മെൽബണിൽ കോവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് കോവിഡ് ബാധയിൽ നേരിയ കുറവ് വന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചത്.
ഇളവുകൾ വ്യാഴാഴ്ച അർധരാത്രി മുതൽ നടപ്പാക്കുമെന്ന് ആക്‌ടിംഗ് പ്രീമിയർ ജെയിംസ് മെർലിനോ അറിയിച്ചു.
ഇളവുകൾ ഇങ്ങനെ:
- മെൽബണിലുള്ളവർക്ക് 25 കിലോമീറ്റർ പരിധിയിൽ മാത്രമേ യാത്ര ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളു. എന്നാൽ ഇനി പരിധി ബാധകമല്ല.
- വീടുകളിൽ ദിവസം രണ്ട് പേർക്കും അവരുടെ ആശ്രിതർക്കും വരെ സന്ദർശനം നടത്താം
- പൊതുയിടങ്ങളിൽ ഒത്തുചേരാവുന്നവരുടെ എണ്ണം 20 ആക്കി. നിലവിൽ ഇത് 10 ആണ്.
- ജിമ്മുകൾ, കെട്ടിടത്തിനകത്തുള്ള വിനോദങ്ങൾ, ഇലക്ട്രോണിക് ഗെയ്മിംഗ്
തുടങ്ങിയവ തുറന്നു പ്രവർത്തിക്കാം. - ഹോസ്പിറ്റാലിറ്റി മേഖലകളിൽ 25 പേർക്ക് വരെ പ്രവേശിക്കാം
- തൊഴിലിടങ്ങിലേക്ക് 50 ശതമാനം പേർക്ക് തിരിച്ചെത്താം. എന്നാൽ വീടുകളിൽ ഇരുന്നു ജോലി ചെയ്യാവുന്നവർ അത് തുടരണമെന്ന് സർക്കാർ അറിയിച്ചു
- കെട്ടിടത്തിന് പുറത്ത് ഒന്നര മീറ്റർ അകലം പാലിക്കാൻ കഴിയുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമല്ല. അതേസമയം കെട്ടിടത്തിനകത്ത് മാസ്ക് ധരിക്കേണ്ടതാണ്
മഞ്ഞുമലയിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർ യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തേണ്ടതാണ്.
വിക്ടോറിയയുടെ ഉൾപ്രദേശങ്ങളിലും നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു.
- വീടുകളിൽ ദിവസം അഞ്ച് പേർക്ക് സന്ദർശനം നടത്താം
- പൊതുയിടങ്ങളിൽ 50 പേർക്ക് ഒത്തുചേരാം
- റെസ്റ്റോറന്റുകളിലും കഫെകളിലും 300 പേർക്ക് പ്രവേശിക്കാം
- മതപരമായ ചടങ്ങുകൾക്ക് 300 പേർക്ക് ഒത്തുചേരാം
- മരണാന്തര ചടങ്ങുകൾക്ക് 100 പേർ
- വിവാഹങ്ങൾക്ക് 50 പേർ
- തൊഴിലിടങ്ങളിൽ 75 ശതമാനം പേർക്ക് തിരിച്ചെത്താം
സംസ്ഥാനത്ത് മൂന്ന് പുതിയ പ്രാദേശിക രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്. നിലവിലുള്ള രോഗബാധയുമായി ബന്ധമുള്ളതാണ് ഇവയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.