ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങളിൽ വീണ്ടും കൊവിഡ് ബാധ പടരുകയാണ്. വൈറസ്ബാധ ഒഴിഞ്ഞതോടെ ജീവിതം സാധാരണ നിലയിലേക്ക് മാറി തുടങ്ങിയിരുന്ന നാല് തലസ്ഥാന നഗരികൾ ഇപ്പോൾ ലോക്ക്ഡൗണിലാണ്.
ഗ്രേറ്റ് സിഡ്നി, ക്വീൻസ്ലാന്റിന്റെ വിവിധ പ്രദേശങ്ങൾ, ഡാർവിൻ, ആലീസ്സ്‌പ്രിംഗ്‌സ്, പെർത്ത്-പീൽ പ്രദേശം എന്നിവിടങ്ങളാണ് ലോക്ക്ഡൗൺ ചെയ്തിരിക്കുന്നത്.
ഓസ്‌ട്രേലിയയിൽ വിവിധ സംസ്ഥാനങ്ങളിലായി ബുധനാഴ്ച ഒറ്റ ദിവസം 35 കേസുകളാണ് സ്ഥിരീകരിച്ചത്.
സൗത്ത് ഓസ്‌ട്രേലിയ
കഴിഞ്ഞ നവംബറിന് ശേഷം ഇതാദ്യമായി സൗത്ത് ഓസ്‌ട്രേലിയയിൽ പ്രാദേശിക ബാധ സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് പുതുതായി അഞ്ച് കേസുകൾ കണ്ടെത്തി. ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇവരെ മെഡി ഹോട്ടലിൽ ക്വാറന്റൈൻ ചെയ്തു. നോർത്തേൺ ടെറിട്ടറിയിലെ ഖനിയുമായി ബന്ധപ്പെട്ട രോഗബാധയാണിത്.
30 വയസിന് മേലുള്ള ഒരു ഖനി ജീവനക്കാരനും, അദ്ദേഹത്തിന്റെ ഭാര്യക്കും പത്ത് വയസ്സിൽ താഴെയുള്ള ഇവരുടെ മൂന്ന് കുട്ടികൾക്കുമാണ് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നാൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ നടപ്പാക്കുന്നില്ലെന്ന് പ്രീമിയർ സ്റ്റീവൻ മാർഷൽ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പത്ത് പേർക്ക് മാത്രമേ ഒരു വീട് സന്ദർശിക്കാൻ അനുവാദമുള്ളൂ.
കൂടാതെ സ്വകാര്യ സേവനങ്ങളിൽ മാസ് നിർബന്ധമാക്കി. പൊതുയിടങ്ങളിലും മാസ്ക് ധരിക്കണമെന്നാണ് നിർദ്ദേശിക്കുന്നതെന്നും പ്രീമിയർ അറിയിച്ചു. ഏജ്ഡ് കെയർ കേന്ദ്രങ്ങളിലും ആശുപത്രികളിലുമെല്ലാം കഴിഞ്ഞ ദിവസം തന്നെ മാസ്ക് നിര്ബന്ധമാക്കിയിരുന്നു.
കഴിയുന്നതും പേർ വീടുകളിൽ ഇരുന്നു ജോലി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂ സൗത്ത് വെയിൽസ്
ന്യൂ സൗത്ത് വെയിൽസിൽ 22 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതിൽ 11 കേസുകളും ഐസൊലേഷനിലാണെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.
ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 171 ആയി. ബോണ്ടായ് ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം കൂടിയതോടെ ഗ്രെയ്റ്റർ സിഡ്നി മേഖല ശനിയാഴ്ച മുതൽ ലോക്ക്ഡൗൺ ചെയ്തിരിക്കുകയാണ്.
വിക്ടോറിയ
വിക്ടോറിയയിലും ഒരു കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രോഗബാധയുള്ള ആളുമായി സമ്പർക്കം പുലർത്തിയയാൾക്കാണ് രോഗം. വൈറസ് ബാധിച്ചതുമുതൽ ഇയാൾ ഐസൊലേഷനിൽ കഴിയുകയായിരുന്നെന്ന് സർക്കാർ അറിയിച്ചു.
