ന്യൂ സൗത്ത് വെയിൽസിൽ 633 പുതിയ പ്രദേശിക കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
ഇതുവരെ സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്ന ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണിത്.
- NSWൽ പ്രതിദിന രോഗബാധ ആദ്യമായി 500 കടന്നു
- മെൽബണിൽ രാത്രി ഗതാഗതം കൂടുതൽ നിയന്ത്രണത്തിൽ
- ACT യിൽ പുതിയതായി 22 കൊവിഡ് കേസുകൾ
സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന ഒരാളിൽ നിന്ന് ഒന്നിലധികം ആളുകളിലേക്ക് രോഗം പടരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ ചൂണ്ടിക്കാട്ടി.
ഇത് ഗുരുതരമായ സാഹചര്യമാണെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് എന്ന നിർദ്ദേശം പാലിക്കുന്നത് ഈ സാഹചര്യത്തിൽ നിർണ്ണായകമാണെന്നും പ്രീമിയർ പറഞ്ഞു.
കൊവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്ന മെറിലാന്റ്സ്, ഓബൺ, ഗ്രീനേക്കർ, സെന്റ് മേരീസ്, സ്ട്രാത്ഫീൽഡ് എന്നീ പ്രദേശങ്ങളിലുള്ളവർ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് പ്രീമിയർ മുന്നറിയിപ്പ് നൽകി.
കൊവിഡ് ബാധിച്ച് ലിവർപൂൾ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന തെക്കുപടിഞ്ഞാറൻ സിഡ്‌നിയിലുള്ള 60 വയസിന് മുകളിൽ പ്രായമുള്ള ഒരാൾ മരിച്ചു.
പടിഞ്ഞാറൻ സിഡ്‌നിയിൽ നിന്നുള്ള 70 വയസിന് മുകളിൽ പ്രായമുള്ള രണ്ട് പുരുഷന്മാർ നേപ്പിയൻ ആശുപത്രിയിൽ മരിച്ചു.
പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 62 പേർ സമൂഹത്തിൽ സജീവമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. 447 പേരുടെ ഐസൊലേഷൻ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച്ച രാത്രി എട്ടു മണിവരെയുള്ള കണക്കുകളാണ് ഇത്.
രോഗബാധ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന് വാക്‌സിനേഷൻ സ്വീകരിക്കാൻ കൂടുതൽ പേർ മുന്നോട്ട് വരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വിക്ടോറിയ
വിക്ടോറിയയിൽ തുടർച്ചയായി രണ്ടാം ദിവസം 24 പ്രാദേശികമായുള്ള കൊവിഡ് രോഗം സ്ഥിരീകരിച്ചു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ 20 പേർ നിലവിലുള്ള രോഗബാധയുമായി ബന്ധമുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കി.
ഇതിൽ 18 പേർ രോഗം പടരാൻ സാധ്യതയുള്ള സമയത്ത് ഐസൊലേഷനിൽ ആയിരുന്നവെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. സംസ്ഥാനത്ത് നടത്തിയ 39,832 പരിശോധനകളിൽ നിന്നാണ് ഈ കണക്കുകൾ.

മെൽബണിൽ രാത്രി 9 മുതൽ രാവിലെ 5 വരെ കർഫ്യു നിലിവിലുണ്ട്. ശനിയാഴ്ചകളിൽ രാവിലെ ഒരുമണി മുതൽ രാവിലെ അഞ്ചു വരെയും ഞായറാഴ്ചകളിൽ രാവിലെ ഒരുമണി മുതൽ രാവിലെ ആറുമണി വരെയും ട്രെയിനുകൾ, ട്രാമുകൾ കൂടാതെ ബസുകളും പ്രവർത്തിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. മെൽബണിലെ ലോക്ക്ഡൗൺ അവസാനിക്കുന്ന സെപ്റ്റംബർ രണ്ടാം തീയതി വരെയാണ് ഇത് ബാധകം.
വിക്ടോറിയയിൽ നിലവിൽ 246 കൊവിഡ് രോഗികൾ ഉണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് സമ്പർക്ക പട്ടികയിൽ 520 ഇടങ്ങളാണ് ഇതുവരെ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതെ സമയം പ്ലെഗ്രൗണ്ടുകൾ നിർബന്ധമായും അടക്കാനുള്ള തീരുമാനത്തോട് യോജിക്കുന്നില്ലെന്ന് സംസ്ഥാന പോലീസ് യൂണിയൻ മേധാവി പറഞ്ഞു.
ദീർഘകാലത്തേക്ക് ഇത്തരം നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് പോലീസിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുള്ളതായി പോലീസ് അസോസിയേഷൻ വിക്ടോറിയ സെക്രട്ടറി വെയ്ൻ ഗാറ്റ് പറഞ്ഞു.
പ്ലെഗ്രൗണ്ടുകളിൽ പോലീസുകാർക്ക് ഈ നടപടി സ്വീകരിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മെൽബണിൽ ഡെൽറ്റ വകഭേദം നിയന്ത്രണത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്ലെഗ്രൗണ്ടുകൾ, ബാസ്കറ്റ്ബോൾ കോർട്ടുകൾ, സ്കെയ്റ്റ് പാർക്കുകൾ, വ്യായാമത്തിനായുള്ള ഉപകരണങ്ങൾ എന്നിവ അടക്കുമെന്ന് വിക്ടോറിയൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
വിക്ടോറിയയിൽ 10 വയസിന് താഴെ പ്രായമുള്ള 50 കുട്ടികളിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരു കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ 'സ്റ്റേബിൾ' ആണെന്ന് അധികൃതർ പറഞ്ഞു.
ACT യിൽ പുതിയ 22 കേസുകൾ
ACT യിൽ പുതിയതായി 22 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ടെറിട്ടറിയിലെ രോഗബാധ 67 ലേക്ക് ഉയർന്നു.
നിലവിലുള്ള കേസുകളുമായി ബന്ധമുള്ളതാണ് പുതിയ കേസുകളെന്ന് അധികൃതർ സ്ഥിരീകരിച്ചു. 12,500 പേർ നിലവിൽ ക്വാറന്റൈൻ ചെയ്യുകയാണ്.

