- ഫോർമുല വൺ റദ്ദാക്കി
ഫോർമുല വണ്ണിന്റെ ഓസ്ട്രേലിയൻ ഗ്രാന്റ് പ്രീ റദ്ദാക്കാൻ തീരുമാനിച്ചു. മത്സരത്തിൽ പങ്കെടുക്കാനുള്ള ഒരു ഡ്രൈവർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കാണികളില്ലാതെ മത്സരം നടത്താമെന്നായിരുന്നു ഇതുവരെ ആലോചിച്ചിരുന്നത്.
- കൂടുതൽ പേർക്ക് രോഗബാധ
ഓസ്ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ കൂടുതൽ പേർക്ക് കൊറോണബാധ സ്ഥിരീകരിച്ചു. ക്വീൻസ്ലാന്റിൽ നാലു പേർക്കും, വെസ്റ്റേൺ ഓസ്ട്രേലിയയിൽ അഞ്ചു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ന്യൂ സൗത്ത് വെയിൽസിലെ ഓറഞ്ചിൽ മുന്നു പേർക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
- വിക്ടോറിയയിൽ പൊതുസമൂഹത്തിൽ പടർന്നുതുടങ്ങി
വിക്ടോറിയയിൽ പൊതുസമൂഹത്തിനുള്ളിൽ രോഗം പടരുന്നത് സ്ഥിരീകരിച്ചു. ആകെ ഒമ്പതു പേർക്കാണ് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ സമീപകാലത്ത് വിദേശയാത്ര ചെയ്തിട്ടോ, രോഗബാധയുള്ള മറ്റുള്ളവരുമായി സമ്പർക്കത്തിൽ വന്നിട്ടോ ഇല്ല.
- ഒരു സ്കൂൾ കൂടി അടച്ചു
ന്യൂ സൗത്ത് വെയിൽസിലെ കട്ടൂംബയിൽ രോഗബാധ സ്ഥിരീകരിച്ചതോടെ കട്ടൂംബ ഹൈസ്കൂൾ അടച്ചിട്ടു. ന്യൂ സൗത്ത് വെയിൽസിൽ 14 പേർക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതോടെ ആകെ രോഗബാധിതർ 92 ആയി
- വിർജിൻ ഓസ്ട്രേലിയ യാത്രക്കാർ നിരീക്ഷണത്തിൽ
വിർജിൻ ഓസ്ട്രേലിയ വിമാനത്തിലെ ഒരു ജീവനക്കാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഗോൾഡ് കോസ്റ്റിൽ നിന്ന് സിഡ്നിയിലേക്കുള്ള വിമാനത്തിൽ ഈ ജീവനക്കാരി ജോലി ചെയ്തിരുന്നു.
- ഫ്ലൈറ്റ് സെന്റർ ഓഫീസുകൾ പൂട്ടുന്നു
വിമാന ടിക്കറ്റ് ബുക്കിംഗ് കമ്പനിയായ ഫ്ലൈറ്റ് സെന്റർ 100 ഓഫീസുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചു. സാമ്പത്തികമായി ലാഭകരമല്ലാത്ത കേന്ദ്രങ്ങളാണ് അടച്ചുപൂട്ടുന്നത്.