എപ്പിംഗിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിന് കാപ്പ വകഭേദം സ്ഥിരീകരിച്ചിരുന്നു. ഈ വ്യക്തിയുമായി സമ്പർക്കം പുലർത്തിയതാണ് പുതിയ കേസ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗബാധ പടരുന്നതിനാൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നത് താത്കാലികമായി നിർത്തിവയ്ക്കുമെന്ന് ആരോഗ്യ മന്ത്രി മാർട്ടിൻ ഫോളി അറിയിച്ചു. ജൂലൈ ഒന്ന് മുതൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നടപ്പാക്കാനായിരുന്നു സർക്കാരിന്റെ പദ്ധതി.
നോർത്തേൺ ടെറിട്ടറി
നോർത്തേൺ ടെറിട്ടറിയിൽ ഇന്ന് പുതിയ കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആലിസ് സ്‌പ്രിംഗ്‌സ് മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗൺ ചെയ്തു.
സൗത്ത് ഓസ്‌ട്രേലിയയിലെ കൊവിഡ് ബാധിതനായയാൾ ആലിസ് സ്‌പ്രിംഗ്‌സ് വിമാനത്താവളത്തിൽ ആറ് മണിക്കൂർ ചിലവഴിച്ചിരുന്നു. ഇതേത്തുടർന്നാണ് ആലിസ് സ്‌പ്രിംഗ്‌സ് 72 മണിക്കൂറത്തെക്ക് ലോക്ക്ഡൗൺ ചെയ്തത്. ബുധനാഴ്ച (ഇന്ന്) ഉച്ചക്ക് ഒരു മണി മുതലാണ് ലോക്ക്ഡൗൺ.
നോർത്തേൺ ടെറിട്ടറിയിൽ കഴിഞ്ഞ ദിവസം നാല് പേർക്ക് വൈറസ്ബാധ സ്ഥിരീകരിച്ചതോടെ ഡാർവിനും പരിസരപ്രദേശങ്ങളും വെള്ളിയാഴ്ച വരെ ലോക്ക്ഡൗൺ ചെയ്തിരിക്കുകയാണ്.
ക്വീൻസ്ലാൻറ്
ക്വീൻസ്‌ലാന്റിൽ മൂന്ന് പുതിയ കേസുകൾ സ്ഥിരീകരിച്ചു. 19 കാരിയായ ആശുപത്രി ജീവനക്കാരിക്ക് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ക്വീസ്ലാന്റിന്റെ വിവിധ ഭാഗങ്ങൾ ലോക്ക്ഡൗൺ ചെയ്തിരിക്കുകയാണ്.
ഇതിന് പിന്നാലെയാണ് മൂന്ന് പുതിയ കേസുകൾ കൂടി ബുധനാഴ്ച സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം കണ്ടെത്തിയ ആശുപത്രി ജീവനക്കാരിയുടെ സഹോദരനാണ് രോഗം ബാധിച്ചവരിൽ ഒരാളെന്ന് ഡെപ്യൂട്ടി പ്രീമിയർ സ്റ്റീവൻ മൈൽസ് അറിയിച്ചു. ഇതേതുടർന്ന് ഷോൺക്ലിഫിലെ സെയ്ന്റ് പാട്രിക്‌സ് കോളേജിലെ വിദ്യാർത്ഥിയാണ് ഇത്.
സംസ്ഥാനത്ത് രോഗബാധ കൂടിയതോടെ ക്വീൻസ്ലാന്റിൽ നിന്നെത്തുന്നവർ ന്യൂ സൗത്ത് വെയിൽസിൽ പ്രവേശിക്കണമെങ്കിൽ ബോർഡർ ഡിക്ലറേഷൻ പാസ് സമർപ്പിക്കണം. ഇതാദ്യമായാണ് ക്വീൻസ്ലാന്റിൽ നിന്നുള്ളവർക്ക് ന്യൂ സൗത്ത് വെയിൽസ് പാസ് ഏർപ്പെടുത്തുന്നത്.
വെസ്റ്റേൺ ഓസ്‌ട്രേലിയ
വെസ്റ്റേൺ ഓസ്‌ട്രേലിയയിലും ഒരു പ്രാദേശിക വൈറസ്ബാധ സ്ഥിരീകരിച്ചു. 37 വയസുള്ള ഒരു പുരുഷനാണ് രോഗം കണ്ടെത്തിയത്. ഇയാൾ ക്വാറന്റൈനിൽ കഴിയുകയായിരുന്നെന്ന് പ്രീമിയർ മാർക്ക് മക് ഗവൻ അറിയിച്ചു.
ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം നാലായി. പെർത്ത് പീൽ പ്രദേശങ്ങൾ ഇപ്പോൾ നാല് ദിവസത്തെ ലോക്ക്ഡൗണിലാണ്.