേഷിപ്പിക്കുന്നത്. Paxlovid മരുന്ന് ഉപയോഗിച്ച കൊവിഡ് രോഗികളിലാണ് റീബൗണ്ട് എന്ന അവസ്ഥ കണ്ടുവരുന്നത്.
നിലവിൽ ബൈഡൻ ഐസൊലേഷനിലാണ്.