ഓസ്‌ട്രേലിയയിൽ പുതിയ 50 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ന്യൂ സൗത്ത് വെയിൽസിൽ 21 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. വിക്ടോറിയയിൽ 14ഉം, ക്വീൻസ്ലാന്റിൽ 11ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്ത ആറു മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഈ വർഷത്തെ ഏറ്റവും കൂടിയ പ്രതിദിന രോഗബാധാ നിരക്ക് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. 10,182 പുതിയ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയിലെ മറ്റ് സംസ്ഥാനങ്ങളിലും പ്രതിദിന കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തി.
ബുധനാഴ്ച 11,929 കേസുകൾ റിപ്പോർട്ട് ചെയ്ത ന്യൂ സൗത്ത് വെയിൽസിൽ 18,529 പുതിയ കേസുകളാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചിരിക്കുന്നത്. വിക്ടോറിയയിലും പ്രതിദിന കേസുകൾ കൂടിയിട്ടുണ്ട്. ബുധനാഴ്ച 10,779 കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിൽ വ്യാഴാഴ്ച 11,596 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്കിലും വർദ്ധനവുണ്ട്.
കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്ക്, മരണനിരക്ക്, പുതിയ കേസുകളുടെ എണ്ണം എന്നിവയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ ഇവിടെയറിയാം.
ന്യൂ സൗത്ത് വെയിൽസിൽ വിദേശത്ത് നിന്ന് തിരിച്ചെത്തിയ രണ്ട് യാത്രക്കാരിൽ BA.5 വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ ഏഴ് പേരിലാണ് BA.4 സ്ഥിരീകരിച്ചിരിക്കുന്നത്. ഈ ഏഴ് പേരിൽ അഞ്ചു പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയ യാത്രക്കാരാണ്.
മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിക്കുന്നത് നിർബന്ധമാണെന്നുള്ള കാര്യം ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി വ്യക്തമാക്കി. മറ്റ് ആരോഗ്യ പ്രവർത്തകർക്കും അധ്യാപകർക്കും ഈ നിബന്ധന മെയ് 13 മുതൽ ബാധകമായിരിക്കില്ല.
സൗത്ത് ഓസ്‌ട്രേലിയയിൽ കൊവിഡിന്റെ സാഹചര്യത്തിൽ പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ ജൂൺ അവസാനത്തോടെ പിൻവലിക്കുമെന്ന് സർക്കാർ സൂചന നൽകി.
2020 മെയ് 22 നായിരുന്നു പ്രഖ്യാപനം നിലവിൽ വന്നത്. നിയന്ത്രണങ്ങളും ലോക്ക് ഡൗണുകളും നടപ്പിലാക്കാൻ പോലീസ് കമീഷണർക്കും സംസ്ഥാന എമർജൻസി കോഓർഡിനേറ്റർമാർക്കും അധികാരം നൽകുന്നതാണ് പ്രഖ്യാപനം.
Read about COVID-19 vaccines in your language
Find a COVID-19 testing clinic
Register your RAT results here, if you're positive