വിക്ടോറിയയിലെ പുതിയ കൊവിഡ് ബാധ കൂടുതൽ വ്യാപകമാകുന്നതിനിടെ, ഓസ്ട്രേലിയയിൽ കൊവിഡ് വാക്സിനേഷൻ നിരക്ക് കാര്യമായ തോതിൽ ഉയരുകയാണെന്ന് സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ എട്ടര ലക്ഷത്തോളം ഡോസ് വാക്സിനാണ് നൽകിയതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി പറഞ്ഞു.
ഇതോടെ രാജ്യത്ത് ഇതുവരെ നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം 50 ലക്ഷം കടന്നിട്ടുണ്ട്.
ആസ്ട്രസെനക്ക വാക്സിനെക്കുറിച്ചുള്ള ആശങ്കകളും, ഫൈസർ വാക്സിന്റെ ലഭ്യതക്കുറവും കാരണം ആദ്യഘട്ടത്തിൽ വാക്സിനേഷൻ നിരക്ക് കുറവായിരുന്നു.
എന്നാൽ, കഴിഞ്ഞ ഒമ്പതു ദിവസം കൊണ്ട് പത്തു ലക്ഷം ഡോസ് വാക്സിനാണ് നൽകിയത്.
ആദ്യ പത്തു ലക്ഷം ഡോസ് വാക്സിനുകൾ നൽകാൻ 47 ദിവസമാണ് വേണ്ടിവന്നതെന്നും, അവിടെ നിന്നാണ് ഇത്രയും വേഗതയിലേക്ക് എത്താൻ കഴിഞ്ഞതെന്നും വാക്സിനേഷൻ പ്രക്രിയയുടെ ഏകോപനച്ചുമതലയുള്ള കോമഡോർ എറിക് യംഗ് പറഞ്ഞു.
ഏപ്രിൽ ആദ്യവാരത്തോടെ 40 ലക്ഷം ഡോസ് വാക്സിൻ നൽകണമെന്നായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ മേയ് അവസാനവാരം മാത്രമാണ് ഇതിലേക്ക് എത്താൻ കഴിഞ്ഞത്.
വരും ദിവസങ്ങളിൽ വാക്സിനേഷൻ നിരക്ക് ഇനിയും കൂടുമെന്നും എറിക് യംഗ് അറിയിച്ചു.
രാജ്യത്തേക്ക് കൂടുതൽ വാക്സിൻ ഡോസുകൾ എത്തുന്നതും, വാക്സിൻ നൽകുന്നതിനുള്ള പട്ടിക വിപുലപ്പെടുത്തിയതുമാണ് ഇനിയുള്ള ദിവസങ്ങളിൽ വേഗത കൂടാൻ കാരണം.
ജൂൺ 8 ചൊവ്വാഴ്ച മുതൽ കൂടുതൽ വിഭാഗങ്ങൾക്ക് വാക്സിൻ ലഭിക്കാൻ അർഹതയുണ്ടാകുമെന്ന് കഴിഞ്ഞയാഴ്ച ചേർന്ന ദേശീയ ക്യാബിനറ്റ് അറിയിച്ചിരുന്നു.
ഈ വിഭാഗങ്ങൾക്കാണ് ചൊവ്വാഴ്ച മുതൽ വാക്സിനേഷന് അർഹതയുണ്ടാകുക:
- 40 വയസിനു മേൽ പ്രായമുള്ള എല്ലാവരും
- 16 വയസിനു മേൽ പ്രായമുള്ള എല്ലാ ആദിമവർഗ്ഗ വിഭാഗക്കാരും
- NDIS പദ്ധതിയിലുള്ള 16 വയസിനുമേൽ പ്രായമുള്ള എല്ലാവരും, ഇവരെ പരിചരിക്കുന്നവരും
- താൽക്കാലിക വിസകളിലുള്ള 50 വയസിൽ താഴെയുള്ളവർ - ഇവർക നിലവിൽ ഓസ്ട്രേലിയയിലുണ്ടാകുകയും, വീണ്ടും തിരിച്ചെത്താൻ പ്രത്യേക ഇളവ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ മാത്രം.
50 വയസിനു മേൽ പ്രായമുള്ളവർക്കും, ആരോഗ്യം, അതിർത്തിരക്ഷ, ക്വാറന്റൈൻ തുടങ്ങിയ മേഖലകളിലുള്ള മറ്റെല്ലാവർക്കുമായിരുന്നു ഇതുവരെ വാക്സിനേഷന് അർഹത.
40 വയസിനു മേൽ പ്രായമുള്ളവർ താൽപര്യം രേഖപ്പെടുത്തിയാൽ ലഭ്യതയ്ക്കനുസരിച്ച് വാക്സിൻ നൽകുമായിരുന്നു.
ഇതാണ് 40 വയസിനു മേൽ പ്രായമുള്ള എല്ലാവർക്കും വാക്സിനേഷന് അർഹതയുണ്ടാകും എന്ന രീതിയിൽ മാറ്റിയത്. ചൊവ്വാഴ്ച മുതൽ 40 വയസിനു മേൽ പ്രായമുള്ളവർക്ക് ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ നിന്ന് വാക്സിനേഷനായി ബുക്ക് ചെയ്യാൻ കഴിയും.
ഫൈസർ വാക്സിനാകും 40നും 50നും ഇടയിൽ പ്രായമുള്ളവർക്ക് ലഭിക്കുക.
സാംപിൾപരിശോധനയ്ക്ക് ശേഷം ഈയാഴ്ച എട്ടു ലക്ഷം ഡോസ് ഫൈസർ വാക്സിൻ കൂടി TGA അനുവദിക്കും.
അഞ്ചു ലക്ഷം ഡോസ് ഫൈസർ വാക്സിൻ കൂടി ഈയാഴ്ച രാജ്യത്തേക്ക് എത്തുകയും ചെയ്യും.